കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം ഹിറ്റ് ആക്കിയ എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തിലെ ഒരു പഞ്ചായത്തിന് പ്രാദേശിക ടൂറിസം വഴി വരുമാനത്തിനു മുൻപന്തിയിലേക്ക് നയിച്ച പാമ്പാക്കുട പഞ്ചായത്ത് അരീക്കൽ വെള്ളച്ചാട്ടം,അതുപോലെ തന്നെ പിറവം മണ്ഡലത്തിലെ തിരുമാറാടി പഞ്ചായത്തിലെ കൊച്ചരീക്കൽ കാവുകൾ പേരിലും പെരുമയിലും ഈ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ദിവസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളെയുമായി എത്തുന്നത് പഞ്ചായത്തിന്, നാടിന്, നാട്ടുകാർക്ക് ഒരുപോലെ വരുമാന വർധനയ്ക്കും സ്ഥലത്തിന്റെ പേരിനും പ്രശസ്തിക്കും പെരുമ നൽകി എന്നത് പ്രാദേശിക ടൂറിസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.
തൃപ്പൂണിത്തുറ ഹിൽ പാലസ് കണ്ടതിനു ശേഷം ഉച്ചയൂണ് കഴിഞ്ഞ് വണ്ടി നേരെ വിട്ടത് അത് വരെ കേട്ടു മാത്രം പരിചയമുള്ള കൊച്ചരീക്കൽ ഗുഹ നേരിൽ കാണാൻ സാധിച്ചത് കുളിർമയുള്ള അനുഭവമാണ് മനസ്സിനും ശരീരത്തിനും സമ്മാനിച്ചത്. വർഷങ്ങളുടെ കാലപ്പഴക്കം പേറുന്ന കാവ് ഇന്നും അതിന്റെ പഴമ പ്രൗഢിയോടെ നിലനിർത്തി പോരുന്ന പ്രകൃതിയുടെ കനിവ് അവാച്യമായ അനുഭൂതിയാണ് പകർന്നു നൽകുന്നത്. വർഷങ്ങൾ പഴക്കമുള്ള പടുകൂറ്റൻ മരങ്ങളുടെ വേരുകളുടെ ഉള്ളറ തീർക്കുന്ന ഗുഹയിൽ എത്തിയാൽ മറ്റേതോ ലോകത്ത് എത്തിയ പ്രതീതിയാണ് ജനിപ്പിക്കുന്നത്.
കൊച്ചരീക്കൽ ഗുഹ
കാലാവസ്ഥ മാറ്റത്തിനും മഴയ്ക്കും മഞ്ഞിനും വെയിലിനും അവിടെ വ്യത്യാസങ്ങളില്ലാതെ തണുപ്പ് എന്ന ഒരേ അനുപാതത്തിൽ കോൾമയിർ കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന പരിസരം സംരക്ഷിച്ചു പോരുന്നത് പുതുതലമുറക്ക് പുതുമ ഏറെ ഇഷ്ടപ്പെടുന്നവർക്കും സമയം ചെലവഴിക്കാൻ പറ്റിയ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയെന്നതും എടുത്തു പറയേണ്ടതാണ്. അതിന് ഒരു പരിധി വരെ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം നിമിത്തമായി എന്നതും ശ്രദ്ധേയമാണ്. വെള്ളം ഒഴുകുന്നത് പോലെ കിളിനാദം കണക്കെ കേട്ടിരിക്കാൻ അൽപസമയം അവിടെ കുളത്തിൽ നീന്തിത്തുടിക്കാനും നീരാടാനും ഒക്കെ പറ്റിയ ഇടമാണ് കൊച്ചരീക്കൽ ഗുഹ.
അരീക്കൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങേണ്ടത് മുൻകൂട്ടി പ്ലാൻ ചെയ്തത് കൊണ്ട് ഇവിടെ നീന്താൻ ഇറങ്ങാനുള്ള താൽപര്യമുണ്ടായിരുന്നെങ്കിലും തൽക്കാലം ഉപേക്ഷിച്ചു. അടുത്ത സ്ഥലമായ അരീക്കൽ വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങളുടെ വിനോദ വണ്ടി നീങ്ങി തുടങ്ങുമ്പോൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങാനും കുളിക്കാനും സൗകര്യപ്രദമായ രീതിയിൽ വേണ്ട മുറികൾ വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ക്രമീകരിച്ച പാമ്പാക്കുട പഞ്ചായത്ത് നല്ലൊരു മാതൃകയാണ് മറ്റുള്ളവർക്ക് കണ്ടുപടിക്കുവാൻ സമാനമായ രീതിയിൽ നടപ്പിലാക്കുവാൻ പ്രചോദനമാകുന്നത്.
കുളിക്കാൻ താൽപര്യമില്ലാതെ മടിച്ചു നിൽക്കുന്നവർ പോലും അവിടെ വസ്ത്രം മാറാനുള്ള സൗകര്യം കണ്ട് ആൺ പെൺ പ്രായ വ്യത്യാസമില്ലാതെ രണ്ടും കൽപ്പിച്ച് വെള്ളച്ചാട്ടത്തിൽ ഒന്നെടുത്ത് ചാടി ആടി തിമിർക്കുന്ന കാഴ്ചയാണ് ഞങ്ങൾ അവിടെ എത്തിയപ്പോൾ കാണാൻ സാധിച്ചത്.പിന്നെ മറ്റൊന്നും ആലോചിക്കാതെ കൈയ്യിൽ കരുതിയ വസ്ത്രങ്ങൾ മാറ്റി വെള്ളത്തിൽ ചാടാൻ പാകത്തിൽ ശരീരവും മനസ്സും ഒരുപോലെ പാകപ്പെടുത്തി നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറണം എന്ന രീതിയിൽ ഓരോരുത്തരായി രാവിലെ മുതലുള്ള യാത്രയുടെ എല്ലാ ക്ഷീണവും തീർത്ത് അരീക്കൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും സുരക്ഷിതത്വവും സൗകര്യവും എല്ലാം പരമാവധി ആസ്വദിച്ച് പാറയിൽ നിന്നും തട്ടുതട്ടായി വരുന്ന വെള്ളം മഴലഭ്യത അതിന്റെ തീവ്രത അനുസരിച്ച് എറിയും കുറഞ്ഞും സമയം ചെലവഴിക്കാൻ പറ്റിയ ഇടമായി മാറിക്കഴിഞ്ഞു.
അരീക്കൽ വെള്ളച്ചാട്ടം
ഇനി മറ്റൊരു സ്ഥലം യാത്രയിൽ കാണാനില്ലാത്തത് കൊണ്ടും വിനോദ യാത്രക്കാർ ആവശ്യത്തിനു മതിമറന്ന് സന്ധ്യ മയങ്ങാൻ നേരം ആവോളം കുത്തനെയുള്ള വെള്ളച്ചാട്ടത്തിൽനിന്നും നേരിട്ടു ശരീരത്തിന് ലഭിക്കുന്ന ഊർജം സംഭരിച്ച് അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് ഞങ്ങളുടെ വണ്ടിയിൽ ഉണ്ടായിരുന്ന പ്രായ ഭേദമന്യേ എല്ലാവരും തന്നെ. അതിൽ 10 തവണ, അതിലേറെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി യാത്ര ചെയ്തവരെ ഉൾപ്പെടെ പരിചയപ്പെടാൻ സാധിച്ചത് നവ്യാനുഭവമായി.കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സാധാരണ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ മനസ്സിനെ മനം കുളിപ്പിക്കുന്ന ഒരു കൂട്ടായ്മയായി മാറുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഞങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമായത്.ഒപ്പം ജീവനക്കാരുടെ നിർലോഭമായ പിന്തുണയും പ്രോത്സാഹനവും പ്രചോദനവും പെരുമാറ്റവും യാത്രക്കാരായ ഞങ്ങൾക്ക് സമ്മാനിച്ചത് വിനോദവും വിജ്ഞാനവും മാത്രമല്ല വിലയേറിയ വികാരനിർഭരമായ നിമിഷങ്ങൾ കൂടിയാണ്.
സുനിൽ തോമസും കുടുംബവും
തിരികെ തിരുവല്ല ഡിപ്പോയിലേക്കുള്ള മടക്കയാത്രയിൽ ബസ്റ്റാൻഡ് അടുക്കാറാകുമ്പോൾ ആവേശം ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾപ്പിച്ച 'ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം' എന്ന ഈരടികൾക്കൊത്ത് ദ്രുത താളത്തിൽ ചടുല വേഗത്തിൽ സംഘനൃത്തത്തിന്റെ ചുവടുകളുമായി ടൂർ കോഡിനേറ്റർ കൂടിയായ കണ്ടക്ടർ 'രാജേഷ് ' രാവിലെ തുടക്കമിട്ട ആവേശം പെരുമഴയുടെ അകമ്പടിയോടുകൂടി രാത്രി അവസാനം തിരുവല്ലയിൽ എത്തും വരെ ഒരേ താളത്തിൽ ഒരേ മനസ്സോടെ ഒരേ ആവേശത്തോടെ ഒരേ വികാരത്തോടെ തമ്മിൽ തമ്മിൽ പരസ്പരം അറിയാതെ തുടങ്ങിയ യാത്രയിലെ യാത്രക്കാരെല്ലാം സാഹചര്യത്തിനൊത്ത് ഉയർന്ന നിലവാരത്തിൽ താളലയവിന്യാസം ആദ്യാവസാനം നിലനിർത്തി.ഡബിൾ ബെല്‍ അടിക്കുന്ന പോലെ ഡബിൾ ഊർജം കൈമുതലായ കണ്ടക്ടർ രാജേഷിനൊപ്പം പാട്ടുപാടാനും ആടാനും കരോക്കെ സംഗീതത്തിന് ചുവടുവെച്ച് മടിപിടിച്ച് നാണം കുണുങ്ങി ഇരുന്നവർ പോലും സീറ്റിൽ നിന്നും ഇറങ്ങി യാത്രയിൽ ഉടനീളം ബസ്സിൽ സജീവമായി സഹകരിച്ച ജീവനക്കാരും യാത്രക്കാരും ഏക മനസ്സോടെ ഒരേ റൂട്ടിലാണ് സഞ്ചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.