ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ സൂപ്പർ ഫോർ പോരാട്ടത്തിനിടെ പാകിസ്താൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ നടത്തിയ ‘ഗൺ ഫയറിങ്’ ആഘോഷം വിവാദമായിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റുചെയ്ത പാകിസ്താന്റെ ഇന്നിങ്സ് ഓപൺ ചെയ്ത താരം അർധ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഗാലറിയിലേക്ക് വെടിയുതിർക്കുന്ന പോലെ ബാറ്റിനെ തോക്കാക്കിമാറ്റികൊണ്ട് ആഘോഷിക്കുകയായിരുന്നു.
ഫർഹാന്‍റെ ഇന്നിങ്സാണ് പാകിസ്താന്‍റെ സ്കോർ 150 കടത്തിയത്. പത്താം ഓവർ എറിഞ്ഞ അക്സർ പട്ടേലിനെ സിക്സ് പറത്തിയാണ് ഫർഹാൻ ഫിഫ്റ്റി പൂർത്തിയാക്കിയത്. 45 പന്തിൽ 58 റൺസുമായി നാലാമനായാണ് പുറത്തായത്. മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും നിറഞ്ഞതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. രാഷ്ട്രീയ സംഘർഷങ്ങളും ഗ്രൂപ്പ് റൗണ്ട് മത്സരത്തിലെ ഹസ്തദാന വിവാദവുമെല്ലാം നിറഞ്ഞുനിൽക്കുന്നതിനിടെയുള്ള താരത്തിന്‍റെ ഗൺ ഫയറിങ് ആഘോഷം സമൂഹമാധ്യമങ്ങളെയും ചൂടുപിടിപ്പിച്ചു. നിരവധി പേരാണ് താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ഒടുവിൽ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തി.
മനസിൽ തോന്നിയത് ചെയ്തതാണെന്നും ആളുകൾ പറയുന്നത് കാര്യമാക്കുന്നില്ലെന്നും ഫർഹാൻ പറഞ്ഞു. സൂപ്പർ ഫോറിൽ ശ്രീലങ്കയുമായുള്ള മത്സരത്തലേന്ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് താരത്തിന്‍റെ പ്രതികരണം. ‘നിങ്ങൾ ആ സിക്സിനെ കുറിച്ചാണ് പറയുന്നതെങ്കിൽ, ഭാവിയിൽ അത് ഒരുപാട് കാണും. പിന്നെ ഗൺ ഫയർ ആഘോഷം അപ്പോൾ മനസിൽ തോന്നിയതാണ്. അർധ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നത് പൊതുവെ കുറവാണ്. പക്ഷേ, ഇന്നലെ നടത്തിയ ആഘോഷം പെട്ടെന്ന് മനസിലേക്ക് വന്നതാണ്. ആളുകൾ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. അവർ പറയുന്നത് കാര്യമാക്കുന്നില്ല. എവിടെയാണെങ്കിലും ആക്രമണ ക്രിക്കറ്റ് കളിക്കണം, അത് ഇന്ത്യയാകണമൊന്നും നിർബന്ധമില്ല. എല്ലാ ടീമുകൾക്കെതിരെയും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം’ -ഫർഹാൻ പറഞ്ഞു.
‘എക്സ്’ പ്ലാറ്റ്ഫോമിലും ഫേസ്ബുക്കിലും ഉൾപ്പെടെ ഫർഹാന്‍റെ ആഘോഷത്തെ വിമർശിച്ച് ആരാധകർ രംഗത്തുവന്നിരുന്നു. ബി.സി.സി.ഐക്കും ഇന്ത്യൻ സർക്കാറിനും നാണക്കേട്, സൈന്യത്തെ അപമാനിക്കാൻ അവസരം നൽകിയ ബി.സി.സി.ഐ നാണക്കേട് തുടങ്ങിയ കുറിപ്പുകളോടെയാണ് ആരാധകർ പ്രതികരിച്ചത്. സ്പോർട്സിനെ രാഷ്ട്രീയവുമായി കൂട്ടികലർത്തരുതെന്നും, ഇന്ത്യ വിമാനത്തെയോ, ആരാധകരെയെ വെടിവെച്ചിടുന്ന പോലെ താരത്തിന്റെ ആക്ഷൻ തോന്നിപ്പിച്ചെന്നും ചിലർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.