bullet train

ആദ്യ ബുള്ളറ്റ് ട്രെയിൻ എന്ന് ഓടുമെന്ന് വെളിപ്പെടുത്തി റെയിൽവേ മന്ത്രി

മും​ബൈ: കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ട്രെയിനിനുള്ള  ഹൈസ്പീഡ് റെയിൽ കോറിഡോർ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയായാൽ രണ്ട് മണിക്കൂറും ഏഴ് മിനിട്ടും കൊണ്ട് മുംബൈയിൽനിന്ന് അഹമ്മദാബാദിലെത്താം. എല്ലാവരും കാത്തിരിക്കുന്ന രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ എന്നുമുതൽ ഓടിത്തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റെയി​ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് സ്റ്റേഷനിൽ ട്രാക്ക് സ്ഥാപിക്കുന്നതടക്കം പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 കിലോമീറ്റർ ദൂരമുള്ള സൂറത്ത് മുതൽ ബിലിമോറ വരെ 2027 ഓടെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. തൊട്ടടുത്ത വർഷത്തോടെ താനെ-അഹമ്മദാബാദ് ഘട്ടം പൂർത്തിയാകും. 2029 ഓടെ ​​ഹൈസ്പീഡ് റെയിൽ കോറിഡോർ പൂർണമായും കമ്മീഷൻ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കാനും ​ശക്തമായ കാറ്റും ഭൂചലനവും പ്രതിരോധിക്കാനും കഴിയുന്ന അതിനൂതന സാ​ങ്കേതിക വിദ്യകളാണ് ഹൈസ്പീഡ് റെയിൽ പാളം നിർമിക്കാൻ ഉപയോഗിക്കുന്നത്. ജപ്പാന്റെ ഇ5 സീരീസ് ഷിങ്കൻസൺ സാ​ങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർമാണം.സൂറത്ത് ​സ്റ്റേഷനിലെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ട് പ്രമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ മേഖലയുടെ സാമ്പത്തിക വളർച്ച ശക്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്ത് മറ്റു നാല് മേഖലകളിൽ ഹൈസ്പീഡ് റെയിൽ കോറിഡോർ നിർമിക്കാൻ പദ്ധതിയുള്ളതായും വൈഷ്ണവ് കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.