പുതിയ ‘ഡയലർ ഫീച്ചറുമായി’ വാട്സ്ആപ്പ്

മെറ്റയുടെ വാട്സ്ആപ്പ് കേവലമൊരു മെസ്സേജിങ് ആപ്പായി മാത്രമൊതുങ്ങാനുള്ള പദ്ധതിയിലല്ലെന്ന് പറയേണ്ടിവരും. സമീപകാലത്തായി വാട്സ്ആപ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറുകൾ നൽകുന്ന സൂചന അതാണ്. ഇന്ത്യയിൽ വാട്സ്ആപ്പ് പോലെ ചൈനയിൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പാണ് വീചാറ്റ്. ഒരു ഓൾ ഇൻ വൺ ആപ്പായ വീചാറ്റ്, ചൈനക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ എണ്ണമറ്റതാണ്.

വീചാറ്റിന്റെ പാത പിന്തുടർന്ന് വാട്സ്ആപ്പും ഒരു ഓൾ ഇൻ വൺ ആപ്പായി മാറാനുള്ള പുറപ്പാടിലാണ്. നേരത്തെ വാട്സ്ആപ്പിൽ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകൾ ഓഫ്‍ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ വാട്സ്ആപ്പിൽ ഇൻ-ആപ്പ് ഡയലർ അവതരിപ്പിക്കാൻ പോവുകയാണ് മെറ്റ.

അതെ, വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷൻ വരുമെന്ന സൂചന പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇൻഫോ ആണ് നൽകിയിരിക്കുന്നത്. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളിയായാണ് വാട്സ്ആപ്പ് ഡയലർ അവതരിപ്പിക്കുന്നത്. നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ ആളുകളെ കോൾ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.

ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം എല്ലാ യൂസർമാരിലേക്കും എത്തിക്കും. 

‘ഡയലർ ഇൻ്റർഫേസിൻ്റെ’ കൃത്യമായ സംയോജനം എവിടെയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാട്ട്‌സ്ആപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

Tags:    
News Summary - WhatsApp Developing In-App Dialer Feature for Calling Unsaved Contacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.