തേക്കടിയിലെ ഉല്ലാസയാത്രക്ക് ശേഷം കാണാന്‍ പോകുന്ന കാഴ്ചയെക്കുറിച്ച് ഏകദേശ ധാരണയുമായാണ് 20 പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഇടുക്കി വഴി പരുന്തുംപാറയിലേക്ക് യാത്ര തിരിച്ചത്. കുമളിയില്‍ നിന്ന് കാടിന് നടുവിലൂടെ കുറെ ദൂരം സഞ്ചരിച്ചാല്‍ കല്ലാറിലത്തെുമ്പോള്‍ പരുന്തുംപാറയെന്ന് എഴുതിയ നിറം മങ്ങിയ ഒരു മഞ്ഞബോര്‍ഡുണ്ട്. പ്രധാനറോഡില്‍ നിന്നും വിട്ടുമാറിയിട്ടുള്ള ടാറിട്ട റോഡിലൂടെയാണ് പരുന്തുംപാറയിലേക്ക് പോകേണ്ടത്. തേയിലത്തോട്ടങ്ങളും ചെറിയ കവലകളും വീട്ടിലുണ്ടാക്കിയ ചോക്ളേറ്റ് വില്‍ക്കുന്ന കടകളും മറ്റും കടന്നത്തെുന്നത് വലിയൊരു മൊട്ടക്കുന്നിന്‍െറ അടിവാരത്തിലാണ്. ഈ കുന്നിന്‍െറ മുകളിലേക്ക് കയറി താഴേക്കിറങ്ങൂന്ന ടാറിട്ട നല്ല റോഡുള്ളതിനാല്‍ വാഹനം സുഗമമായി ഇവിടെയത്തെും.
തണുപ്പാണെങ്കിലും ഐസ്ക്രീം വില്‍പ്പനക്കാര്‍ ധാരാളമുണ്ട്. നല്ല ചൂടു ചുക്ക് കാപ്പിയും ചായയും ചെറു പലഹാരങ്ങളും വില്‍ക്കുന്ന ഓല കൊണ്ട് മറച്ച വളരെച്ചെറിയ തട്ടുകടയുമുണ്ട്. കുളിര് കോരുന്ന തണുപ്പില്‍ ചൂടുള്ള ചായയും കുടിച്ച് കാഴ്ച കണ്ട് നില്‍ക്കുന്നതിന്‍െറ രസം പറഞ്ഞറിയിക്കാന്‍ കഴിയില്ല. വണ്ടിയില്‍ നിന്നിറങ്ങി ചുറ്റുപാടും നോക്കുമ്പോള്‍ പടര്‍പ്പ് പുല്ല് കൊണ്ട് മൂടിയ മൊട്ടക്കുന്നിന്‍െറ ഭംഗി കാണാം. അവിടെ നിന്നും തൊട്ടു മുകളില്‍ കാണുന്ന ഇരുമ്പ് കൈവരിയുടെ സമീപത്തേക്ക് കയറിനിന്നപ്പോള്‍ , ആ കാഴ്ച കണ്ടപ്പോള്‍ ‘എന്‍റമ്മോ’ എന്ന് അറിയാതെ വിളിച്ചു പോയി. വിവരാണാതീതം ആണ് ആ കാഴ്ച!
അഗാധമായ കൊക്കയും ചുറ്റിന് ആകാശം മുട്ടുന്ന മഞ്ഞു മൂടിയ മലനിരകളും... മഞ്ഞ് നീങ്ങുമ്പോഴാണ് കൊക്കയുടെ അഗാധത കാണുക. അപ്പോള്‍ മരണഭയം കൊണ്ട് നിന്നിടത്തു നിന്ന് നമ്മള്‍ പിന്നാക്കം മാറും. എന്നാലും ആ കാഴ്ചയില്‍ അലിഞ്ഞ് വീണ്ടും മുന്നോട്ട് കയറി നില്‍ക്കാന്‍ തോന്നും. എത്ര നേരം നിന്നാലും ആ കാഴ്ച മതിവരില്ല. 300 ഡിഗ്രി തല വട്ടം പിടിച്ചു നോക്കിയാലല്ലാതെ ആ മലനിരകള്‍ പൂര്‍ണമായി കാണാനാകില്ല. കാറ്റൊന്ന് വീശുമ്പോള്‍ കോടമഞ്ഞ് മേഘം കണക്കെ വന്നു മൂടും. കണ്ണ് തുറന്ന് പിടിച്ചാലും കോടയുടെ മഞ്ഞു പുതഞ്ഞ വെള്ളനിറം മാത്രം! അതിനകത്ത് നില്‍ക്കാനൊരു സുഖമുണ്ട്. അടുത്ത കാറ്റില്‍ അത്രയും മഞ്ഞ് അടുത്ത മലനിരകളിലേക്ക് നീങ്ങിപ്പോകും. അപ്പോള്‍ വിശാലമായ ഗഗനചുംബിയായ മലനിരകളിലെ പച്ചപ്പ് മനസില്‍ അവാച്യമായ ശാന്തത നിറക്കും. കണ്ണിന് മുന്നില്‍ മലനിരകളില്‍ നിന്നും ഉറവെയെടുക്കുന്ന നിരവധി കാട്ടുചോലകള്‍ വെള്ളച്ചാട്ടം സൃഷ്ടിക്കുന്നു. അതില്‍ മനം മയങ്ങി നില്‍ക്കുന്നതിനിടെ ചന്നംപിന്നം മഴനൂലുകള്‍ ചിതറിയടിക്കും. മഞ്ഞിനിടയിലെ മഴ കൊള്ളുന്നത് മറക്കാനാവാത്ത അനുഭവമാണ്. എത്തിപ്പെട്ടിരിക്കുന്നത് സ്വര്‍ഗത്തിലോ എന്ന് വരെ തോന്നും.
ഇത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലുള്ള പരുന്തുംപാറ! സമുദ്ര നിരപ്പില്‍ നിന്നും 3800 മീറ്റര്‍ ഉയരത്തിലാണ് ഇത്. മൊട്ടക്കുന്നുകളും പുല്‍മേടുകളും കൊക്കകളും പാറകൂട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം സൗന്ദര്യാരാധകരുടെ കണ്ണുതള്ളിക്കുമെന്നതില്‍ സംശയമില്ല. പച്ചപ്പിന്‍െറ സൗന്ദര്യം തേടിനടക്കുന്നവര്‍ക്കാതി പ്രകൃതി ഒരുക്കിയ സ്ഥലമാണ് പരുന്തുംപാറ. പരുന്തിന്‍്റെ ആകൃതിയിലുള്ള പാറകള്‍ ഉള്ളതിനാലാണ് ഈ സ്ഥലത്തിന് ആ പേരു കിട്ടിയത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരമേഖലയാണ് ഇപ്പോഴിത്.
കുമരകം-തേക്കടി , നെടുമ്പാശ്ശേരി-മൂന്നാര്‍ യാത്രകളിലും സഞ്ചാരികള്‍ ഇപ്പോള്‍ ഈ സ്ഥലം ഒഴിവാക്കാറില്ല. കീഴ്ക്കാംതൂക്കായ മലഞ്ചെരുവുകളിലൂടെ കുന്നിറങ്ങി ചെല്ലുന്നിടത്ത് കൊക്കയുടെ നടുവിലേക്ക് തള്ളി നില്‍ക്കുന്ന പരുന്തുംപാറ കാണാം. പറക്കാനാഞ്ഞു നില്‍ക്കുന്ന പരുന്തിന്‍െറ തലപോലെയാണ് ആ പാറയുടെ നില്‍പ്പ്. മഹാകവി രവീന്ദ്ര നാഥ ടാഗോറിന്‍്റെ ശിരസ്സുമായി സാമ്യമുണ്ടെന്ന് പുറത്തു നിന്നുള്ളവര്‍ പറയാറുണ്ട്. ആ ശിരസ് ഒരു ആത്മഹത്യ മുനമ്പ് കൂടിയാണ്. ഇടുക്കി ജില്ലയില്‍ നിന്നും ശബരിമല മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു മേഖല കൂടിയാണിത്. ഇത് കൊണ്ട് തന്നെ മകര ജ്യോതി ദര്‍ശിക്കാന്‍ ധാരാളം ഭക്തര്‍ ഇവിടെ തടിച്ചു കൂടുന്നുണ്ട്. ഭ്രമരം എന്ന ചലച്ചിത്രത്തിന്‍്റെ ചില പ്രധാന ഭാഗങ്ങള്‍ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.
how to reach പീരുമേട്ടില്‍ നിന്നും ആറ് കിലോമീറ്ററും തേക്കടിയില്‍ നിന്നും 25 കിലോമീറ്ററും കോട്ടയം-കുമളി നാഷണല്‍ ഹൈവയില്‍ നിന്നും മൂന്നു കിലോമീറ്ററും സഞ്ചരിച്ചാല്‍ പരുന്തുംപാറയിലത്തൊം.
where to stay ജൂണ്‍,ജൂലൈ മാസങ്ങള്‍ ഒഴിച്ചുള്ള എല്ലാ മാസങ്ങളിലും പരുന്തുംപാറ സഞ്ചാരികളാല്‍ സമൃദ്ധമാണ്. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പീരുമേട്ടിലോ കുമളിയിലോ തങ്ങി പരുന്തുംപാറ സന്ദര്‍ശിക്കാം.
related article: കാഴ്ചകള്‍ തേടി, കോട്ടയം-കുമളി റോഡിലൂടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.