'ചരിത്ര നിമിഷം'; മൊറോക്കോയുടെ വിജയത്തിലെ ആവേശം പങ്കുവെച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. കരുത്തരായ പോർച്ചുഗലിനെ ക്വാർട്ടറിൽ കെട്ടുകെട്ടിച്ച മൊറോക്കോ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്നത്. ദേശ-ഭാഷ ഭേദമന്യേ ഫുട്ബാൾ പ്രേമികൾ അത് ആഘോഷിക്കുകയാണ്.

കായിക ​പ്രേമിയായ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും മൊറോക്കോയുടെ ജയത്തിലുള്ള ആവേശം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചരിത്ര നിമിഷമെന്നാണ് അദ്ദേഹം കുറിച്ചത്. സെമിയിൽ കടന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യത്തിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു. "മരാക്കേച്ചിലെ (ഞാൻ പോയിട്ടുള്ള ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന്) ദൃശ്യങ്ങൾ കാണുന്നത് അതിശയകരമാണ്. ചരിത്ര നിമിഷം, സെമിയിൽ കടന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യം, അഭിനന്ദനങ്ങൾ മൊറോക്കോ!" -സുന്ദർ പിച്ചൈ ട്വിറ്ററിൽ എഴുതി. 

നേരത്തെ ബെൽജിയം, സ്‍പെയ്ൻ എന്നീ ടീമുകളെ വിറപ്പിച്ച മൊറോക്കോ, സെമിയിൽ ഫ്രാൻസിനെയാണ് നേരിടാനൊരുങ്ങുന്നത്. ഇതുവരെ നേരിട്ട ടീമുകളിൽ ആർക്കും പൊളിക്കാൻ കഴിയാത്ത പ്രതിരോധമാണ് മൊറോക്കോയുടെ കരുത്ത്. ഒരു ഗോൾ പോലും വഴങ്ങാതെയുള്ള ആഫ്രിക്കൻ കരുത്തരുടെ കുതിപ്പിന് ഫ്രഞ്ച് പടയ്ക്ക് തടയിടാൻ കഴിയുമോ എന്നാണ് ഫുട്ബാൾ ​പ്രേമികൾ ഉറ്റുനോക്കുന്നത്.  

Tags:    
News Summary - Morocco in semis; Google CEO Sundar Pichai shared his excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.