പനാജി: ഗോവയിലേക്കുള്ള അടിപൊളി ട്രിപ്പിന് ജോലിത്തിരക്കുകൾ തടസമാണോ ?. ഓഫീസിൽ നിന്നും ലീവ് ലഭിക്കാത്തതിനാൽ ഗോവ യാത്ര നീളുകയാണോ ?. അത്തരക്കാരെ ലക്ഷ്യമിട്ട് പുത്തൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോവ സർക്കാർ. ഗോവയിലെ കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ജോലി ചെയ്യാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ബീച്ചുകളിൽ കോ-വർക്കിങ് സ്‍പേസ് എന്ന ആശയം ഗോവൻ സർക്കാർ അവതരിപ്പിച്ചു.
ആദ്യഘട്ടത്തിൽ ദക്ഷിണഗോവയിലെ ബെനോലിം വടക്കൻ ഗോവയിലെ മോറിജിം, മിറാമർ ബീച്ചുകളിലാണ് കോ-വർക്കിങ് സ്‍പേസുകൾ ഒരുങ്ങുകയെന്ന് ഐ.ടി ആൻഡ് ടൂറിസം മിനിസ്റ്റർ റോഹൻ കാനുറ്റ പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ പ്രഫഷണലുകൾക്ക് ജോലി ചെയ്യാനും കടൽത്തീരത്ത് സർഫ് ചെയ്യാനും തിരികെ വന്ന് ഫ്രെഷായ ശേഷം ബീച്ചുകളിലെ ഈ കോ-വർക്കിങ് സ്പേസുകളിലെത്തി ജോലി പുനഃരാരംഭിക്കാനും കഴിയും.
നിരവധി കമ്പനികൾ ഇപ്പോൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇത് മുതലാക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് ഗോവൻ മന്ത്രി പറഞ്ഞു. വീട്ടിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ കോ വർക്കിങ് സ്‍പേസുകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റർമീഡിയറിയും ബിസിനസ് ഇൻകുബേറ്ററുമായ ടി-ഹബ്ബിന്റെ മാതൃകയിൽ ഗോവയെ വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.