മഴയെത്തിയതോടെ തേക്കടി തടാകം മനോഹരിയായി

മഴയെത്തിയതോടെ ജലനിരപ്പുയര്‍ന്ന തേക്കടി തടാകം കൂടുതല്‍ മനോഹരിയായി. മഴയെ അവഗണിച്ചും സഞ്ചാരികള്‍ തേക്കടിയിലേക്ക് ഒഴുകുകയാണ്. തേക്കടി കനാല്‍ ശുചീകരണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് രണ്ടാഴ്ചയിലധികം നിര്‍ത്തിവെച്ചത് തേക്കടി തടാകത്തിനും ബോട്ട് സവാരിക്കും ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.

വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. 112 അടിയായിരുന്ന ജലനിരപ്പ് വ്യാഴാഴ്ച 113 അടിയായി വര്‍ധിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 100 ഘന അടിയാണ്.

അണക്കെട്ടില്‍ നിലവില്‍ 1376 മില്യണ്‍ ഘന അടി ജലമാണ് സംഭരിച്ചിരിക്കുന്നത്. വൃഷ്ടിപ്രദേശമായ പെരിയാറില്‍ 6.4 ഉം തേക്കടിയില്‍ 10 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴ തുടങ്ങിയെങ്കിലും തേക്കടിയിലേക്ക് സഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ കടുത്ത ചൂടില്‍നിന്ന് ആശ്വാസം തേടി നിരവധി അറബികള്‍ കുടുംബസമേതം തേക്കടിയിലെത്തുന്നുണ്ട്.

തേക്കടിയുടെ മനോഹാരിത മഴക്കൊപ്പം ആസ്വദിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും കുടുംബവും വ്യാഴാഴ്ച തേക്കടിയിലെത്തിയിരുന്നു. തേക്കടിയിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്ന അദ്ദേഹം കെ.ടി.ഡി.സിയുടെ പ്രത്യേക ബോട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തേക്കടി തടാകത്തില്‍ സവാരി നടത്തി.

തേക്കടിയിലേക്ക് റോഡ് വഴി
വിവിധ നഗരങ്ങളില്‍ നിന്നും തേക്കടിയിലേക്ക് റോഡ് മാര്‍ഗം സുഗമമായി എത്തിച്ചേരാം. കൊച്ചിയില്‍ നിന്നും 165 കി.മ, മൂന്നാറില്‍ നിന്നും 90 കി.മീ, കോട്ടയത്തു നിന്നും 108 കി.മീ എന്നിങ്ങനെയാണ് ദൂരം. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ഡീലക്സ് ബസ്സുകളും തേക്കടിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

തേക്കടിയിലേക്ക് റെയില്‍ മാര്‍ഗം
കോട്ടയം റെയില്‍വേ സ്റ്റേഷനാണ് തേക്കടിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ (114 കി.മീ). രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ലോക്കല്‍ ട്രെയിനുകളെല്ലാം കോട്ടയം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്റ്റേഷനില്‍ നിന്നും തേക്കടിയിലെത്താന്‍ ടാക്സികളെയോ ബസുകളെയോ ആശ്രയിക്കാം.

തേക്കടിയിലേക്ക് വിമാനമാര്‍ഗം
തേക്കടിക്ക് ഏറ്റവും അടുത്ത വിമാനത്താവളം മധുര വിമാനത്താവളമാണ് (136 കി.മീ). മറ്റൊരു വിമാനത്താവളം കൊച്ചി നെടുമ്പാശേരി വിമാനത്താവളമാണ് (190 കി.മീ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.