ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുതിയ ആൻഡ്രോയിഡ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. നിലവിലുള്ള ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് അപ്ഡേറ്റ് ചെയ്താൽ പുതിയ പതിപ്പ് ലഭ്യമാകും.
പഴയ ആപ്പിന്റെ തകരാറുകൾ പരിഹരിക്കുന്നതിന് പകരം പൂർണ്ണമായും അടിമുടി മാറ്റിപ്പണിതാണ് പുതിയ ആൻഡ്രോയിഡ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് പ്രോജക്റ്റുകളിൽ ഒന്നാണിതെന്ന് എക്സിന്റെ പ്രൊഡക്റ്റ് ഹെഡ് നികിത ബീർ വിശേഷിപ്പിച്ചു.
ജൂലൈ 20ന് പുറത്തിറങ്ങിയ എക്സിന്‍റെ ആൻഡ്രോയിഡ് വേർഷൻ വേഗതയും സുഗമമയ പ്രവർത്തനവും, നോട്ടിഫിക്കേഷനുകൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ലഭിക്കുവാനും, കൂടുതൽ വിശ്വാസ്യത ഉറപ്പു നൽകുവാനും രൂപപ്പെടുത്തിയതാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആൻഡ്രോയിഡിനായി എക്സ് ഒരു പ്രത്യേക ഡ്രീം ടീമിനെ നിയോഗിച്ചത്. ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഈ മാറ്റം ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളതലത്തിൽ ഐഒഎസിനേക്കാൾ കൂടുതൽ ആൻഡ്രോയിഡ് ഉപയോക്താക്കളുള്ളതിനാൽ, ഈ മാറ്റം കൂടുതൽ ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുമെന്നാണ് എക്സ് പ്രതീക്ഷിക്കുന്നത്. എങ്കിലും, പഴയ ആൻഡ്രോയിഡ് ഫോണുകളിലെ പ്രകടനം മെച്ചപ്പെടുത്തുക, തത്സമയ ഓഡിയോ ഫീച്ചറായ സ്പേസസ് ഉൾപ്പെടുത്തുക തുടങ്ങിയ ചില കാര്യങ്ങളിൽ ഇനി കുറച്ചു കൂടി ജോലികൾ ചെയ്യാനുണ്ടെന്ന് നികിത ബീർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വീഡിയോ എഡിറ്റർ, കാഷ്‌ടാഗുകൾ, കസ്റ്റം ടൈംലൈനുകൾ തുടങ്ങിയ മറ്റ് ഫീച്ചറുകളും വരും ദിവസങ്ങളിൽ ആൻഡ്രോയിഡിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.