ആയിരക്കണക്കിന് ഡ്രോൺ ആക്രമണങ്ങളിൽ പരീക്ഷിച്ച വിജയം; യു.എസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രതിരോധ സംവിധാനമായി 'മാവെൻ' എ.ഐ സിസ്റ്റം

ന്യൂയോർക്ക്: യു.എസ് തങ്ങളുടെ യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. ശത്രുക്കളെ കണ്ടെത്താനും ലക്ഷ്യങ്ങൾ കൃത്യമായി തിരിച്ചറിയാനും സഹായിക്കുന്ന 'മാവെൻ' ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തെ യു.എസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രതിരോധ സംവിധാനമായി പെന്റഗൺ അംഗീകരിച്ചു. പ്രമുഖ പ്രതിരോധ സാങ്കേതിക കമ്പനിയായ 'പാലന്റിർ' വികസിപ്പിച്ച ഈ എ.ഐ സംവിധാനം ഇനിമുതൽ യു.എസ് പ്രതിരോധ വകുപ്പിന്റെ യുദ്ധതന്ത്രങ്ങളിൽ പ്രധാന്യമുള്ളതായി മാറും. ഏത് തരം വെല്ലുവിളികളെയും നേരിടാൻ സൈനികർക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗ് വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന സെപ്റ്റംബറോടെ പുതിയ സംവിധാനം പൂർണമായും പ്രാബല്യത്തിൽ വരും.

ഉപഗ്രഹങ്ങൾ, ഡ്രോണുകൾ, റഡാറുകൾ, സെൻസറുകൾ എന്നിവയിൽ നിന്നുള്ള ഭീമമായ വിവരങ്ങൾ അതിവേഗം വിശകലനം ചെയ്ത് ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം കണ്ടെത്താൻ മാവെൻ സ്മാർട്ട് സിസ്റ്റത്തിന് സാധിക്കും. മുമ്പ് മണിക്കൂറുകൾ എടുത്തിരുന്ന ഈ പരിശോധനകൾ ഇപ്പോൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ശത്രുക്കളുടെ സൈനിക വാഹനങ്ങൾ, കെട്ടിടങ്ങൾ, ആയുധപ്പുരകൾ എന്നിവ കൃത്യമായി തിരിച്ചറിയാൻ എ.ഐ സൈന്യത്തെ സഹായിക്കും. നിലവിൽ മധ്യേഷ്യയിൽ ഇറാനെതിരെയുള്ള ആയിരക്കണക്കിന് ഡ്രോൺ ആക്രമണങ്ങളിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഔദ്യോഗിക സംവിധാനമായി അംഗീകരിച്ചതോടെ പ്രതിരോധ ബജറ്റിൽനിന്ന് മാവെൻ സിസ്റ്റത്തിന് വലിയ തുക സ്ഥിരമായി ലഭിക്കാനും സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഇത് നടപ്പിലാക്കാനും സാധിക്കും.

അതേസമയം, യുദ്ധക്കളത്തിൽ എ.ഐ ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലില്ലാതെ എ.ഐ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നത് ധാർമികവും നിയമപരവുമായ വെല്ലുവിളികൾ ഉയർത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതികൾ മുന്നറിയിപ്പ് നൽകി. എന്നാൽ, തങ്ങളുടെ സോഫ്റ്റ്‌വെയർ വിവരങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും മാരകമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും മനുഷ്യർ തന്നെയാണെന്നും പാലന്റിർ അധികൃതർ വിശദീകരിച്ചു. ഈ സുപ്രധാന നീക്കം പാലന്റിർ കമ്പനിയുടെ വിപണി മൂല്യത്തിലും വലിയ മുന്നേറ്റമുണ്ടാക്കി. യു.എസ് സൈന്യവുമായുള്ള ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ കമ്പനിയുടെ ഓഹരി വില ഇരട്ടിയായി വർധിക്കാൻ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സൈന്യത്തിന്റെ ചീഫ് ഡിജിറ്റൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫിസിലേക്ക് മാവെൻ സിസ്റ്റത്തിന്റെ മേൽനോട്ടം മാറ്റാനാണ് തീരുമാനം.

Tags:    
News Summary - Tested and successful in thousands of drone attacks; 'Maven' AI system becomes official defense system of US military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.