ഗവി ബസ്സിൽ കൊച്ചു പമ്പ ഇറങ്ങിയാൽ രണ്ടു വെള്ളച്ചാട്ടങ്ങൾ ഗംഭീരം

ഗവി യാത്ര ഇത്തവണ കുടുംബമായി പോകാൻ തീരുമാനിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന കെഎസ്ആർടിസി ബസ് പെരുനാട് കൊച്ചു പാലത്ത് നിന്നും രാവിലെ ചാടി എണീറ്റപ്പോൾ കൂടെ അനക്കം കേട്ട് ഞങ്ങളുടെ ഇരട്ടകളിൽ ഒരാളായ ഹന്നയും കൂടെ കൂട്ടി ഭാര്യവീട്ടിൽ നിന്നും വണ്ടിയെടുത്ത് ബസ്റ്റോപ്പിൽ ഗവി ബസ് വരുന്ന സമയത്തിന് തൊട്ടുമുമ്പായി എത്തി കിട്ടിയ സ്ഥലത്ത് വണ്ടി ഒരുവിധം ഒതുക്കിയിട്ടു. കുടുംബവീടായ കീക്കൊഴൂരിൽ നിന്നും ഗവിക്ക് പോകാനായി കെഎസ്ആർടിസി ലൈൻ ബസ് പിടിക്കാൻ ഇറങ്ങിയാൽ കുമ്പളാംപൊയ്ക ജംഗ്ഷനാണ് ഞങ്ങൾക്ക് കൂടുതൽ സൗകര്യപ്രദം.

ബസ് കൃത്യ സമയത്ത് തന്നെ എത്തി കയറാൻ നോക്കുമ്പോൾ വണ്ടി നിറയെ യാത്രക്കാരുമായി ഒരു സീറ്റ് പോലും കാലിയില്ലാതെ അകത്തേക്ക് ഒരുവിധം കയറിപ്പറ്റിയപ്പോൾ കുഞ്ഞുമായി നിൽക്കുന്ന ഞങ്ങൾക്ക് ഒരു സീറ്റ് ഒഴിഞ്ഞു തന്നു. അങ്ങനെ ഭാര്യയും കുട്ടിയും ഒരു സീറ്റിൽ ഒരുവിധം ഇരുത്തി ഞാൻ ഇനി സീറ്റ് ഒഴിയുന്ന സ്ഥലം വരെ നിൽക്കാം എന്ന് കരുതി നിൽക്കുമ്പോൾ അധികം വൈകാതെ അടുത്ത സ്റ്റോപ്പിൽ ഒരു യാത്രക്കാരൻ ഇറങ്ങിയപ്പോൾ ഒരേ ഒരു സീറ്റു കാലി ആയതുകൊണ്ട് ഒരുവിധം ഇരിക്കാൻ പറ്റി. ഹന്നക്കുട്ടിയും ഭാര്യയും ഞാനും ബസ്സിൽ സീറ്റ് കിട്ടിയപ്പോൾ ഓരോ വഴിക്കായി.

അങ്ങനെ യാത്ര തുടർന്ന് ചിറ്റാർ കടന്ന് സീതത്തോട് അടുക്കാറായപ്പോൾ ഡ്രൈവറുടെ അടുത്ത് തൊട്ടു പുറകിൽ മൂന്നു വരി സീറ്റ് കിട്ടിയത് ഭാഗ്യത്തിന് ഞങ്ങൾക്ക് മൂവർ സംഘത്തിന് ഒരുമിച്ചിരിക്കാൻ സാധിച്ചു. ഞങ്ങളുടെ ഇരട്ടകളിലെ ഹർലിൻ രാവിലെ ഉറക്കം ഉണരാത്തതിനാൽ ഹന്നയെ മാത്രം കൂട്ടിയായിരുന്നു യാത്ര.അങ്ങനെ വണ്ടി നീങ്ങി ആങ്ങമൂഴിയിൽ എത്തി രാവിലത്തെ പ്രഭാത ഭക്ഷണത്തിന് അവിടുത്തെ ഒരു കുഞ്ഞൻ കടയിൽ എത്തി ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും രാവിലത്തെ ഉറക്കം വിട്ടുമാറാത്ത ഹന്ന അമ്മയുടെ മടിയിൽ വീണ്ടും ഉറക്കം പിടിച്ചു.

ഇവിടം വിട്ടാൽ പിന്നെ ഭക്ഷണം ലഭിക്കാൻ യാതൊരു സാധ്യതയുമില്ലാത്തതുകൊണ്ട് അവിടെ ഇറങ്ങി ഒരല്പം അകത്താക്കി എന്നു വരുത്തി തീർത്ത് വേഗം പാഴ്സൽ മേടിച്ച് തിരികെ വണ്ടിയിലേക്ക് എത്തുമ്പോൾ മറ്റ് ഗവി യാത്രക്കാരും പോകാൻ തിരികെ കയറിയിരുന്നു. വണ്ടി ആങ്ങമൂഴി പിന്നിട്ടാൽ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കടക്കുന്നതോടുകൂടി വനത്തിന്റെ വന്യഭാവം നിറച്ച് റോഡിന് ഇരുവശത്തും പച്ചപ്പരവതാനി വിരിച്ച് ഈറ്റപ്പുല്ലുകൾ യഥേഷ്ടം തൊട്ടു തലോടി ബസ്സിനകത്ത് ഇരിക്കുന്നവരെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്ന ഈറ്റ തലോടൽ സൂക്ഷിച്ചിരിക്കേണ്ട യാത്രയാണ് എന്ന ഓർമ്മപ്പെടുത്തൽ ആണ് ഈറ്റക്കാടുകൾ പകർന്നു നൽകുന്നത്.

മഴയുടെ അകമ്പടിയും മഞ്ഞിന്റെ കുളിരും കോടമഞ്ഞിന്റെ ഇരച്ചുകയറ്റവും മാറിമാറി വരുന്ന അന്തരീക്ഷത്തിലെ വ്യത്യസ്തമായ കാലാവസ്ഥ പ്രതിഭാസം തണുപ്പിൻ കുട ചൂടി നിൽക്കുന്ന ഗവിയുടെ തുടക്കം ഇനി വരാനിരിക്കുന്ന യാത്രയുടെ വന ഗാംഭീര്യം വിളിച്ചോതുന്നു. ആങ്ങമൂഴി വിട്ടാൽ ഇനിയും പ്രധാന ബസ്റ്റോപ്പ് മൂഴിയാറാണ്. മൂഴിയാറിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ കുറേയേറെ ഇറങ്ങാൻ ഉള്ളതുകൊണ്ട് ഒരല്പനേരം കാടിനു നടുവിൽ കൂടി യാത്ര ചെയ്തു വന്നതിന് ഒരു ചെറിയ ഇടവേള ലഭിക്കും.

ഗവി യാത്രകളെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാഴ്ചയാണ് റോഡിൽ നിന്നും കാണാവുന്ന പടുകൂറ്റൻ പെൻ സ്റ്റോക്ക് പൈപ്പുകൾ കാണാനായി ഡ്രൈവർ ചേട്ടൻ ഒരല്പനേരം റോഡിൽ തന്നെ ബസ് നിർത്തി തരുന്നത് ഫോട്ടോയെടുക്കാൻ താല്പര്യമുള്ളവർക്ക് പ്രത്യേകിച്ച് റീൽസ് ചെയ്യുന്നവർക്ക് നല്ലൊരു അവസരമാണ് തുറന്നുതരുന്നത്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ നെടു നീളത്തിൽ താഴേക്ക് നീണ്ട നിവർന്നു കിടക്കുന്ന പെൻസ്റ്റോക്ക് പൈപ്പ് മൂഴിയാർ കക്കി ഡാം റൂട്ടിൽ നെഞ്ചുവിരിച്ച് വിശാലമായി കിടക്കുന്നത് കണ്ടിരിക്കാൻ ഒരു പ്രത്യേക ചേലാണ്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ നെടു നീളത്തിൽ താഴേക്ക് നീണ്ട നിവർന്നു കിടക്കുന്ന പെൻസ്റ്റോക്ക് പൈപ്പ് മൂഴിയാർ കക്കി ഡാം റൂട്ടിൽ നെഞ്ചുവിരിച്ച് വിശാലമായി കിടക്കുന്നത് കണ്ടിരിക്കാൻ ഒരു പ്രത്യേക ചേലാണ്.

 മൂഴിയാർ വിട്ടു കഴിഞ്ഞാൽ പിന്നെ വീണ്ടും കാടിൻറെ യഥാർത്ഥ ഭംഗി വീണ്ടും യാത്രയുടെ ആവേശം പതിന്മടങ്ങ് ഇരട്ടിപ്പിക്കുന്ന സുഖകരമായ കാലാവസ്ഥാ 80 കിലോമീറ്റർ നീണ്ട വന യാത്രക്ക് ഒരു മുഷിപ്പും തോന്നാതെ കക്കി ഡാമിൽ ആണ് എത്തിച്ചേരുന്നത്. കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോൾ ബഹറിൻ പ്രവാസിയായ ബിനു വാഴമുട്ടം തുടങ്ങിയ കക്കി കഫെ ഡാമിന് അടുത്താണ്. ഡാമിൽ നിന്നും പിടിക്കുന്ന മീനുകൾ കൂട്ടി രുചിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ആവശ്യത്തിനു ഒരുക്കുന്ന ഒരു അപൂർവ്വ ഇടം ഇപ്പോൾ ഉണ്ടോ എന്നറിയില്ല.

അവിടെ ഒരല്പം സാധനം ബസ്സിൽ നിന്നും ഇറക്കി വീണ്ടും അടുത്ത പ്രധാന സ്ഥലമായ ആനത്തോട് ഡാമിലേക്കുള്ള യാത്രയിൽ ഒരു നീർച്ചാട്ടം കണ്ട് ഡ്രൈവർ വണ്ടി ഒതുക്കി ചാടിയപ്പോൾ ഒരു കൗതുകത്തിന് ഞാനും ഇറങ്ങി. ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സിൽ വെള്ളമൊഴിച്ച് മഴമൂലം തണുത്തുറഞ്ഞ കാലാവസ്ഥയിൽ ഗ്ലാസിലെ മൂടൽമാറ്റി വണ്ടി വീണ്ടും കാഴ്ചയ്ക്ക് തടസ്സം മാറ്റി ഒന്നു കുട്ടപ്പൻ ആക്കുന്നതിനാണ് ഡ്രൈവർ ചാടിയിറങ്ങിയത്. യാത്രയിൽ ഉടനീളം കാലാവസ്ഥ സമ്മാനിച്ച കുളിരു കോരിയിടുന്ന മഴക്കാല സൗന്ദര്യം കൂടിക്കൂടി വന്നതിനാൽ തണുപ്പിന്റെ കാഠിന്യം വർദ്ധിച്ചു വരുന്നതിനാൽ കേവലം ഒരു ബർമുഡയും ടീഷർട്ടും ഇട്ട എനിക്ക് ഒരല്പം പിടിച്ചുനിൽക്കാൻ ഒരു ഹാഫ് കോട്ട് കരുതിവെച്ചത് ഉപകാരപ്പെട്ടു.

അങ്ങനെ ഞങ്ങൾ ഒരു ഡാമിൻറെ വൃഷ്ടി പ്രദേശത്ത് തുറസായ സ്ഥലത്ത് റോഡിനോട് ചേർന്ന് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്ന സ്ഥലത്തെ ഒരല്പം താഴേക്ക് നടന്നു ഇറങ്ങാൻ പാകത്തിൽ വണ്ടി നിർത്തിയപ്പോൾ എല്ലാവരും ദീർഘ യാത്ര ചെയ്തുവന്ന ക്ഷീണം മറികടക്കാൻ ഒന്നിറങ്ങി. പിന്നെ കാഴ്ചകൾ ഏറെ ഉള്ള ആ സ്ഥലത്തെ ഫോട്ടോയെടുപ്പിന്റെ പൊടിപൂരമാണ് അവിടെ അരങ്ങേറിയത്.

പിന്നീട് വണ്ടി മുന്നോട്ട് ചലിപ്പിച്ച് യാത്ര തുടർന്നപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പാറ പൊട്ടിച്ച ഒരു വിശാലമായ സ്ഥലം കണ്ട് അവിടെ ഇറങ്ങിയപ്പോൾ ഒന്നു കൂവിയാൽ തിരിച്ചു പ്രതിഫലിക്കുന്ന ഒരു സ്ഥലമാണ് ഈ യാത്രയിലെ മറ്റൊരു ആകർഷണം. പോകുന്ന വഴി തൊട്ടടുത്തുള്ള ഡാം സൈറ്റിൽ ഇറങ്ങിയതിനാൽ സമയം കളയാതെ ഗവി കണ്ട് തിരിച്ചു വരുന്ന വഴിയാണ് ഇവിടെ ഇറങ്ങാൻ സാധിച്ചത്.

ഗവിയിൽ മുൻകൂട്ടി താമസം ഏർപ്പെടുത്താതെ വരുന്നവർക്ക് ഭക്ഷണ സൗകര്യമില്ലാത്തതിനാൽ കഴിഞ്ഞ തവണ വന്നു തിരിച്ചു കൊച്ചു പോകേണ്ടി വന്നതുകൊണ്ട് ഇത്തവണ കൊച്ചു പമ്പയിൽ തന്നെ ഇറങ്ങി. ഭക്ഷണത്തിന് കൃത്യസമയത്ത് അരി ഇടുന്നതിനു മുൻപ് എത്തിയതിനാൽ ഉച്ചയൂണിന് മുടക്കം വന്നില്ല. ഇത്തവണ വന്നപ്പോൾ കൊച്ചു പമ്പയിൽ ടെന്റ് സൗകര്യം ഏർപ്പെടുത്തിയത് ഓടിനടന്നൊന്ന് കാണാൻ പറ്റി. അടുത്ത തവണ വരുമ്പോൾ ഇതുവരെ പരീക്ഷിക്കാത്ത ടെന്റ് താമസം ഇനി വരുമ്പോൾ ഒന്ന് താമസിക്കാം എന്ന് മനസ്സിൽ കുറിച്ചിട്ടു.അരിയും അവിടെത്തന്നെ നട്ടുവളർത്തുന്ന പച്ചക്കറി കൂട്ടാനും വേകാൻ സമയമെടുക്കുന്നത് കൊണ്ട് കൊച്ചുപമ്പ ബോട്ടിങ്ങിലേക്ക് ഞങ്ങൾ പടികൾ ഇറങ്ങി എത്തിയപ്പോൾ ബോട്ട് സാരഥി ഞങ്ങളുടെ സുരക്ഷയ്ക്ക് ജാക്കറ്റ് തയ്യാറാക്കി നിൽക്കുകയാണ്.

മഴയായിരുന്നതുകൊണ്ട് മറ്റു യാത്രക്കാർ ഇല്ലായിരുന്നതുകൊണ്ട് കഴിഞ്ഞതവണ വന്നപ്പോൾ കൊച്ചു പമ്പയിൽ നിന്നും താഴേക്ക് പോയതുകൊണ്ട് ഇത്തവണ ഞങ്ങൾക്ക് മുകളിലേക്ക് പോകണം എന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ ബോട്ടിന്റെ സാരഥി രാമചന്ദ്രൻ ആദ്യം ഒന്നു മടി പറഞ്ഞെങ്കിലും ഒന്നല്ല രണ്ടു വെള്ളച്ചാട്ടമുള്ള മുകളിലേക്കുള്ള യാത്ര അവിടെ തലേദിവസം ടെന്റിൽ താമസിക്കാൻ എത്തിയ യാത്രക്കാർ പറഞ്ഞുതന്നത് ഞങ്ങൾക്ക് ബോട്ടിംഗ് യാത്രയിൽ ഇത്തവണ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ സാധിച്ചു.

കൊച്ചു പമ്പയുടെ വൃഷ്ടി പ്രദേശത്തേക്ക് വെള്ളം എത്തുന്ന മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ അതിലൊന്ന് കാണാൻ പറ്റി. മുകളിലേക്ക് പോകുമ്പോൾ ആദ്യം കാണുന്ന വെള്ളച്ചാട്ടത്തിനരികെ ബോട്ട് അടിപ്പിച്ച് ഒരു നൂറു മീറ്ററിലേറെ ഉള്ളിലേക്ക് നടക്കാൻ ഉണ്ട്. ഫെൻസിങ് ഒക്കെ കണ്ടപ്പോൾ കൂടെ വന്ന് എൻ്റെ കെട്ടിയോളും കുട്ടിയും ഒന്നറച്ചു. വിജനമായ ആ പാതയിൽ കൂടി വരാൻ അവർ മടിച്ചപ്പോൾ ഏതായാലും വെള്ളച്ചാട്ടം കാണാൻ തുനിഞ്ഞിറങ്ങിയ ഞാൻ അവരെ തനിച്ചാക്കി ഒപ്പം ബോട്ട് ഡ്രൈവർ അവരോടൊപ്പം കൂട്ടിനിരുന്നതുകൊണ്ട് രണ്ടും കൽപ്പിച്ച് ഒന്നുമറിയാത്ത ആ വഴി മുന്നിൽ തെളിഞ്ഞു വരുന്നത് കണ്ട് മുന്നോട്ടു നീങ്ങി.

 

ഒടുവിൽ ഒരൽപം ആശങ്കയോടെയാണെങ്കിലും നടന്നു നടന്നു കൊടുംകാടിന് നടുവിലെ വെള്ളച്ചാട്ടത്തിന്റെ പളുങ്ക് മണികൾ ചിന്നി തെറിക്കുന്ന ഗാംഭീര്യമായ കുത്തനെ ഒഴുകി ഇറങ്ങുന്ന തട്ടുതട്ടായി തട്ടി കളിക്കുന്ന വെള്ളച്ചാട്ടം കണ്ടു മതിയാവാതെ ഒരല്പനേരം കൂടി ചുറ്റോട് ചുറ്റും കണ്ണോടിച്ച് ഏകാന്തമായ ഒരു മനുഷ്യൻ പോലും ഇല്ലാതെ ഒറ്റയ്ക്ക് ആ വെള്ളച്ചാട്ടം കണ്ടിരിക്കാൻ ഒരല്പം ധൈര്യം ഉണ്ടായതുകൊണ്ട് മതിയാവോളം കാണാൻ സാധിച്ചു.

അവിടെനിന്നും ഒരൊറ്റ ഓട്ടമാണ് തിരികെ ബോട്ട് അടുപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക്. കുടുംബത്തെ ഒറ്റയ്ക്ക് ആക്കി വന്നു കാണാൻ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവർക്ക് താൽപര്യമുണ്ടെങ്കിലും ധൈര്യപ്പെടാത്തതിനാൽ ആ ഉദ്യമത്തിന് നിർബന്ധിച്ചില്ല. കൊച്ചു പമ്പയിൽ എത്തുന്നവർ കഴിയുമെങ്കിൽ ഈ വെള്ളച്ചാട്ടങ്ങൾ രണ്ടും കാണാൻ ശ്രമിക്കുന്നത് യാത്രയിലെ വ്യത്യസ്തത മനസ്സിൽ എന്നും തങ്ങിനിൽക്കാൻ ഉപകരിക്കും. ഞങ്ങൾക്ക് ഒരു വെള്ളച്ചാട്ടം മാത്രമേ കാണാൻ സാധിച്ചുള്ളൂ. അടുത്ത തവണ തൊട്ടടുത്തു തന്നെയുള്ള രണ്ടാമത്തെ വെള്ളച്ചാട്ടവും മഴക്കാലത്ത് എത്തിയാൽ സമൃദ്ധമായി കാണാൻ സാധിക്കും എന്ന് മനസ്സിൽ പറഞ്ഞുവെച്ചു.

തിരികെ ബോട്ട് ജെട്ടിയിലേക്ക് ബോട്ടിൽ കൊച്ചു പമ്പയുടെ വിശേഷങ്ങൾ വാതോരാതെ സംസാരിക്കുന്ന ബോട്ട് ഡ്രൈവർ കുന്തിരുക്ക മരവും ഏലയ്ക്ക തോട്ടവും എന്നുവേണ്ട അവിടെ കൃഷി ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞുകൊണ്ട് സമയം പോയത് അറിയാതെ ബോട്ട് ജെട്ടിയിൽ എത്തിച്ചേർന്നു.

ബോട്ടിൽ വരുന്ന വഴിക്ക് കാട്ടിലെ കാണേണ്ട കാഴ്ച ബോട്ടിന് തൊട്ടടുത്തു കൂടി ഒരു നീളൻ പാമ്പ് ഓരം പറ്റി കിടക്കുന്നത് കാണാൻ പറ്റി. എങ്കിലും കഴിഞ്ഞ തവണ വന്നപ്പോൾ ഒരാനയെ എങ്കിലും കാണാൻ കൊതിച്ച ഞങ്ങൾക്ക് ആനക്കൂട്ടത്തെ ഇവിടുത്തെ ബോട്ടിങ്ങിൽ തന്നെ കാണാൻ സാധിച്ചത് ഇത്തവണ സാധ്യമായില്ല എന്നുള്ള സങ്കടം അവശേഷിച്ചു.

താൽക്കാലികമായി തയ്യാറാക്കിയ ബോട്ട് ജെട്ടിയിൽ തിരികെയെത്തി ജാക്കറ്റ് കൈമാറി വിശപ്പിന്റെ വിളിയുമായി പടികൾ കയറി നേരെ വിശാലമായ കാന്റീനിലേക്ക് ആവി പറക്കുന്ന ചൂട് ചോറും അവിടെത്തന്നെ കൃഷി ചെയ്യുന്ന നാടൻ പച്ചക്കറികളും കൂട്ടിന് പപ്പടവും കൂടിച്ചേർന്നപ്പോൾ ഉച്ചയൂണ് കുശാൽ ആയി.

അങ്ങനെ സമൃദ്ധമായ ഊണിന് ഒപ്പം സന്തോഷപൂർവ്വം സമയമെടുത്ത് തിരക്കില്ലാത്തതിനാൽ ആവശ്യത്തിന് വിളമ്പിയെടുക്കാൻ പാകത്തിൽ എല്ലാം ഒരുക്കി വെച്ചത് ഞങ്ങൾക്ക് ഇഷ്ടമുള്ളത് കൂടുതൽ എടുക്കാൻ സൗകര്യപ്രദമായി. മുൻകൂട്ടി അറിയിച്ചാൽ മാത്രമേ ഇവിടെ ഉച്ചയൂണ് ലഭിക്കത്തുള്ളൂ എന്നത് യാത്രക്കാർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.

ഞങ്ങളുടെ ഭാഗ്യത്തിന് അരി ഇടുന്നതിനു മുമ്പ് എത്തിയതിനാലും തലേദിവസം താമസക്കാരുള്ളതിനാലും ഊണുകഴിക്കുന്നതിൽ മുടക്കം വന്നില്ല. ഊണുകഴിഞ്ഞ് കാൻറീന മുന്നിലുള്ള വിശാലമായ മുറ്റത്ത് വിശ്രമിക്കുമ്പോൾ ഒരല്പം നടത്തം ആകാമെന്നു കരുതി ഞങ്ങൾ നടന്നു നീങ്ങുമ്പോൾ കാലിൽ വല്ലാത്തൊരു പിടുത്തം കിട്ടി തിരിഞ്ഞു നോക്കുമ്പോൾ ഇതാ വരുന്നു അവിടുത്തെ സ്ഥിരം കക്ഷി അട്ട. കാലിൽ കയറിയ അട്ടയെ കണ്ട് കുതറി മാറി ഓടാൻ ശ്രമിച്ച ഭാര്യ ബിൻസി അവിടെയുണ്ടായിരുന്ന യാത്രക്കാർ കരുതിയ ഉപ്പ് അട്ട കടിച്ച സ്ഥലത്ത് മുകളിൽ വിതറാൻ ഒരല്പം ബാക്കി കിട്ടിയതിനാൽ ഒരുവിധത്തിൽ രക്ഷപ്പെട്ടു. യാത്രക്കാർ ഉപ്പു കരുതിയിരിക്കണം ഗവി പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ എന്നുള്ള പാഠവും ഞങ്ങൾക്ക് പഠിക്കാൻ പറ്റി.

ഉച്ചയ്ക്കുശേഷം തിരികെ കുമളിയിൽ നിന്നും പുറപ്പെടുന്ന കെഎസ്ആർടിസി ബസ് കാത്തിരുന്ന ഞങ്ങൾ അവിടെ കണ്ട വന വിഭവങ്ങൾ ലഭിക്കുന്ന കൗണ്ടറിൽ എത്തി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവിടെ അപ്പോൾ ലഭ്യമായ പുൽ തൈലം, കാട്ടു തേൻ കയ്യിൽ കിട്ടിയ മറ്റു ഒന്ന് രണ്ട് സാധനങ്ങൾ കൂടി മിതമായ വിലയ്ക്ക് കൈക്കലാക്കി. യാത്രക്കാർ ഇവിടെ വരുമ്പോൾ ശുദ്ധമായ വന വിഭവങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് തീർച്ചയായും ഒഴിവാക്കരുത്. ഗുണമേന്മയോടുകൂടി കുന്തിരിക്കം, ഏലയ്ക്ക ഉൾപ്പെടെ വിവിധ സാധനങ്ങൾ ഉപയോഗിച്ച അനുഭവസ്ഥർ എന്ന നിലയിൽ യാത്രക്കാരോട് അഭ്യർത്ഥിക്കാനുള്ളത് ഇവിടെ വരുമ്പോൾ ഇത്തരം സാധനങ്ങൾ മേടിക്കാൻ മറക്കരുത് എന്നാണ് ഓർമ്മപ്പെടുത്താനുള്ളത്.

അങ്ങനെ ഒരു ചെറിയ ഷോപ്പിംഗും കഴിഞ്ഞ് വണ്ടി വരാൻ സമയമായപ്പോൾ ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങി റോഡിനോട് ചേർന്ന് തൊട്ടടുത്തുള്ള ഹട്ടിൽ ഒരല്പനേരം ശുദ്ധ വായു ശ്വസിച്ച് വീശി അടിക്കുന്ന തണുത്ത കാറ്റുകൊണ്ട് ഇരുന്നു. കുമളിയിൽ നിന്നും പുറപ്പെട്ട ബസ് തിരികെ വരുമ്പോൾ ഒട്ടും തിരക്കില്ലാതെ അകത്തു കയറി മുൻനിരയിൽ തന്നെ സീറ്റ് ലഭിച്ചത് വീണ്ടും കാഴ്ചകളുടെ ലോകത്തെ വസന്തം കാണാൻ സാധിച്ചതും ഭാഗ്യമായി.

തിരികെ മടങ്ങുമ്പോഴും മഴയ്ക്ക് ഒരു കുറവുമില്ലാതെ ചന്നംപിന്നും മഴ അതിൻറെ താളത്തിൽ ചെയ്തുകൊണ്ടേയിരുന്നു. ഏതായാലും ഗവി യാത്രയിൽ വനത്തിൽ വന്നിട്ട് ആനയെ കണ്ടില്ല എന്ന പരിഭവവുമായി യാത്ര ചെയ്ത ഞങ്ങൾക്ക് ബസ്സിൽ വച്ച് തന്നെ റോഡിനു മുകളിൽ ഉയരത്തിൽ ദൂരെയുള്ള പുൽമേട്ടിൽ ഒരാന കൂട്ടത്തെ തന്നെ കാണാൻ സാധിച്ച മാത്രയിൽ ഡ്രൈവർ വണ്ടി ഒതുക്കി. ഒരല്പം നേരം ആനയെ കണ്ട ആവേശത്തിൽ ഫോട്ടോയും വീഡിയോയും ആവശ്യത്തിന് എടുക്കാൻ സമയം തന്ന ഡ്രൈവർ ചേട്ടന് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ പറഞ്ഞ സത്രം കാണേണ്ട കാഴ്ചയാണ് എന്നുള്ളത് ഇത്തവണയും നടക്കാത്തതിനാൽ വീണ്ടും വരുമ്പോൾ സത്രം നിർബന്ധമായും കാണാം എന്ന് മനസ്സിൽ കോറിയിട്ടു.

മടക്ക യാത്രയിൽ പെരുനാട് കൊച്ചുപാലത്താണ് വണ്ടി ഇട്ടതെങ്കിലും ചിറ്റാറിൽ ഇറങ്ങി വയ്യാറ്റുപുഴയ്ക്ക് ഷിബു മിനിയുടെ ബന്ധുവീട്ടിൽ പോകുന്ന വഴി കോന്നിയിലേക്ക് തിരിയുന്ന റോഡിൽ കുരിശടി നിൽക്കുന്ന ഈട്ടിചുവട് ജംഗ്ഷനിൽ മറ്റൊരു ബഹറിൻ പ്രവാസി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയ സണ്ണിച്ചായൻ നിൽക്കുന്നത് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതും യാത്രയ്ക്കൊടുവിൽ സന്തോഷം പങ്കിടാൻ പറ്റി.

യാത്രയിൽ കക്കി ഡാമിനടുത്ത് താമസിക്കുന്ന പ്രാദേശിക ജനങ്ങളും ഈ യാത്രയിൽ ബസ്സിൽ ഉണ്ടായിരുന്നു. കക്കി ഡാമിലെ മീൻപിടുത്തം ഇവർക്ക് ഒരു നിത്യതൊഴിലാണ്. ഇപ്പോൾ മീൻ വളർത്തൽ കക്കി ഡാമിൽ വിജയകരമായി മുന്നോട്ടു പോകുന്നു എന്നുള്ളതും എടുത്തു പറയേണ്ടതാണ്. മറ്റു ഡാമുകളിലും സമാനരീതിയിൽ മീൻ വളർത്തലും മീൻപിടുത്തവും മീൻ രുചിക്കലും ഭക്ഷണമായും വിനോദമായും ഒരു മെയിൻ ടൂറിസം എന്ന രീതിയിൽ വ്യാപകമായി ഡാമുകളിൽ ഏർപ്പെടുത്താവുന്നതാണ്.

ഡാം ടൂറിസവും ഫിഷ് ടൂറിസവും സംയോജിപ്പിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുവാൻ ക്രിയാത്മകമായ ദിനചര്യകൾ പരിപോഷിപ്പിക്കുന്നതിന് പകൽ ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ സഹായകമായ പദ്ധതികൾ ഡാമുകളോട് അനുബന്ധിച്ച് തുടങ്ങിയാൽ പ്രാദേശിക വിനോദസഞ്ചാര രംഗത്ത് അതൊരു പുത്തൻ തരംഗമാകും.

വെള്ളച്ചാട്ടങ്ങളെ കോർത്തിണക്കി ഡാമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ടൂറിസം യാത്രകൾ താമസത്തിനും വിനോദത്തിനും വിശ്രമത്തിനും നാടൻ വിഭവങ്ങൾ രുചിക്കാനും തങ്ങാനും പറ്റിയ ഇഷ്ട ഇടങ്ങളായി ഭാവിയിൽ രുചിയിടങ്ങളായി മാറ്റിയെടുക്കുന്നതിനും സാധിക്കും.

Tags:    
News Summary - If you get off at Kochu Pampa on the Gavi bus, you'll see two magnificent waterfalls.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.