വാട്സ്ആപ്പ് സുരക്ഷിതമാണെന്ന് ചിലർ കരുതുന്നു, എന്നാൽ എല്ലാ രാത്രിയിലും ഡേറ്റ കടത്തുന്നു; ആരോപണവുമായി മസ്ക്

മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്, ഉപയോക്താക്കളുടെ ഡേറ്റ കടത്തുന്നുവെന്ന ആരോപണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് പരസ്യത്തിനായും ഉപഭോക്താക്കളെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കാനും ഉപയോഗിക്കുകയാണെന്ന എക്‌സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും മേധാവി കൂടിയായ മസ്‌ക് ഇക്കാര്യം പറഞ്ഞത്.

‘വാട്സ്ആപ്പ് എല്ലാ രാത്രിയിലും ഉപയോക്താക്കളുടെ ഡേറ്റ കടത്തുകയാണ്. എന്നാൽ ചിലർ ഇപ്പോഴും ഇത് സുരക്ഷിതമാണെന്ന് കരുതുന്നു’ -മസ്ക് എക്സിൽ കുറിച്ചു. മസ്‌കിന്റെ ആരോപണത്തോട് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗോ വാട്സ്ആപ്പ് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സക്കര്‍ബര്‍ഗിനെതിരെ മുൻപും പലതവണ മസ്ക് രംഗത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽനിന്ന് യൂസർ ഡേറ്റ പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മസ്ക് ആരോപിച്ചിരുന്നു.

അതേസമയം വാട്സ്ആപ്പ് ഡേറ്റ കൈമാറ്റം ചെയ്യുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വിഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാക്ക് ചോദിക്കുന്നു. മെറ്റ, ഡേറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം. എന്നാല്‍ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും കാര്‍മാക്ക് എക്സിൽ കുറിച്ചു.

Tags:    
News Summary - WhatsApp exports your user data every night: Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.