മേഘങ്ങൾ തൊട്ടുവിളിക്കുന്നിടം; ത്രില്ലർ 'സിനിമ' മോഡിൽ നടന്നുനടന്ന് വൈബിലലിയാം! ഇലവീഴാപ്പൂഞ്ചിറ കാത്തിരിക്കുന്നു

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ഒറ്റയടിക്കുത്തരം നൽകാൻ പറ്റാത്ത ചില പേരുകളുമുണ്ട്. "ഇലവീഴാ പൂഞ്ചിറ"- ഈസ്ഥലപ്പേര് കേൾക്കുമ്പോൾ തന്നെ ആദ്യം വായിൽ വരുന്ന ചോദ്യം

"അതെന്നാ, അവിടെ ഇല വീഴില്ലേ?" എന്നായിരിക്കും. താഴെ വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞാൽ ഉടൻ ജീപ്പ് സഫാരി ചേട്ടൻമാർ ഓഫറുമായി എത്തും. നടന്നുനടന്ന് തുഞ്ചത്തെത്താൻ കുറച്ചുസമയമെടുക്കും. നടക്കാൻ വയ്യാത്തവർ ജീപ്പുകളെ ആശ്രയിക്കുന്നത് ബുദ്ധിയായിരിക്കും. നടക്കാൻ ഇഷ്‌ടമുള്ളവർ ഒരുമിച്ച് ഗ്യാങ്ങായി പോകുന്നതും നന്നായിരിക്കും.

ഒരു വശത്ത് ഉയർന്നുനിൽക്കുന്ന മലനിരകൾ, മറുവശത്ത് കണ്ണെത്താദൂരത്തോളം നീളുന്ന പച്ചപ്പാർന്ന താഴ്‌വരകൾ. ഇടയ്ക്കിടെ വീശിയെത്തുന്ന തണുത്ത കാറ്റും പെട്ടെന്ന് വന്നെത്തുന്ന മൂടൽമഞ്ഞും കൂടിയാകുമ്പോൾ ഇലവീഴാപ്പൂഞ്ചിറയിലെ കാഴ്ചയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത, എഴുതിപ്പിടിപ്പിച്ചാലൊന്നും തീരാത്ത ഭംഗിയാണ്.

കോട്ടയം–ഇടുക്കി അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇലവീഴാപ്പൂഞ്ചിറ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,200 അടി ഉയരത്തിലാണ്. തൊടുപുഴയിൽ നിന്ന് ഏകദേശം 21.3 കിലോമീറ്റർ മാത്രം ദൂരമുള്ളതിനാൽ ഒരു ദിവസത്തെ യാത്രയ്ക്കും അനുയോജ്യമായ സ്ഥലമാണിത്.

 

സിനിമയിലൂടെ കൂടുതൽ പരിചിതമായ മലമുകൾ

ഇലവീഴാപ്പൂഞ്ചിറ എന്ന പേര് പലർക്കും കൂടുതൽ പരിചിതമായത് 2022-ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തിയ ‘ഇലവീഴാപ്പൂഞ്ചിറ’ എന്ന സിനിമയിലൂടെയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച മലമുകളിലെ പ്രദേശം തന്നെയാണ് ഇവിടെയുള്ളത്.

മലമുകളിലെ വയർലെസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സിനിമ കണ്ടവർക്ക് പരിചിതമായി തോന്നും. സിനിമയിലെ രംഗങ്ങൾ ഓർത്തുകൊണ്ട് ഈ മലനിരകളിലൂടെ നടക്കുന്നത് പലർക്കും വേറിട്ടൊരു അനുഭവമായിരിക്കും. ത്രില്ലർ സിനിമയുടെ മൂഡ് പിടിച്ച്, മലമുകളിലെ പുൽമേടുകളിൽ പലയിടത്തായി റെസ്റ്റ് ചെയ്ത് കാറ്റാസ്വദിച്ച്, മടുക്കുമ്പോൾ പിന്നെയും നടന്ന്, ഇടക്കിടെ രണ്ട് സെൽഫി ക്ലിക്ക് ചെയ്ത് കുറച്ചു നേരത്തേക്ക് എല്ലാ സങ്കടങ്ങളും നിരാശയും മറന്ന് ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ കിട്ടുന്ന "റിഫ്രഷ്മെൻ്റ്" വല്ലാത്ത ഒന്നാണ്.

 

മൂന്ന് മലകൾ ചേർന്നൊരു മനോഹര കാഴ്ച

മാങ്കുന്ന്, കുടയത്തൂർ മല, തോണിപ്പാറ എന്നീ മലനിരകൾ ചേർന്നാണ് ഇലവീഴാപ്പൂഞ്ചിറയുടെ ഭൂപ്രകൃതി രൂപപ്പെടുന്നത്. ഉയർന്ന പ്രദേശത്ത് നിന്ന് ചുറ്റും നോക്കിയാൽ മലകളും താഴ്‌വരകളും അകലെ കാണുന്ന ജലാശയങ്ങളും ചേർന്ന വിശാല കാഴ്ചയാണ് ലഭിക്കുക.ഇലവീഴാപൂഞ്ചിറയിലെ തടാകം ചുറ്റിലും മരങ്ങളില്ലാത്ത മൂന്ന് മലനിരകൾക്ക് (മാങ്കുന്ന്, കുടയത്തൂർ മല, തോണിപ്പാറ) നടുവിലായതുകൊണ്ട് ഈ കുളത്തിൽ ഇലകൾ വീഴാറില്ല. അതുകൊണ്ടാണ് 'ഇല-വീഴാ-പൂഞ്ചിറ' എന്ന പേര് വന്നത്.

കാലാവസ്ഥ തെളിഞ്ഞ ദിവസങ്ങളിൽ മലങ്കര ഡാമിന്റെ റിസർവോയറും സമീപപ്രദേശങ്ങളിലെ മലനിരകളും കാണാൻ കഴിയും. സിനിമയിൽ പറയും പോലെ നെടുമ്പാശ്ശേരി എയർപോർട്ടും മഞ്ഞുമാറിയാൽ ബുർജ് ഖലീഫ വരെ കാണാൻ പറ്റുമെന്ന "തള്ള്" കേട്ട് ആരും വരാൻ നിൽക്കണ്ട. എങ്കിലും അപാരമായ സീനറിയാണ് നോക്കെത്താ ദൂരത്തോളം കാണാനാവുക എന്നത് അതിശയോക്തിയല്ലെന്ന് ഇവിടെ വന്നാൽ ബോധ്യപ്പെടും. ക്യാമറകൾക്ക് വിശ്രമിക്കാൻ ഇടം കൊടുക്കാതെ ക്ലിക്ക് ചെയ്തു കൊണ്ടേയിരിക്കാവുന്ന ഇടങ്ങൾ മാത്രമാണ് എങ്ങോട്ടു തിരിഞ്ഞാലുമുള്ളത്.

 

ഇലവീഴാപ്പൂഞ്ചിറയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ മാറിമറിയുന്ന കാലാവസ്ഥയാണ്. കുറച്ചുനേരം നല്ല വെയിലായിരിക്കുമ്പോൾ തന്നെ മൂടൽമഞ്ഞ് ഇറങ്ങിവരാം. ചിലപ്പോൾ ചാറ്റൽമഴയും ശക്തമായ കാറ്റും ഒപ്പമെത്തും. രാവിലെയും വൈകുന്നേരവും തണുപ്പ് കൂടുതലായിരിക്കാം. മഞ്ഞ് കൂടുതലായ സമയത്ത് കാഴ്ചയുടെ ദൂരവും കുറയും. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ പറ്റിയ ഇടമായും ഇലവീഴാപ്പൂഞ്ചിറ അറിയപ്പെടുന്നു. മേഘാവൃതമായ ദിവസങ്ങളിൽ കാഴ്ച പരിമിതപ്പെടാൻ സാധ്യതയുണ്ട്.

മഴക്കാലത്ത് കൂടുതൽ ശ്രദ്ധ വേണം

ഇലവീഴാപ്പൂഞ്ചിറ ഉയർന്നതും തുറസ്സായതുമായ പ്രദേശമായതിനാൽ മഴക്കാലത്ത് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് മലമുകളിലെ തുറസ്സായ ഭാഗങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.

മഴ പെയ്യുന്ന സമയത്ത് പാറക്കെട്ടുകളിലും വഴിയരികുകളിലും കയറിനിൽക്കുന്നതും അപകടകരമാണ്. കാലാവസ്ഥ പെട്ടെന്ന് മോശമായാൽ കാഴ്ച കാണുന്നതിനെക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ് നല്ലത്. ഇടിമിന്നലുള്ള മഴക്കാലത്ത് ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

 

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ഇവിടെ എത്തുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണപ്പൊതികളും ഉൾപ്പെടെ മാലിന്യങ്ങൾ വലിച്ചെറിയാതെ തിരിച്ചുകൊണ്ടുപോകുക. പ്രകൃതിയുടെ ഭംഗി നിലനിർത്തുന്നതിൽ സഞ്ചാരികൾക്കും വലിയ പങ്കുണ്ട്.
  • വൈകുന്നേരം വരെ തങ്ങാൻ ഉദ്ദേശിക്കുന്നവർ ആവശ്യമായ വസ്ത്രങ്ങളും കുടയും കൈയിൽ കരുതുന്നത് നല്ലതാണ്. കുട മാത്രമല്ല, റെയിൻ കോട്ടും ധരിച്ച് പോകുന്നതാകും ബുദ്ധിപരം.
  • മൊബൈൽ ഫോൺ ശൃംഖല എല്ലാ ഭാഗത്തും ഒരുപോലെ ലഭിക്കണമെന്നില്ല. യു.പി.ഐ ഇടപാടുകൾ തടസ്സപ്പെടാനിടയുള്ളതിനാൽ കൈവശം പണം കരുതിയാൽ ചായ കുടിക്കാൻ നേരത്ത് പ്രയാസപ്പെടേണ്ടി വരില്ല.
  • മലമുകളിൽ പോകുമ്പോൾ അതിരുകടന്ന് പാറക്കെട്ടുകളുടെ അരികിലേക്ക് പോകാതിരിക്കുക. മഴയും മൂടൽമഞ്ഞും ഉള്ളപ്പോൾ വഴുക്കലുണ്ടാകും.

നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി കുറച്ചുസമയം മലയും മഞ്ഞും കാറ്റും തണുപ്പും ആസ്വദിക്കണമെങ്കിൽ ഇലവീഴാപ്പൂഞ്ചിറ ഒരു നല്ല തിരഞ്ഞെടുപ്പാണ്. തെളിഞ്ഞ ആകാശത്തിന് കീഴിലെ വിശാലമായ കാഴ്ചയായാലും, മഞ്ഞിൽ മറഞ്ഞ മലനിരകളായാലും, ഓരോ കാലാവസ്ഥയിലും ഈ മലമുകൾക്ക് പറയാനുള്ളത് മറ്റൊരു കഥയായിരിക്കും. എന്തായാലും കഥകൾ തുടരുക തന്നെ ചെയ്യും. മനുഷ്യൻ്റെ കഥകൾക്ക് പല ഭാവവും രൂപവുമാണ്. പ്രകൃതിയിലെ അത്ഭുതങ്ങളായ ഇത്തരം ബ്യൂട്ടി സ്പോട്ടുകൾക്കും പലഭാവമായിരിക്കും, കാലാവസ്ഥ മാറുന്നതനുസരിച്ച് അതിങ്ങനെ വ്യത്യാസപ്പെടുമെന്ന് മാത്രം. അല്ലെങ്കിൽ തന്നെ എല്ലാ കഥയും അതിൻ്റെ ക്ലൈമാക്‌സും ഒരുപോലിരുന്നാൽ എന്തൊരു ബോറായിരിക്കും!

 

എങ്ങനെ എത്താം?

ലൊക്കേഷൻ: ഇലവീഴാപ്പൂഞ്ചിറ വയർലെസ് സ്റ്റേഷൻ & വ്യൂപോയന്റ്, കോട്ടയം–ഇടുക്കി അതിർത്തി.തൊടുപുഴയിൽ നിന്ന് ഇലവീഴാപ്പൂഞ്ചിറയിലേക്ക് ഏകദേശം 21.3 കിലോമീറ്റർ ദൂരമാണുള്ളത്.

കൊച്ചിയിൽ നിന്ന് ഏകദേശം 81.4 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് ഏകദേശം 71.2 കിലോമീറ്ററും ദൂരമുണ്ട്.തൊടുപുഴ ഭാഗത്തുനിന്ന് എത്തുന്നവർക്ക് മലനിരകളിലേക്കുള്ള റോഡ് യാത്രയ്ക്ക് ശേഷം ഉയർന്ന പ്രദേശത്തേക്ക് കയറേണ്ടിവരും.


 



അവസാന ഭാഗങ്ങളിൽ റോഡിൽ വളവുകളും കയറ്റങ്ങളും മാറി മാറി വരുന്നതിനാൽ പരിചയമില്ലാത്തവർ വാഹനമോടിക്കാതിരിക്കുന്നതാണ് നല്ലത്. യാത്രയ്ക്ക് മുമ്പ് കാലാവസ്ഥയും റോഡിന്റെ അവസ്ഥയും അറിഞ്ഞ ശേഷം പോകുന്നതാണ് നല്ലത്. പ്രത്യേകിച്ച് മഴക്കാലത്ത് വലിയ വാഹനങ്ങളുമായി പോകുന്നവർ കൂടുതൽ ശ്രദ്ധിക്കണം.

Tags:    
News Summary - A place where the clouds seem within reach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.