നിങ്ങൾ സ്വന്തമായി ഒരു വാട്‌സ്ആപ് ചാനൽ തുടങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ അതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്, ചാനൽ ക്രിയേറ്റർമാർക്ക് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് പണം സമ്പാദിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ ടെലിഗ്രാം ഉൾപ്പടെയുള്ള ആപ്പുകളിൽ ഇത്തരം സംവിധാനങ്ങൾ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് വാട്‌സ്ആപ്പും ക്രിയേറ്റർമാർക്ക് വരുമാനം ഉറപ്പാക്കുന്ന ഫീച്ചർ പരീക്ഷിക്കുന്നത്. ഇതോടെ, വാട്‌സ്ആപ് ചാനലുകൾ വഴി വായനക്കാരിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനൊപ്പം മികച്ചൊരു വരുമാന മാർഗത്തിനു കൂടിയാണ് അവസരമൊരുങ്ങുന്നത്.നിലവിൽ സൗജന്യമായി വിവരങ്ങൾ പങ്കുവെക്കാൻ ഉപയോഗിക്കുന്ന ചാനലുകളെ, വരുമാനം കണ്ടെത്താനുള്ള മാർഗമാക്കി മാറ്റാനാണ് മെറ്റയുടെ ലക്ഷ്യം.
ഈ ഫീച്ചർ വരുന്നതോടെ ചാനൽ ഉടമകൾക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബർമാർക്കായി പ്രത്യേക ഉള്ളടക്കങ്ങൾ നൽകാം. ഈ വിവരങ്ങൾ കാണുന്നതിനായി വായനക്കാർ നിശ്ചിത തുക സബ്‌സ്‌ക്രിപ്‌ഷൻ ഫീസായി നൽകേണ്ടി വരും. സാധാരണ പോസ്റ്റുകൾ എല്ലാവർക്കും സൗജന്യമായി കാണാമെങ്കിലും, പ്രീമിയം പോസ്റ്റുകൾ പണം നൽകുന്നവർക്ക് മാത്രമേ ലഭ്യമാകൂ. എത്ര തുക ഈടാക്കണമെന്ന് ചാനൽ ഉടമകൾക്ക് തന്നെ തീരുമാനിക്കാം.
വാട്‌സ്ആപ് ചാനലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന 'WABetaInfo' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഒരു ചാനലിന് എത്ര പെയ്ഡ് സബ്‌സ്‌ക്രൈബർമാരുണ്ടെന്ന് ചാനൽ ഇൻഫോ സെക്ഷനിൽ എല്ലാവർക്കും കാണാൻ സാധിക്കും. ഇത് ആ ചാനലിന്റെ വിശ്വാസ്യതയും ജനപ്രീതിയും മനസ്സിലാക്കി പണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വായനക്കാരെ സഹായിക്കും.
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പണം ഈടാക്കുന്ന സംവിധാനം വരുമ്പോഴും നിലവിലെ സൗജന്യ സേവനങ്ങളെ അത് ബാധിക്കില്ല എന്നതാണ് ശ്രദ്ധേയം. ചാനലുകൾ പിന്തുടരുന്നവർക്ക് പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യുക എന്നത് തികച്ചും അവരുടെ ഇഷ്ടാനുസരണം മാത്രമായിരിക്കും. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ തുടർന്നും സൗജന്യമായി തന്നെ ലഭ്യമാകും. എന്നാൽ, കൂടുതൽ സവിശേഷമായതോ പ്രാധാന്യമുള്ളതോ ആയ വിവരങ്ങൾ ആവശ്യമുള്ളവർക്ക് മാത്രം പ്രീമിയം അംഗത്വം എടുക്കാവുന്നതാണ്.
അതേസമയം, പണം ഈടാക്കുന്ന പോസ്റ്റുകളിലും വാട്‌സ്ആപ്പിന്റെ കർശനമായ സുരക്ഷ നിബന്ധനകൾ ബാധകമായിരിക്കും. പണം നൽകിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആണെങ്കിൽ പോലും നിയമവിരുദ്ധമായതോ ഹാനികരമായതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കാൻ പ്ലാറ്റ്‌ഫോം അനുവദിക്കില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശനമായ മോണിറ്ററിങ് സംവിധാനവും ഇതിനൊപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.