ഫേസ്ബുക്കും മെസ്സഞ്ചറും ഇനി രണ്ടല്ല..! ഒന്ന്

വാട്സ്ആപ്പിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് ഫേസ്ബുക്ക് മെസ്സഞ്ചർ. ആദ്യം ഒരുമിച്ചായിരുന്നെങ്കിലും 2014ൽ ഫേസ്ബുക്കും മെസ്സഞ്ചറും വേർപിരിഞ്ഞു. മെസ്സഞ്ചർ ഒരു പ്രത്യേക ആപ്പായി മാറുന്നത് "മികച്ച അനുഭവം" നൽകുമെന്നായിരുന്നു അന്ന് സി.ഇ.ഒ മാർക്ക് സക്കർബർഗ് പറഞ്ഞത്. ആ തീരുമാനം ശരിവെക്കുന്ന രീതിയിൽ മെസ്സഞ്ചർ ആപ്പ് വലിയ ജനപ്രീതി സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ, മെറ്റ’യിപ്പോൾ ആ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുകയാണ്. മെസ്സഞ്ചർ ആപ്പ് ഫേസ്ബുക്കിലേക്ക് തിരിച്ചെത്താൻ പോവുകയാണ്. ആപ്പിലേക്ക് മെസഞ്ചറിനെ തിരികെ ചേർക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണത്തിലാണെന്ന് മെറ്റ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഉടൻ തന്നെ എല്ലാവർക്കും ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ ടോം അലിസൺ കുറിക്കുന്നു.

ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഒഴിവാക്കിയ ബിൽറ്റ്-ഇൻ സന്ദേശമയയ്‌ക്കൽ ഓപ്‌ഷൻ ഫേസ്ബുക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരു കാരണമുണ്ട്. അമേരിക്കയിലും യൂറോപ്പിലുമടക്കം ഇപ്പോൾ കൗമാരപ്രായക്കാരുടെ ഫസ്റ്റ് ഓപ്ഷനായ ടിക്‌ടോക്കിനോട് മത്സരിക്കുന്നതിനായാണ് ഫേസ്ബുക്ക് പുതിയ മാറ്റം വരുത്തുന്നത്. ടിക്‌ടോക്കിൽ നിലവിൽ ബിൽറ്റ്-ഇൻ മെസ്സേജിങ് ഓപ്ഷനുണ്ട്.

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ വരുംദിവസങ്ങളിലായി എല്ലാ ഫേസ്ബുക്ക് യൂസർമാരിലേക്കും എത്തും.

കൗമാരപ്രായക്കാരുടെ കൊഴിഞ്ഞ് പോക്ക് ഫേസ്ബുക്കിനെ ബാധിച്ചിട്ടുണ്ടെന്നും ആപ്പ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്നും നേരത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കമ്പനി പുറത്തുവിട്ട പുതിയ പ്രസ്താവനയിൽ അവയെല്ലാം നിഷേധിച്ചു. ഇപ്പോൾ ഫേസ്ബുക്കിന് മുമ്പത്തേക്കാൾ കൂടുതൽ ഉപയോക്താക്കളുണ്ടെന്നും രണ്ട് ബില്ല്യൺ പ്രതിദിന സജീവ ഉപയോക്താക്കളുമായി ആപ്പ് സജീവമാണെന്നും അവർ പറയുന്നു. 

Tags:    
News Summary - Messenger coming back to the Facebook app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.