UPPALA

കാസർകോട് ജില്ലയിലെ പ്രൈമറി സ്കൂളിലെ ആർട്സ് ഡേയാണ് വേദി. കുരുന്നുകളുടെ പാട്ടും പ്രസംഗവും ഇടയ്ക്കുള്ള മൈക്ക് അനൗൺസ്മെന്റും എല്ലാം റോഡിലിരുന്നും നന്നായി കേൾക്കാം. ഉച്ചത്തിൽ കേട്ടിട്ടും എന്താണ് പറയുന്നത് എന്ന് അത്ര വ്യക്തമല്ല. കേൾക്കാനുള്ള കൗതുകത്തിൽ വേദിക്കടുത്തേക്ക് അൽപം നീങ്ങി. ഭാഷയാണ് പ്രശ്നമെന്ന തിരിച്ചറിവുവന്നത് അപ്പോഴാണ്. കേട്ടുപരിചയിച്ച വാക്കുകളല്ല ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്നത്. ഉർദു ഭാഷയിലാണ് കുരുന്നുകളുടെ പാട്ടും പ്രസംഗവുമെല്ലാം അരങ്ങുതകർക്കുന്നത്. വാതിൽപടിയിൽനിന്ന് വേദിയിലും സദസ്സിലുമുള്ളവരുടെ മുഖത്തേക്ക് ഒന്ന് കണ്ണോടിച്ചു. മലയാളിക്കത്ര പരിചിതമല്ലാത്ത വേഷവും സംഭാഷണവും.

മലയാളനാട്ടിലെ ഉർദു തുരുത്തിൽനിന്നാണ് ഈ കാഴ്ചയും വിശേഷങ്ങളും. കേരളത്തിന്റെ വടക്കേയറ്റത്തെ ജില്ലയായ കാസർകോട് സപ്തഭാഷ സംഗമഭൂമിയായാണ് അറിയപ്പെടുന്നത്. ഏഴല്ല അതിലപ്പുറമാണ് ഇവിടെയുള്ള ഭാഷകളെന്നതാണ് യാഥാർഥ്യം. കേരളത്തിലെ ഉർദു ഗ്രാമമാണ് കാസർകോട് ജില്ലയിലെ ഉപ്പള. ഉർദു മാതൃഭാഷയായി സ്വീകരിച്ച ആയിരക്കണക്കിന് പേർ ഒന്നിച്ച് കഴിയുന്ന ദേശം. ഭാഷയും ചരിത്രവും സംസ്കാരവും പഠിക്കുന്നവർക്ക് പ്രിയപ്പെട്ട നാട്.

കാസർകോട് നഗരത്തിൽനിന്ന് 40 മിനിറ്റ് സഞ്ചരിച്ചാൽ ഉപ്പളയിലെത്താം. ഉർദു സംസാരിക്കുന്ന, ഉർദു സ്റ്റൈലിൽ ജീവിക്കുന്ന വലിയൊരു ജനവിഭാഗം ഇവിടെയുണ്ട്. ഇവിടെയെത്തിയാൽ നിങ്ങൾ കാണുക ഉർദു സ്ഥലപ്പേരുകളും ഉർദു ബോർഡുകളും മാത്രമാവും. ശരിക്കും ഉത്തരേന്ത്യൻ ഗ്രാമത്തിലെത്തിയ പ്രതീതി.

കാസർകോട് എത്തിയാൽ കന്നടയിലും മലയാളത്തിലുമുള്ള ബോർഡുകൾ ധാരാളം കാണാം. സർക്കാർ ഓഫിസുകളിലും സർക്കാർ വാർത്താക്കുറിപ്പിലുമെല്ലാം കന്നടയുണ്ട്. എന്നാൽ, ഉപ്പളയിലെത്തിയാൽ സ്ഥിതി മാറും. സ്ഥലപ്പേരുകളിൽപോലുമുണ്ടാകും ഉർദു മയം. ഹനഫി ബസാർ, ഹിദായത്ത് നഗർ, ഫിർദൗസ് നഗർ എന്നിങ്ങനെ പോകുന്നു സ്ഥലപ്പേരുകൾ. കാസർകോട് ജില്ലയിൽ ഉർദു സംസാരിക്കുന്ന മിക്കവരും ഉപ്പള കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. ഇസ്‍ലാമിൽ ഹനഫി മദ്ഹബ് പിൻപറ്റുന്നവരാണ് ഇവർ. ഹനഫികൾ എന്നും ദഖ്നികൾ എന്നും ഇവർ അറിയപ്പെടുന്നു. ശുദ്ധ ഉർദുവിൽനിന്ന് അൽപം വ്യത്യസ്തമാണ് ഇവരുടെ സംസാരഭാഷ.

പുറത്തിറങ്ങിയാൽ മലയാളവും ഉർദുവും സംസാരിക്കുന്നവരാണ് ചിലർ. വീടുകളിലാണ് ഉർദുഗ്രാമത്തിന്റെ പരിപൂർണത കാണാനാവുക. ഉർദു മാത്രം സംസാരിക്കുന്നവർ. മൂക്കുകുത്തിയ സ്ത്രീകൾ. തീന്മേശയിലും ഉർദു ടച്ച്. ഗസൽ ആസ്വാദകർ. വീടുകളുടെ രൂപകൽപനയിൽ പോലും ഉർദു നാടിന്റെ സമാനതകൾ കാണാം.

നൂറ്റാണ്ടുകൾക്കുമുമ്പ് കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ് ഇവരുടെ പൂർവികർ. കേരളം പിറന്നപ്പോൾ കുറെപേർ നാട്ടിലേക്ക് തിരിച്ചു. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലും ഉഡുപ്പിയിലും സമീപ ജില്ലയെന്ന നിലക്ക് കാസർകോട് ഉപ്പളയിലുമാണ് ഇപ്പോൾ ഉർദു മാതൃഭാഷയായുള്ള വലിയൊരു വിഭാഗം കഴിയുന്നത്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങി പലയിടത്തും ഹനഫികൾ ഉണ്ടെങ്കിലും ഉർദു സംസ്കാരം പൂർണമായും ഉൾക്കൊള്ളുന്നവർ ഉപ്പളയിൽ മാത്രമാണുള്ളതെന്നാണ് തഹ്‍രീകെ ഉർദു കേരള സംസ്ഥാന ജനറൽ സെക്രട്ടറി അസീം മണിമുണ്ട പറയുന്നത്.

ഉപ്പള ടൗണിലെ അഹ്‌ലെ സുന്നത്ത് ഹനഫി ജാമിഅ മസ്ജിദ്

ഇരുപതിനായിരത്തോളം പേർ

കാസർകോട് ഭാഷകളുടെ എണ്ണം കൂടും. ലിപിയുള്ളതും ഇല്ലാത്തതുമായ അനേകം ഭാഷകളുടെ നാട്. ഉപ്പള ടൗണിലെ അഹ്‌ലെ സുന്നത്ത് ഹനഫി ജാമിഅ മസ്ജിദാണ് ഹനഫികളുടെ മത-വൈജ്ഞാനിക കേന്ദ്രം. നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ പള്ളി. ഈ ജമാഅത്തിനു കീഴിൽ നാലായിരത്തോളം കുടുംബങ്ങളിലായി 20,000ത്തോളം പേരുണ്ട്. ഉർദു മാതൃഭാഷയായുള്ളവരാണ് ഇവർ എന്നർഥം. ഈ പ്രധാന പള്ളിക്കു കീഴിലായി വിവിധയിടങ്ങളിലായി പത്തിലധികം പള്ളികൾ വേറെയുമുണ്ട്. 20 മദ്റസകൾ. രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ. സർക്കാർ സ്കൂളിലാണ് ഇവരുടെ കുട്ടികൾ പോവുന്നതെങ്കിൽ കന്നട മീഡിയമാണ് അധികപേരും തിരഞ്ഞെടുക്കുക. കന്നടയറിഞ്ഞിട്ടല്ല മലയാളം ഒട്ടും വഴങ്ങാത്തതിനാൽ. ഭാഷയുടെ പ്രശ്നം കാരണം പലരും ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു. ഇവർക്ക് സ്വന്തമായി സർക്കാർ സ്കൂളുണ്ടെന്ന പ്രത്യേകത കൂടിയുണ്ട്. കുറിച്ചിപ്പള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്കൂൾ. ഹനഫി മസ്ജിദ് പരിപാലന കമ്മിറ്റിക്കു കീഴിൽ 1890ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. പതിറ്റാണ്ടുകളോളം കമ്മിറ്റിക്കു കീഴിലായിരുന്നു. നടത്തിക്കൊണ്ടുപോകാൻ കഴിയാതെവന്നപ്പോൾ 1968ൽ സ്കൂൾ സംസ്ഥാന സർക്കാറിന് കൈമാറി. ഒന്നാം ക്ലാസ് മുതൽ ഉർദു പഠിപ്പിക്കുന്ന സംസ്ഥാനത്തെ ഒരേയൊരു സ്കൂളാണ് കുറിച്ചിപ്പള്ളയിലെ ഗവ. ഹിന്ദുസ്ഥാനി യു.പി സ്കൂൾ.

എഴുത്തും വായനയും

മലയാളപത്രങ്ങൾക്കുപുറമെ കന്നട പത്രങ്ങൾക്ക് ഇന്നും ഏറെ വായനക്കാരുണ്ട് കാസർകോട് ജില്ലയിൽ. ഉപ്പള മേഖലയിൽ ഉർദു പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടുത്തകാലം വരെ യഥേഷ്ടം വന്നുകൊണ്ടിരുന്നു. ബാംഗ്ലൂരിൽനിന്ന് ഇറങ്ങുന്ന നശെമൻ, നയി ദുനിയ, സാലാർ എന്നീ ആഴ്ചപ്പതിപ്പുകൾക്ക് ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നുവെന്ന് 2007 മുതൽ 2011വരെ ഉർദുപത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ച മുഹമ്മദ് അസീം സാക്ഷ്യപ്പെടുത്തുന്നു. പത്ര ഏജൻസിപ്പണി നിലച്ചപ്പോൾ തപാൽ വഴിയായി ആഴ്ചപ്പതിപ്പുകളുടെ വരവ്. പിന്നീട് അതും നിലച്ചു. ഇപ്പോൾ ചില വീടുകളിൽ ഉർദു മാഗസിനുകൾ വരുന്നുണ്ട്. ഉർദുവിനോടുള്ള അഭിനിവേശം കുറഞ്ഞതല്ല, മറിച്ച് വായനസംസ്കാരത്തിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്ന് ഇവർ പറയുന്നു. ടെലിവിഷനിൽ ഉർദു വാർത്തകൾ മാത്രം കാണുന്ന ഒരുപാട് വീടുകൾ ഇന്നുമുണ്ട്. റേഡിയോയിലും ഉർദുവിശേഷങ്ങൾ കേൾക്കുന്നു. പ്രാദേശികമായി ഉർദു ലൈബ്രറി ഉപ്പളയിൽ സജീവമായി ഇന്നും തലയുയർത്തി നിൽക്കുന്നു.

ഭാഷയിലും വേഷത്തിലുമെല്ലാം ഉള്ള മാറ്റം ഇവരുടെ ഭക്ഷണത്തിലുമുണ്ട്. പച്ചരിയുടെ ഭക്ഷണമാണ് മുഖ്യം. തേങ്ങയരച്ച കറി ഭക്ഷണമായി നിർബന്ധം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും എല്ലാം ശേഷം മധുരം കഴിക്കുന്ന ശീലമുണ്ട്. പായസം പോലുള്ള മധുരവും മിക്ക വീടുകളിലുമുണ്ടാവും. വിശേഷ ദിവസങ്ങളിലെല്ലാം മൈലാഞ്ചിയണിയുന്നതാണ് മറ്റൊരു രീതി.

കുറിച്ചിപ്പള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്കൂൾ 

കപ്പൽ ജോലിയും കല്യാണവും

ടിപ്പുസുൽത്താന്റെ പടത്തലവന്മാരാണ് ഇവരുടെ പൂർവികർ. ആ പാരമ്പര്യം കൊണ്ടോ എന്തോ കപ്പൽ ജോലിക്കാരാണ് ഇവരിലധികം. പിന്നെ ഗൾഫുകാരും കച്ചവടക്കാരും. വിവാഹത്തിന് വലിയ പ്രാധാന്യമാണ് ഇവർക്ക്. മൂന്നുദിവസത്തെ പരിപാടികൾ. ആദ്യ ദിവസം മെഹന്തി, രണ്ടാം ദിനം ശാദി, മൂന്നാം ദിവസം വലീമ. രണ്ടാം ദിവസമാണ് നിക്കാഹ് ഉൾപ്പെടെയുള്ള ചടങ്ങുകൾ. വധുവിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വരന്റെ വീട്ടിൽ നൽകുന്ന സൽക്കാരമാണ് വലീമ. ആട്ടിറച്ചിയാണ് സൽക്കാരങ്ങളിൽ കൂടുതൽ ഉപയോഗിക്കുക. കല്യാണപ്പാട്ടുകളിലെല്ലാം ഉർദുമയം. ഈദുൽ ഫിത്റിനും ബലിപെരുന്നാളിനും പുറമെ നബിദിനവും മുഹർറവും പ്രധാന ആഘോഷവേളയാണ്. പെരുന്നാൾ നമസ്കാരത്തിന് പുറത്തുനിന്ന് ആരെങ്കിലുമെത്തിയാൽ ഉത്തരേന്ത്യൻ സ്റ്റൈൽ നേരിട്ടുകാണാം. പൈജാമയും കുർത്തയും ധരിച്ചവരാണ് ബഹുഭൂരിഭാഗം പേരും. മുഹർറത്തിന് മതപ്രഭാഷണ പരമ്പരകൾ നടക്കും. ജുമുഅക്ക് ഖുതുബക്ക് പുറമെയുള്ള പ്രസംഗം പൂർണമായും ഉർദുവിൽ.

തെരഞ്ഞെടുപ്പ് വേളയിലാണ് ഏറെ രസകരമായ ചില വിശേഷങ്ങൾ. രാഷ്ട്രീയപാർട്ടികളുടെ മൈക്ക് അനൗൺസ്മെന്റ് ഈ വഴിയിലെത്തുമ്പോൾ ശുദ്ധ ഉർദു ഭാഷയിലേക്ക് മാറും. വിലപ്പെട്ട കനപ്പെട്ട സമ്മതിദാനാവകാശം ഈ ചിഹ്നത്തിൽ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനൗൺസ്മെന്റ് എഴുതി തയാറാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ ഉർദു ഗ്രാമത്തിലെത്തും. പോസ്റ്ററുകളും ബാനറുകളും തയാറാക്കാനും ഭാഷ കടംചോദിക്കും.

ഉർദു ദേശത്തിന്റെ പരിഭവങ്ങൾ

ഭാഷാ ന്യൂനപക്ഷമെന്ന നിലയിൽ ഏറെ അവഗണന നേരിടുന്ന വിഭാഗമാണ് ഇവർ. ഉർദു മാതൃഭാഷയായി സ്കൂൾ വിദ്യാഭ്യാസം ഇവർക്ക് ലഭ്യമല്ല. കുറിച്ചിപ്പള്ള ഗവ.ഹിന്ദുസ്ഥാനി യു.പി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഉർദു പഠിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരാധ്യാപകർ ആരുമില്ല. ഗെസ്റ്റ് അധ്യാപകരെയും കിട്ടാറില്ല. ഒന്നാം ക്ലാസ് മുതൽ ഉർദു ഒന്നാം ഭാഷയായി ഉണ്ട് എന്നല്ലാതെ പാഠപുസ്തകമോ സിലബസോ ഇല്ല. ഒരു സ്കൂളിനുവേണ്ടി എന്തു സിലബസ് ഉണ്ടാക്കാനാണ് എന്നാണ് തലസ്ഥാന നഗരിയിലുള്ളവരുടെ ആത്മഗതം. പണ്ടെങ്ങോ ആരോ ഉണ്ടാക്കിയ കുറെ പാഠങ്ങളുടെ പകർപ്പുകളുടെ ഫോട്ടോകോപ്പിയാണ് ഇവരുടെ പാഠപുസ്തകം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹനഫി പള്ളിക്ക് പൈതൃക പദവി ലഭിക്കുന്നതിന് പല സമിതികൾ വഴി ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഉർദു ഭാഷയുടെ പരിപോഷണം ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പിനു മുന്നിൽ നിവേദനങ്ങൾ ഏറെ പോയെങ്കിലും ഒന്നുമുണ്ടാവുന്നില്ല. സർക്കാർ ജോലിയിൽ ഉർദു മാതൃഭാഷയായിട്ടുള്ളവർക്ക് സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ എൽ.ഡി ക്ലർക്ക്, അധ്യാപക ജോലികളിൽ കന്നട, മലയാളം മീഡിയം വിഭാഗത്തിൽ പ്രത്യേകം അപേക്ഷ പി.എസ്.സി ക്ഷണിക്കുന്നുണ്ടെങ്കിലും രണ്ടും ഇവർക്ക് വലിയ പ്രയോജനമൊന്നുമില്ല.

l

Tags:    
News Summary - urdu thuruth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.