ലോകത്തിലെ നമ്പർ വൺ 'പാസ്‌വേഡ് മാനേജർ' ഹാക്ക് ചെയ്യപ്പെട്ടു; ഞെട്ടലിൽ കമ്പനി

ഡിജിറ്റൽ യുഗം മനുഷ്യർക്ക് ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തിട്ടുണ്ട്. എന്നാൽ, അത് ഏറ്റവും കൂടുതലായി നമ്മുടെ ഓർമ ശക്തിയെയാണ് ബാധിച്ചത്. ഇന്റർനെറ്റ് ലോകത്ത് നമ്മെ സുരക്ഷിതമാക്കി നിർത്താൻ സഹായിക്കുന്ന പാസ്‌വേഡുകൾ പോലും മറന്നുപോകുന്ന അവസ്ഥയാണ് മനുഷ്യർക്കിപ്പോൾ. അവിടെയാണ് 'പാസ്‌വേഡ് മാനേജറുകൾ' സഹായിയായി എത്തിയത്.

ഇ-മെയിലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്കിങ് ആപ്പുകൾ, ക്രിപ്റ്റോ കറൻസി വാലറ്റുകൾ തുടങ്ങി, നിരവധി സേവനങ്ങൾ ഉപയോഗിക്കുന്ന നെറ്റിസൺസിന് അവരുടെ യൂസർ ഐഡികളും പാസ്‌വേഡുകളും മറ്റ് രഹസ്യ വിവരങ്ങളും സുരക്ഷിതമായി ശേഖരിച്ച് വെക്കാനൊരിടം. അതാണ് പാസ്‌വേഡ് മാനേജർ. ആപ്പ് സ്റ്റോറുകളിൽ ലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള പാസ്‌വേഡ് മാനേജറുകളുണ്ട്.


എന്നാൽ, പൊലീസുകാരന്റെ പോക്കറ്റടിച്ചത് പോലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഫെയ്മസായ ഒരു പാസ്‌വേഡ് മാനേജർ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. 'ലാസ്റ്റ്പാസ് (LastPass) എന്ന പേര് കേൾക്കാത്ത നെറ്റിസൺസ് ചുരുക്കമായിരിക്കും. പാസ്‌വേഡുകൾക്ക് സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്ന ലാസ്റ്റ്പാസ് തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ടത്.

രണ്ടാഴ്ച മുമ്പ് തങ്ങളുടെ ആപ്ലിക്കേഷനിൽ അസാധാരണമായ ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടതായി ഒരു ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി തന്നെയാണ് അറിയിച്ചത്. തങ്ങളുടെ ചില സോഴ്സ് കോഡുകളിലേക്ക് ഹാക്കർമാർ നിയമവിരുദ്ധമായ പ്രവേശനം നേടിയതായി ലാസ്റ്റ്പാസ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഉപഭോക്തൃ ഡാറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്‌ത പാസ്‌വേഡ് വോൾട്ടുകളിലേക്കോ പ്രവേശനം നേടിയതിനുള്ള തെളിവുകളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നും അധികൃതർ അറിയിച്ചു.


33 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ലാസ്റ്റ്പാസ് എന്തായാലും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ കൂടുതൽ മെച്ചപ്പെടുത്തിയ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അനധികൃത പ്രവർത്തനത്തിന്റെ കൂടുതൽ തെളിവുകളൊന്നും ഇപ്പോൾ കാണുന്നില്ലെന്നും കമ്പനി വെളിപ്പെടുത്തി. പാസ്‌വേഡ് മാനേജറിന്റെ സേവനം സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - World’s most popular password manager was hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.