മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ മെറ്റാ ജീവനക്കാരുടെ പ്രതിഷേധം

ന്യൂയോർക്ക്: മെറ്റയുടെ പുതിയ ‘മൗസ് ട്രാക്കിങ്’ സാ​​ങ്കേതിക വിദ്യക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം. മെറ്റയുടെ നീക്കത്തിനെതിരെ ലഘുലേഖകളടക്കം വിതരണം ചെയ്താണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. കമ്പനി അടുത്തിടെ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ മൗസ് ട്രാക്കിങ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച യു.എസിലെ നിരവധി ഓഫിസുകളിൽ ജീവനക്കാർ ലഘുലേഖകളും മറ്റും വിതരണം ചെയ്തിരുന്നു. മീറ്റിങ് റൂമുകളിലും വെൻഡിങ് മെഷീനുകളിലും ടോയ്‌ലറ്റ് പേപ്പർ ഡിസ്പെൻസറുകളിലുമടക്കം പ്രതിഷേധ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി മെറ്റ, അവരുടെ ജീവനക്കാരുടെ മൗസ് ചലനങ്ങൾ, ക്ലിക്കുകൾ, കീസ്ട്രോക്കുകൾ എന്നിവ പകർത്താൻ തീരുമാനിച്ചതായായി മുമ്പ് അറിയിപ്പ് വന്നിരുന്നു. മെറ്റ കമ്പനിയുടെ മോഡൽ-ബിൽഡിങ് മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സ് ടീമിനുവേണ്ടി എ.ഐ ഗവേഷണ ശാസ്ത്രജ്ഞരാണ് ഈ സർക്കുലർ കമ്പനിയിലെ ജീവനക്കാർക്ക് നൽകിയിരുന്നത്.

ഡ്രോപ്പ്ഡൗൺ മെനുകളിൽനിന്ന് എങ്ങനെ സെർച്ചിങ് നടക്കുന്നുവെന്നും കീബോർഡ് ഷോർട്ട്കട്ടുകൾ പോലുള്ളവ എങ്ങനെ ഉപയോഗിക്കുന്നുവെന്നുമെല്ലാം കണ്ടെത്താനാണ് ഈ സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നായിരുന്നു മെറ്റ പറഞ്ഞിരുന്നത്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും വർക്ക്ഫ്ലോകളിൽ എ.ഐ സാ​ങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനാണ് ഈ പുതിയ നീക്കമെന്ന് മെറ്റ അറിയിച്ചിരുന്നു.

എന്നാൽ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആളുകളെ പിരിച്ചുവിടാനുള്ള പുതിയ മാർഗങ്ങളുമാണ് ഇതുവഴി മെറ്റ ലക്ഷ്യമിടുന്നതെന്നും ജീവനക്കാർ പറയുന്നു. മെറ്റ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതിന് ഏകദേശം ഒരു ആഴ്ച മുമ്പാണ് ഈ പ്രതിഷേധങ്ങൾ അരങ്ങേറിയത്.

അതേസമയം സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്ന ഒരു പുതിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ സൂചനയാണ് ഈ പ്രതിഷേധമെന്ന് നിരീക്ഷകർ കണക്കാക്കുന്നു. ചില ജീവനക്കാരെങ്കിലും കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തേക്കുള്ള കടന്നുകയറ്റത്തിനും തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾക്കുമെതിരെ രംഗത്തുവരുന്നുണ്ടെന്നാണ് ഈ പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം ഈ വിഷയത്തിൽ മെറ്റാ വക്താവ് ആൻഡി സ്റ്റോൺ വിശദീകരണവുമായി രംഗത്തെത്തി. മൗസ് ട്രാക്കിങ് സാങ്കേതികവിദ്യ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ആളുകളെ സഹായിക്കുകയാണ് ചെയ്യുന്നതെന്നാണ് വിശദീകരണം.

Tags:    
News Summary - Meta employees launch protest against mouse tracking tech at US offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.