ഫോണിലെ ബ്ലൂടൂത്ത് എപ്പോഴും ഓൺ ആണോ..? കാത്തിരിക്കുന്നത് മുട്ടൻ പണി

നിങ്ങൾ ഫോണിലെ ബ്ലൂടൂത്ത് (Bluetooth) എല്ലായ്പ്പോഴും ഓൺ ചെയ്തുവെക്കുന്ന ആളാണോ..? ആണെങ്കിൽ, അതത്ര നല്ല ഏർപ്പാടല്ലെന്നാണ് യൂറെകോം സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. അവർ കഴിഞ്ഞ ദിവസമാണ് ബ്ലൂടൂത്തിൽ പുതിയ ചില സുരക്ഷാ പിഴവുകൾ കണ്ടെത്തിയത്. 2014 അവസാനം മുതൽ ഇന്നുവരെ ഇറങ്ങിയ സ്മാർട്ട്ഫോണുകളെ ബാധിക്കുന്നതാണീ സുരക്ഷാ പ്രശ്നം. 4.2 മുതൽ 5.4 വരെയുള്ള ബ്ലൂടൂത്ത് പതിപ്പുകളെ അത് ബാധിക്കുമത്രേ.

ഈ സുരക്ഷാ പിഴവ് നിങ്ങളുടെ ഉപകരണങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്താൻ സൈബർ കുറ്റവാളികളെ അനുവദിക്കുന്നതാണ്. ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കണം. കാരണം, എയർഡ്രോപ് എന്ന ജനപ്രിയ ഫീച്ചർ അപകടസാധ്യത ഉയർത്തിയേക്കും. 'BLUFFS' എന്ന് പേരിട്ടിരിക്കുന്ന ആറ് രീതിയിലുള്ള ആക്രമണങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നതെന്ന് യുറേകോമിൽ നിന്നുള്ള വിദഗ്ദ്ധനായ ഡാനിയേൽ അന്റോണിയോലിയുടെ ഗവേഷണത്തെ ഉദ്ധരിച്ച് ബ്ലീപ്പിംഗ് കമ്പ്യൂട്ടറിന്റെ ഒരു റിപ്പോർട്ട് പറയുന്നു.

കണ്ടെത്തിയ പുതിയ സുരക്ഷാ പിഴവുപയോഗിച്ച് സൈബർ കുറ്റവാളികൾക്ക് ബ്ലൂടൂത്ത് സെഷനുകളുടെ രഹസ്യാത്മകതയിൽ വിട്ടുവീഴ്ച ചെയ്യാനാകും. അങ്ങനെ, ഉപകരണ ആൾമാറാട്ടം നടത്താനും മാൻ-ഇൻ-ദി-മിഡിൽ (MitM) ആക്രമണങ്ങൾ സുഗമമാക്കുകയും ചെയ്യുന്നു. അതായത്, നിങ്ങൾ രഹസ്യമായി ഒരാൾക്ക് ബ്ലൂടൂത്ത് വഴി എന്തെങ്കിലും അയച്ചുനൽകുമ്പോൾ അതിൽ പ്രശ്നം സൃഷ്ടിക്കാൻ കഴിയുമെന്ന് ചുരുക്കം.

ബ്ലൂടൂത്ത് പരിധിയിലുള്ള ഒരു ആക്രമണകാരിക്ക് ഈ കീകൾ തിരിച്ചറിയാനോ മാറ്റാനോ കഴിയും, ഡാറ്റ ഡീക്രിപ്റ്റ് ചെയ്യാനോ കൃത്രിമം കാണിക്കാനോ അവരെ പുതിയ സുരക്ഷാ പിഴവ് പ്രാപ്തരാക്കുന്നു. അതിനായി ആക്രമണകാരി ഡാറ്റ പങ്കിടലിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങളിലൊന്നായി അഭിനയിക്കേണ്ടതായി വരും.

ലാപ്‌ടോപ്പുകൾ, പിസികൾ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങളെ ഈ പിഴവ് ബാധിക്കുന്നു, ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ എല്ലാ ഉപകരണങ്ങളും ആറ് BLUFFS ആക്രമണങ്ങളിൽ മൂന്നെണ്ണമെങ്കിലും അപകടം സൃഷ്ടിക്കുമെന്നാണ് ഗവേഷണ പ്രബന്ധം പറയുന്നത്.

എന്താണ് പരിഹാരം..?

ആവശ്യമില്ലെങ്കിൽ മൊബൈൽ ഉപകരണങ്ങളിൽ ബ്ലൂടൂത്ത് പ്രവർത്തനരഹിതമാക്കി വെക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യാൻ കഴിയുന്ന പരിഹാരം. ഏറ്റവും ഫലപ്രദവും ഇതുതന്നെയാകും. അതുപോലെ, പൊതു ഇടങ്ങളിൽ വെച്ച് ബ്ലൂടൂത്ത് വഴി സെൻസിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇനി ഇത്തരം ഭയമുള്ളവർ ഏറ്റവും പുതിയ ബ്ലൂടൂത്ത് പതിപ്പുള്ള ഫോണുകൾ വാങ്ങിയാലും മതി. 

Tags:    
News Summary - Latest BLUFFS Vulnerability Enables Attackers to Take Control of Bluetooth Connections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.