കോഴിക്കോട്: ഇന്ത്യൻ ടെക്നോളജി വ്യവസായത്തിന്റെ മധേഷ്യൻ വിപണിയിലേക്കുള്ള കവാടമായി കോഴിക്കോടിനെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ്) എല്ലാ വർഷവും കോഴിക്കോട്ട് നടത്താൻ തീരുമാനം. ആദ്യ പതിപ്പ് ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരുലക്ഷം പേർക്ക് മൂന്ന് കൊല്ലത്തിനിടെ ഐ.ടി മേഖലയിൽ തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ ഊർജസ്വലമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റം പ്രദർശിപ്പിക്കാൻ കോഴിക്കോട്ട് അവസരമൊരുങ്ങും. ഐ.ടി മേഖലയിൽ വിശാലമായ സാധ്യതകൾ തുറക്കുന്നതിനും നഗരത്തെ ഇന്ത്യയിലെ വളരുന്ന ഐ.ടി കേന്ദ്രമായി ഉയർത്തുന്നതിനുമുള്ള ശ്രമമാണ് നടക്കുക.
നേതൃത്വം CITI 2.0
പ്രമുഖ വ്യവസായ, അക്കാദമിക്, ഗവൺമെന്റ് സ്ഥാപനങ്ങൾ ഒന്നിച്ച് രൂപവത്കരിച്ച കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റിവ് (CITI 2.0) സൊസൈറ്റി ആഭിമുഖ്യത്തിലാണ് പ്രദർശനം. മലബാർ ചേംബർ ഓഫ് കോമേഴ്സ്, കാലിക്കറ്റ് ഫോറം ഫോർ ഐ.ടി, ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്), കേരള, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, യു.എൽ സൈബർ പാർക്ക്, ഗവ. സൈബർ പാർക്ക് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് CITI 2.0.
വൻ നഗരങ്ങളിൽ നിന്ന് രണ്ടും മൂന്നും നിരയിലുള്ള നഗരങ്ങളിലേക്ക് ഐ.ടി ഹബുകൾ മാറുന്ന സാഹചര്യത്തിൽ ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ പ്രദേശം എന്ന നിലയിൽ കോഴിക്കോടിന് ആഗോള ബിസിനസ് ഭൂപടത്തിൽ തന്ത്രപരമായ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം. ടെക്നോളജി കമ്പനികളെ പ്രതിനിധാനംചെയ്യുന്ന 200ലധികം സ്റ്റാളുകൾ, 100ലധികം മുൻനിര പ്രാസംഗികർ, 6000ത്തിലധികം പ്രഫഷനലുകളും ബിസിനസ് നേതാക്കളുമെല്ലാം എത്തും.
നെറ്റ് വർക്കിങ്ങിനും സഹകരണത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള വൈവിധ്യമാർന്ന പ്ലാറ്റ്ഫോം കെ.ടി.എക്സിൽ ഉറപ്പാക്കും. സീമെൻസ്, ടാറ്റ എൽക്സി, യൂബർ, ആമസോൺ പേ, ഓപൺ ഫിനാൻഷ്യൽ ടെക്നോളജീസ്, ട്രസ്റ്റോണിക് ഇന്ത്യ, സഫിൻ, ടെറുമോ പെൻപോൾ, വോണ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. കേരള സ്റ്റാർട്ടപ് മിഷൻ, ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ - എൻ.ഐ.ടി കാലിക്കറ്റ്, ടാറ്റ എൽക്സി, കേരള ഐ.ടി, ജി.ടെക്, ഗ്രാന്റ് തോൺടൺ, ഗൂഗ്ൾ ഡെവലപ്പർ ഗ്രൂപ്പുകൾ, കേരള നോളജ് മിഷൻ, മലബാർ ഏഞ്ചൽ നെറ്റ്വർക്ക് എന്നിവർ പ്രദർശനത്തിൽ പങ്കുവഹിക്കുന്നു. ജനറൽ കൺവീനർ അജയ് കെ. അനാട്ട്, കോഓഡിനേറ്റർ അനിൽബാലൻ, കോ കൺവീനർ അബ്ദുൽ ഗഫൂർ, നിത്യാനന്ദ കമ്മത്ത്, എം.എ. മെഹബൂബ്, എ.സി. ഷൈലേഷ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.