എക്സിൽ കുട്ടികൾ സുരക്ഷിതരല്ല; 13 വയസ്സുകാർക്ക് മുന്നിലെത്തുന്നത് അശ്ലീല ദൃശ്യങ്ങൾ! ഞെട്ടിക്കുന്ന റിപ്പോർട്ട്

ലണ്ടൻ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വലിയ സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് പോലും കടുത്ത ലൈംഗികാതിപ്രസരമുള്ള ദൃശ്യങ്ങളും സന്ദേശങ്ങളും എത്തുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. യു.കെയിലെ 'സെന്റർ ഫോർ കൗണ്ടർ ഡിജിറ്റൽ ഹേറ്റ്' (CCDH) നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തലുകൾ.

13 വയസ്സുള്ള കുട്ടികളുടേതെന്ന വ്യാജേന രണ്ട് അക്കൗണ്ടുകൾ നിർമിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഈ അക്കൗണ്ടുകളിൽ നിന്ന് നടത്തിയ തിരച്ചിലുകളിൽ പത്തിൽ എട്ട് തവണയും എക്സിന്റെ സ്വന്തം നയങ്ങൾ പ്രകാരം നിരോധിക്കപ്പെടേണ്ട അശ്ലീല ഉള്ളടക്കങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഒരിക്കൽ തിരച്ചിൽ നടത്തിക്കഴിഞ്ഞാൽ, പിന്നീട് തിരഞ്ഞില്ലെങ്കിലും കുട്ടികളുടെ 'ഫോർ യു' (For You) ഫീഡിൽ ഇത്തരം ദൃശ്യങ്ങൾ നിരന്തരം ശിപാർശ ചെയ്യപ്പെടുന്നു. ഇത്തരം അക്കൗണ്ടുകളിൽ വന്ന പോസ്റ്റുകളിൽ 30.5 ശതമാനവും നഗ്നതയോ ലൈംഗിക ദൃശ്യങ്ങളോ അടങ്ങിയവയായിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടേതെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നു എന്നത് ഭീതി വർധിപ്പിക്കുന്നു.

18 വയസ്സിന് താഴെയുള്ളവർക്ക് അപരിചിതരിൽ നിന്ന് സന്ദേശങ്ങൾ വരാത്ത രീതിയിലുള്ള സെറ്റിങ്സ് എക്സിൽ ഉണ്ടെങ്കിലും, അത് മാറ്റാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ സെറ്റിങ്സ് മാറ്റിയപ്പോൾ പഠനത്തിനായി ഉപയോഗിച്ച അക്കൗണ്ടുകളിലേക്ക് മുതിർന്നവരിൽ നിന്ന് അശ്ലീല വിഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളായി എത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ദൃശ്യങ്ങൾ കൈമാറുന്ന ഗ്രൂപ്പുകളിൽ ചേരാൻ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടുകൾക്ക് യാതൊരു തടസ്സവുമില്ലെന്നും ഗവേഷകർ കണ്ടെത്തി.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്ന 'ഓൺലൈൻ സേഫ്റ്റി ആക്ട്' (Online Safety Act) ലംഘിക്കുന്നതാണ് എക്സിലെ ഈ സാഹചര്യമെന്ന് സി.സി.ഡി.എച്ച് ഹെഡ് കല്ലം ഹുഡ് പറഞ്ഞു. പ്ലാറ്റ്‌ഫോമിലെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിലെ എ.ഐ ചാറ്റ്ബോട്ടായ 'ഗ്രോക്കി'നെതിരെയും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഗ്രോക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിക്കപ്പെടുന്നുണ്ടെന്ന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ വിമർശിച്ചിരുന്നു. ഇതിനെത്തുടർന്ന് യു.കെയിലെ വാർത്താവിനിമയ നിയന്ത്രണ ഏജൻസിയായ 'ഓഫ്കോം' എക്സിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Study finds Elon Musk’s X exposing young teens to pornographic content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.