കൊച്ചിയിൽ ആഭ്യന്തര യാത്രക്കാർ വർധിക്കുന്നു; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത്

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ടിൽ ആഭ്യന്തര യാത്രക്കാർ വർധിക്കുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മൂന്നാം സ്ഥാനത്താണ്​​. ജൂണിൽ മാത്രം കൊച്ചിയിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർധന രേഖപ്പെടുത്തി. ജനുവരി മുതൽ മേയ് വരെ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്​ട്ര യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചി മൂന്നാം സ്ഥാനത്തുണ്ട്​. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആദ്യമായാണ് കൊച്ചി രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലിൽനിന്ന്​ മൂന്നാം സ്ഥാനത്ത് എത്തുന്നത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

2021 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ കൊച്ചിയിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാർ കടന്നുപോയി. ഏപ്രിലിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ 1,38,625 രാജ്യാന്തര യാത്രക്കാർ വന്നുപോയി. ഇക്കാര്യത്തിൽ ഡൽഹിക്ക്​ പിറകിൽ രണ്ടാം സ്ഥാനം നേടാനായി.

ജനുവരി മുതൽ മേയ് വരെ മൊത്തം 15,56,366 (അന്താരാഷ്​ട്ര/ആഭ്യന്തര) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാൻ കഴിയുന്ന സ്ഥലം എന്ന നിലക്ക്​ കേരളത്തെ മാറ്റിയെടുത്ത സംസ്ഥാന സർക്കാർ നടപടിയാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് വ്യക്തമാക്കി.

'വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന നടപടികൾ സർക്കാർ സ്വീകരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ആർ.ടി-പി.സി.ആർ പരിശോധന ഏർപ്പെടുത്തി. ജില്ലാ ഭരണകൂടം, റവന്യു, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ ഏകോപിത സംവിധാനം വിമാനത്താവളത്തിൽ പ്രവർത്തിപ്പിച്ചു. അന്താരാഷ്​ട്ര നിലവാരത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ സിയാൽ ശ്രദ്ധ പതിപ്പിച്ചു.

അൾട്രാവൈലറ്റ് രശ്മികൾ ഉപയോഗിച്ച് ബാഗേജ് അണുവിമുക്തമാക്കുന്നതുൾപ്പെടെ സംവിധാനങ്ങൾ രണ്ടു ടെർമിനലുകളിലും സിയാൽ സ്ഥാപിച്ചു. യു.എ.ഇയിലേക്ക്​ പോകാനിരിക്കുന്ന യാത്രക്കാർക്കായി ദ്രുത കോവിഡ് പരിശോധനാ സംവിധാനം ഏർപ്പെടുത്താനും സിയാലിന് കഴിഞ്ഞു' -സുഹാസ് പറഞ്ഞു.

സംസ്ഥാന സർക്കാറിന്‍റെയും ഡയറക്ടർ ബോർഡിന്‍റെയും നിർദേശപ്രകാരം കൊച്ചി വിമാനത്താവളത്തിൽ ട്രാഫിക് പുരോഗതി ഉയർത്താൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് യു.എ.ഇയിലേക്ക്​ പോകാനിനിരിക്കുന്ന യാത്രക്കാർക്കായി ദ്രുത ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രം കഴിഞ്ഞയാഴ്ച തുടങ്ങിയത്.

എയർലൈൻ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി മാനേജിങ് ഡയറക്ടർ ചർച്ചനടത്തുകയും ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന ട്രാഫിക് വളർച്ച ഉൾക്കൊള്ളത്തക്കവിധം സന്നാഹങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

ജൂണിൽ യാത്രക്കാരുടെ എണ്ണത്തിൽ പുരോഗതി സിയാൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ ഒന്നിന് മൂവായിരത്തോളം പേരാണ് കൊച്ചി വിമാനത്താവളത്തിൽ വന്നുപോയത്. ജൂൺ 30ന് 7012 പേർ യാത്രചെയ്തു. രണ്ടര ഇരട്ടിയോളം വർധനവ്. ജൂണിൽ മൊത്തം 1.43 ലക്ഷം പേർ യാത്ര ചെയ്തു. കോവിഡിന്​ മുമ്പ്​ പ്രതിവർഷം ഒരുകോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു.

Tags:    
News Summary - kochi airport nedumbassery travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.