മക്കയും മദീനയും കഴിഞ്ഞാൽ ഏതൊരു വിശ്വാസിയെയും പോലെ എന്റെ മനസ്സ് എന്നും കൊതിച്ചിരുന്ന ഒന്നായിരുന്നു ഖുദ്‌സ് സന്ദർശനം. ഖുർആൻ പരാമർശിച്ച ചരിത്രഭൂമികളിലൂടെയുള്ള യാത്ര ഒടുവിൽ യാഥാർത്ഥ്യമായി. ജോർദാൻ, ഫലസ്തീൻ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങി അബ്രഹാമിക് മതവിഭാഗങ്ങളായ മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും ജൂതന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട പുണ്യസ്ഥലങ്ങളിലൂടെയുള്ള ആ സഞ്ചാരം മറക്കാനാവാത്ത അനുഭവമാണ്.
ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ഫലസ്തീനിലെ വിശുദ്ധ ഖുദ്‌സ് സന്ദർശനമായിരുന്നു. വലിയൊരു ചുറ്റുമതിലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മസ്ജിദുൽ അഖ്‌സയിലേക്ക് പ്രവേശിക്കാൻ ഒരുപാട് കവാടങ്ങൾ ഉണ്ടങ്കിലും പ്രധാനമായി അഞ്ച് കവാടങ്ങളിൽ മാത്രമേ പ്രവേശന അനുമതി ഉള്ളൂ. ഇവിടെയെല്ലാം കാവൽ നിൽക്കുന്നത് ഇസ്രായേൽ പട്ടാളക്കാരാണ്. അവരുടെ കർശനമായ പരിശോധനകൾക്കും അനുമതിക്കും ശേഷമേ ഓരോ തീർത്ഥാടകനും അകത്തേക്ക് പ്രവേശിക്കാനാവൂ.
അതിമനോഹരമായ കൊത്തുപണികളാൽ അലംകൃതമായ 'ഡോം ഓഫ് ദി റോക്ക്' (മസ്ജിദുൽ ഖുബ്റ) ആണ് അഖ്‌സയിലെ പ്രധാന കാഴ്ച. മുഹമ്മദ് നബി (സ) ആകാശാരോഹണം നടത്തിയത് ഇവിടെ നിന്നുമാണെന്നാണ് ചരിത്രം. ഇതിനോട് ചേർന്നുതന്നെ 'ഷഹറുൽ മുബാറക്ക്' സൂക്ഷിച്ച അറയും, കുറച്ച് വിട്ട് ഉമർ (റ) പണികഴിപ്പിച്ച മസ്ജിദുൽ ഖിബിലിയും, നബിതിരുമേനി ബുറാഖിനെ ബന്ധിച്ച മസ്ജിദുൽ ബുറാഖും സ്ഥിതി ചെയ്യുന്നു. അമീർ മർവാൻ നിർമ്മിച്ച മസ്ജിദുൽ മർവാനും, ഭൂമിക്കടിയിലെ പഴയ അഖ്‌സ പള്ളിയും, ദൈവം മറിയംബീവിക്ക് ഭക്ഷണം നൽകിയ സ്ഥലവും, അഖ്സ ലൈബ്രറിയും, പഴയ കിണറും, മറ്റു ചെറിയ മിനാരങ്ങളും കണ്ടപ്പോൾ ചരിത്രം നമ്മുടെ കണ്ണുകൾക്ക് മുന്നിൽ പുനർജനിക്കുന്നതുപോലെ തോന്നി. ഇതെല്ലാം കൂടി ചേർന്നതാണ് ഖുദ്സ് എന്നുള്ളത്.
വിശ്വാസികളുടെ പ്രാർത്ഥനകൾക്കൊപ്പം തന്നെ ഖുദ്‌സിലെ മൈതാനങ്ങളിൽ ഫുട്ബാളും വോളിബാളും കളിക്കുന്ന കുട്ടികളെയും കാണാം. തോക്കേന്തി നിൽക്കുന്ന പട്ടാളക്കാരെ തൊട്ടടുത്ത് കണ്ടിട്ടും അവർക്ക് തെല്ലും ഭയമില്ല. ആ മണ്ണ് തങ്ങളുടെ കൈകളിൽ സുരക്ഷിതമായി തിരിച്ചെത്തുമെന്ന വലിയൊരു പ്രതീക്ഷ അവരുടെ മുഖത്തുണ്ട്. മതിൽക്കെട്ടിനുള്ളിൽ കച്ചവടം നടത്തുന്ന ഫലസ്തീനികൾ വളരെ മാന്യമായാണ് പെരുമാറുന്നത്.
ഇടുങ്ങിയ ഗല്ലികൾക്കിടയിലെ ചെറിയ വീടുകളിൽ ദയനീയമായ സാഹചര്യത്തിലാണ് പലരും കഴിയുന്നത്. എങ്കിലും വരുന്ന തീർത്ഥാടകർക്ക് സാധനങ്ങൾ വിറ്റ് അവർ തങ്ങളുടെ ഉപജീവനം നടത്തുന്നു. അവിടെ സൈക്കിൾ ചവിട്ടി പോകുന്ന കുഞ്ഞുങ്ങളിൽ പോലും അതിജീവനം കാണാം. ഭാരതീയരോട് വലിയ ബഹുമാനവും ആദരവുമാണ് അവർ പ്രകടിപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശമായിരുന്ന മൗലാനാ മുഹമ്മദലി ജൗഹറിന്റെ ഖബർ ഇവിടെയാണെന്നത് ഒരേസമയം അത്ഭുതവും അഭിമാനവും നൽകിയ ഒന്നാണ്. ഖുദ്‌സിനെ അത്രമേൽ സ്നേഹിച്ചിരുന്ന അദ്ദേഹം അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു.
ഖുദ്‌സിന് പുറമെ ഖലീലു ലാഹ് ഇബ്രാഹിം നബിയുടെയും മക്കളുടെയും അവരുടെ സഹധർമ്മിണികളുടെയും ഖബറുകൾ സന്ദർശിച്ചു. കൂടാതെ മൂസാ നബി അടക്കമുള്ള നിരവധി പ്രവാചകന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെയുള്ള യാത്ര ആത്മീയമായി വലിയൊരു ഉണർവാണ് നൽകിയത്.
ചരിത്രവും വർത്തമാനവും കണ്ണീരും പ്രതീക്ഷയും കലർന്ന ഈ യാത്ര കേവലം ഒരു സന്ദർശനമായിരുന്നില്ല; മറിച്ച് കാലങ്ങൾക്കിപ്പുറവും പോരാടുന്ന ഒരു ജനതയുടെയും അവർ കാത്തുസൂക്ഷിക്കുന്ന വിശുദ്ധിയുടെയും നേർസാക്ഷ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.