ഗസ്സ യുദ്ധത്തിന്റെ ഗതി മാറുകയാണെന്ന് നെതന്യാഹു; അത് കൂടുതൽ ദുരിതവും ദീർഘിച്ചതുമാവുമെന്നും മുന്നറിയിപ്പ്

ഗസ്സ സിറ്റി: ഗസ്സയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് ലോക​മെമ്പാടും പ്രതിഷേധമുയര​വെ, യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. അത് കൂടുതൽ നീണ്ടതും പ്രയാസമേറിയതുമാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. കര,വ്യോമ, കടൽ മാർഗങ്ങളി​ലൂടെയുള്ള ആക്രമണമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ​അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു. ഗസ്സയെ തകർക്കാനുള്ള യുദ്ധത്തിൽ ഇസ്രായേലിന് സർവ പിന്തുണയുമായി യു.എസും കൂടെയുണ്ട്. യു.എസ്.എസ്. ഡ്വൈറ്റ് ഡി ഐസൻഹോവർ വിമാനവാഹിനിക്കപ്പലും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും ജിബ്രാൾട്ടർ കടലിടുക്കിലൂടെ മെഡിറ്ററേനിയനിലേക്ക് നീങ്ങി.

യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ഇതിനകം തന്നെ കിഴക്കൻ മെഡിറ്ററേനിയനിലാണ്. സൂയസ് കനാൽ വഴി യു.എസ് സെൻട്രൽ കമാൻഡ് മേഖലയിലേക്ക് ഐസൻഹോവർ നീങ്ങും.ഇസ്രായേലിന് ശക്തി പകരാൻ യു.എസിന്റെ സംഭാവനകളാണിത്.

ഗസ്സയിലെ ഇസ്രായേലിന്റെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള ജനങ്ങൾ തെരുവിൽ പ്രതിഷേധം നടത്തുകയാണ്.

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 15,000ത്തിലധികം ആളുകൾ യു.എസ് നഗരമായ സാൻ ഫ്രാൻസിസ്കോയിൽഹൈവേ ഉപരോധിച്ചതായി ആക്ടിവിസ്റ്റ് ഗ്രൂപ്പായ ജൂത വോയ്സ് ഫോർ പീസ് അറിയിച്ചു. ഫലസ്തീനികളും അറബികളും ജൂതൻമാരുമടക്കം ഇവിടെയുള്ള എല്ലാ മനുഷ്യരും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജൂത വോയ്സ് ഫോർ പീസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനാണ് ഇസ്രായേൽ യുദ്ധത്തിന്റെ ഗതി മാറ്റുന്നത്. സമ്പൂർണ ഉപരോധം ഏർപ്പെടുത്തി, വാർത്ത വിനിമയ സംവിധാനങ്ങൾ തകർത്ത് ഗസ്സയെ ഒറ്റപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ. ഗസ്സയിലെ മരണസംഖ്യ 8000 കടന്നു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതിനിടെ, തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഗസ്സയിൽ ഇ​സ്രായേൽ കൂട്ടക്കുരുതി തുടർന്നാൽ കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. പോരാട്ടം തുടരുമെന്ന് ഹമാസും വ്യക്തമാക്കി.

Tags:    
News Summary - Israel says offensive in Gaza entering ‘next phase​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.