സ്വയം വിഴുങ്ങുന്ന ഭീമൻ; വിക്കിപ്പീഡിയക്കും എട്ടിന്റെ പണികൊടുത്ത് എ.ഐ, ട്രാഫിക് കുറഞ്ഞത് എട്ട് ശതമാനം, ഉയരുന്ന ആശങ്കകൾ

നിർമിത ബുദ്ധിയുടെ വരവോടെ ​വെബ്സൈറ്റുകളിൽ സന്ദർശകർ കുറയുന്നുവെന്നത് ഏറെക്കാലമായി ഉയരുന്ന ആശങ്കയാണ്. സെർച്ച് റിസൽട്ടിൽ സമ്മറിയായി എ.ഐ നൽകുന്ന വിവരങ്ങളിൽ മിക്ക ആളുകളുടെയും തിരച്ചിലിനുള്ള ഉത്തരമുണ്ടാകും. ഇതോടെ തുടർന്നുള്ള വായന മിക്കവരും അവസാനിപ്പിക്കുകയാണ് പതിവ്.

സന്ദർശകർ കുറഞ്ഞത് പല വെബ്സൈറ്റുകളുടെയും വരുമാനത്തെ സാരമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയാവുന്നത്. വരുമാനക്കുറവ് വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചാൽ പിന്നാലെ എ.ഐ നൽകുന്ന വിവരങ്ങളിലും പ്രതിഫലിക്കും. സ്വന്തം വാല് വിഴുങ്ങാൻ ശ്രമിക്കുന്ന പാമ്പിനെപ്പോലെ, കരുതിയിരിക്കേണ്ട ഒരു അപകടമുന്നറിയിപ്പാണ് ഇന്റർനെറ്റ് ലോകം നൽകുന്നത്.

വിക്കിപ്പീഡിയ നൽകുന്ന മുന്നറിയിപ്പ്

ഏറ്റവുമവസാനം വിക്കിപ്പീഡിയയാണ് എ.ഐ ഉണ്ടാക്കുന്ന പ്രത്യാഘാതം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ തങ്ങളുടെ വെബ്സൈറ്റ് സന്ദർശനത്തിൽ എട്ട് ശതമാനം കുറവാണുണ്ടായതെന്ന് വിക്കിപ്പീഡിയ സീനിയർ ഡയറക്ടർ മാർഷൽ മില്ലർ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി വെബ്സൈറ്റ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ സാരമായ കുറവുണ്ടാവുന്നുണ്ട്. 2024ൽ ഇതേസമയത്തെ ട്രാഫിക്കുമായി താരതമ്യം​ ചെയ്യുമ്പോൾ എട്ടുശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും മില്ലർ ബ്ളോഗ് പോസ്റ്റിൽ പറഞ്ഞു.

ജെനറേറ്റീവ് എ.ഐ സാ​ങ്കേതികവിദ്യയും സമൂഹമാധ്യമങ്ങളുമാണ് മാറ്റത്തിന് പിന്നിലെന്നാണ് മില്ലറുടെ വിലയിരുത്തൽ. സെർച്ച് എഞ്ചിനുകളും എ.ഐ ഉപയോഗിച്ച് വിക്കിപ്പീഡിയയിൽ നിന്നടക്കം വിവരങ്ങൾ ഉപയോക്താക്കളെ കാണിക്കുന്നുണ്ടെന്ന് മില്ലർ ചൂണ്ടിക്കാണിക്കുന്നു.

‘ഉപയോക്താക്കൾ വിവരങ്ങൾ കണ്ടെത്താൻ സെർച്ച് എഞ്ചിനുകളും എ.ഐ ചാറ്റ്ബോട്ടുകളും സമൂഹമാധ്യമങ്ങളും കുടുതലായി ഉപയോഗിക്കുന്നതോടെ ഓൺലൈൻ പ്രസാധകരും വെബ്സൈറ്റുകളുമടക്കമുള്ളവർ സമാനമായ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെനറേറ്റീവ് എ.ഐ ഇത്തരത്തിൽ വിവരങ്ങൾ ശേഖരിച്ച് നൽകുമ്പോൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ ട്രാഫിക് കുറഞ്ഞ് ഉണ്ടാവുന്ന സാമ്പത്തിക സമ്മർദ്ദവും വെല്ലുവിളിയാണ്,’ അദ്ദേഹം പറഞ്ഞു.

മനുഷ്യരെന്ന വ്യാജേന വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ തിരയുന്ന നിർമിത ബുദ്ധി അധിഷ്ഠിത ബോട്ടുകളെ തിരിച്ചറിയാൻ വിക്കിപ്പീഡിയ സംവിധാനമേർപ്പെടുത്തിയതോടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.

‘2025 മെയ് മാസത്തോടെ, അസാധാരണമാംവിധം ഉയർന്ന പേജ് സന്ദർശനം ഞങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. അതിൽ ഭൂരിഭാഗവും ബ്രസീലിൽ നിന്നായിരുന്നു. തുടർന്ന്, നിലവിലെ ബോട്ട് കണ്ടെത്തൽ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്ത് ഞങ്ങൾ അന്വേഷണമാരംഭിച്ചു. പിന്നാലെ, 2025 മാർച്ച്-ഓഗസ്റ്റ് മാസങ്ങളിൽ വിക്കിപ്പീഡിയയിലെ സന്ദർശന വിവരങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി. ആളു​കളെന്ന വ്യാജേന പേജുകളിൽ നിന്ന് വിവരങ്ങൾ തേടിയ ബോട്ടുകളായിരുന്നു ഉയർന്ന ട്രാഫിക്കിന് പിന്നിൽ,’ മില്ലർ വ്യക്തമാക്കി.

ഉയരുന്ന ആശങ്കകൾ

പേജുകളിൽ സന്ദർശകർ കുറയുന്നതോടെ വിവിധ തലക്കെട്ടുകളിൽ രചയിതാക്കളുടെ സംഭാവന കു​റഞ്ഞേക്കുമെന്ന ആശങ്കയും മില്ലർ പങ്കുവെക്കുന്നു. ഇതിന് പുറ​മെ ഉപയോക്താക്കൾ കുറഞ്ഞാൽ വിക്കിപ്പീഡിയ ഫൗണ്ടേഷനുള്ള സാമ്പത്തിക പിന്തുണയിലുണ്ടായേക്കാവുന്ന കുറവ് പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകടം മുന്നിൽ കണ്ട് എ.ഐ വിവരശേഖരണം നിയന്ത്രിക്കുന്ന വിധത്തിൽ കൂടുതൽ നയങ്ങൾ ആവിഷ്‍കരിച്ച് നടപ്പാക്കാനൊരുങ്ങുകയാണ് വിക്കിപ്പീഡിയ. പുതിയ സാ​ങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുകൊണ്ടു​തന്നെ എല്ലാ വിവരങ്ങളിലും കടപ്പാട് പ്രദർശിപ്പിക്കുന്നതടക്കം നിബന്ധനകൾ കർശനമാക്കുമെന്നും മില്ലർ പറഞ്ഞു. 

Tags:    
News Summary - Wikipedia loses traffic as AI chatbots replace search visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.