ഇന്ത്യയിലുൾപ്പെടെ 14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ​ഫോൺ നിർമാതാക്കളിൽ ഒരാളായിരുന്ന ഫിന്നിഷ് കമ്പനിയായ നോക്കിയ ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നു. 14,000 ത്തോളം വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ലോകമെമ്പാടും ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരുടെ എണ്ണം കുറക്കും.

ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 74,000 ത്തോളം ജീവനക്കാരാനുള്ളത്. ഇതി​ൽ 17,000ത്തോളം ജീവനക്കാർ ഇന്ത്യയിലാണ്. ആഗോളതലത്തിൽ 20ശതമാനം ജീവനക്കാരെയാണ് നോക്കിയ കുറക്കുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, ​മൈക്രോസോഫ്റ്റ്, ഗൂഗ്ൾ തുടങ്ങിയ ടെക് ഭീമൻമാർ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നോക്കിയയുടെ തീരുമാനം. മെറ്റ 15,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായും അഭ്യൂഹമുണ്ട്.

ഒരുകാലത്ത് ഇന്ത്യൻ ഫോൺരംഗം അടക്കിവാണിരുന്ന നോക്കിയയുടെ പ്രകടനത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇടിവ് സംഭവിച്ചിട്ടുണ്ട്. 2025ലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റവിൽപ്പന വർഷം തോറും 15 ശതമാനം ഇടിഞ്ഞ് 4,290 കോടി രൂപയിലെത്തിയിരുന്നു. മുൻവർഷം ഇതേ പാദത്തിൽ കമ്പനിയുടെ ഇന്ത്യയിലെ അറ്റ ​​വിൽപ്പന 5,000 കോടി രൂപ ആയിരുന്നു.

അതേസമയം, നോക്കിയ ഇന്ത്യയിൽ നേതൃമാറ്റവും കൊണ്ടുവന്നിരുന്നു. ഏപ്രിൽ ഒന്നുമുതൽ സമർ മിത്തൽ ഇന്ത്യ കൺട്രി ബിസിനസ് ലീഡറായും വിഭ മെഹ്റ ഇന്ത്യ കൺട്രി മാനേജറായും ചുമതലയേൽക്കും. മുൻ ഇന്ത്യ മേധാവി തരുൺ ഛബ്ര സ്ഥാനം രാജിവെച്ചിരുന്നു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി നോക്കിയ ആഗോള ജീവനക്കാരുടെ എണ്ണം കുത്തനെ കുറക്കുന്നുണ്ട്. 2018ൽ 1,03,000 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ഇപ്പോൾ ഇത് 74000ത്തോളം മാത്രമാണ്. യൂറോപ്പിലും സമാനരീതിയിൽ ജീവനക്കാരുടെ എണ്ണം കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രീസ്, ഇറ്റലി, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലായി 1400ഓളം ജോലികളാണ് കമ്പനി ഒഴിവാക്കിയേക്കുക.

അതേസമയം നോക്കിയയുടെ എതിരാളികളായ ​എറിക്സണും തങ്ങളുടെ ജീവനക്കാരെ കുറക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം കമ്പനി ഏകദേശം 5,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.  

Tags:    
News Summary - Nokia set to lay off 14,000 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.