സ്മാർട്ട് ഫോണുകൾക്ക് പകരക്കാരനോ? ഗെയിം ചേഞ്ചർ ഡിവൈസ് അവതരിപ്പിക്കാൻ ഓപൺ എ.ഐ, അടുത്ത വിപ്ലവമെന്ന് ടെക് ലോകം

ടെക് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായിരുന്നു മൊബൈൽ ഫോൺ. കൈയിലൊതുങ്ങാവുന്ന മൊബൈൽ ഫോണുകൾ ആദ്യം അത്ഭുതമാണെങ്കിലും പിന്നീട് നിത്യ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഒന്നായി മാറി. എന്നാൽ ഭാവിയിൽ സ്മാർട്ട്ഫോണുൾക്ക് പകരം നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയേക്കാവുന്ന ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സി.ഇ.ഒ സാം ആള്‍ട്ട്മാന്‍. ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി ചേർന്നാണ് ആൾട്ട്മാൻ പുതിയ ടെക് വിപ്ലവത്തിന് വഴിയൊരുക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എ.ഐ അധിഷ്ഠിത ഹാര്‍ഡ് വെയര്‍ ഉപകരണം അടുത്ത ടെക് വിപ്ലവമാകും എന്ന് സാം ആള്‍ട്ട്മാന്‍ അവകാശപ്പെട്ടു. ജനറേറ്റീവ് എ.ഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിർമാണം. ഇവ രൂപത്തിലും പ്രവര്‍ത്തന രീതിയിലും നിലവിലെ സ്മാര്‍ട്ട്ഫോണോ സ്മാര്‍ട്ട് ഗ്ലാസോ പോലെ ആയിരിക്കില്ലെന്ന് ആള്‍ട്ട്മാന്‍ സൂചിപ്പിക്കുന്നു. ഡിവൈസിനെ ക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണ്.

ലോഞ്ചിങ്ങിനു മുന്‍പ് തന്നെ എതിരാളികള്‍ സമാനമായ ഫീച്ചറുകള്‍ കോപ്പിയടിച്ച് നേരത്തെ വിപണിയിലിറക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിവരങ്ങൾ പുറത്ത് വിടാത്തതെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഓപണ്‍ എ.ഐ യോഗത്തില്‍ പങ്കെടുത്ത സ്റ്റാഫ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ 'ദി വെര്‍ജ്', 'ഫ്യൂച്ചറിസം' തുടങ്ങിയ അന്താരാഷ്ട്ര ടെക് പോര്‍ട്ടലുകള്‍ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഭാരം കുറഞ്ഞ പോക്കറ്റ് സൈസുള്ള കൊച്ചു ഡിവൈസാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മൊബൈലും കംമ്പ്യൂട്ടറും പോലെ കാണാന്‍ സ്‌ക്രീനുണ്ടാകില്ല. ഉപയോക്താക്കളുടെ ചിന്തയും മനസും വായിച്ചെടുക്കാനാകും. ഇതൊക്കെയാണ് പുറത്തുവന്ന സൂചനകള്‍.

ഈ ഉപകരണത്തിന്റെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാന്‍ തന്നെ നിരവധി വര്‍ഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പരമ്പരാഗത സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ഉപയോക്തൃസൗഹൃദമായ രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ടൈപ്പിംഗ്, ടച്ച് ഇന്‍പുട്ടുകള്‍ എന്നിവക്ക് പകരം പുതിയ ഉപകരണം വോയ്‌സ് കമാന്‍ഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക. 

Tags:    
News Summary - Sam Altman and Jony Ive are developing new AI hardware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.