പത്ത് വർഷത്തിന് ശേഷം വേഡ്‌മാർക്കിൽ മാറ്റം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം; Instagzam, Instagwam എന്ന് വായിക്കുമെന്ന് വിമർശനം

കാലിഫോർണിയ: പത്ത് വർഷത്തിന് ശേഷം ബ്രാൻഡ് വേഡ്‌മാർക്ക് പുതുക്കി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ മുകളിൽ കാണുന്ന ‘ഇൻസ്റ്റഗ്രാം’ എന്ന എഴുത്തിന്റെ ഡിസൈനിലാണ് മാറ്റം വരുത്തിയത്.

2016ൽ ഇൻസ്റ്റഗ്രാം ബ്രാൻഡ് റീഡിസൈൻ നടത്തിയതിന് ശേഷമുള്ള പ്രധാന വേഡ്‌മാർക്ക് മാറ്റമാണിത്. പഴയ കൈയെഴുത്ത് ശൈലിയുടെ സ്വഭാവം നിലനിർത്തിയാണ് പുതിയ ഡിസൈൻ. ഇൻസ്റ്റഗ്രാമിന്റെ വ്യത്യസ്ത നിറങ്ങളുള്ള ക്യാമറ ഐക്കണിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആപ്പിന്റെ മുകളിലും മറ്റ് ബ്രാൻഡിങ് ഇടങ്ങളിലും ഉപയോഗിക്കുന്ന വേർഡ്മാർക്കിലാണ് മാറ്റം.

പുതിയ ഡിസൈൻ ‘കൂടുതൽ വ്യക്തതയുള്ളതും ആധുനികവും’ ആക്കുന്നതിനായാണ് മാറ്റം വരുത്തിയതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ആപ്പിന്റെ മുകളിൽ ഉപയോഗിക്കുന്ന വേഡ്‌മാർക്കിന് പത്ത് വർഷമായി കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അതിനാലാണ് പുതുക്കാൻ തീരുമാനിച്ചതെന്നും പുതിയ മാറ്റം പ്രഖ്യാപിച്ച് ആദം മൊസേരി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിന്റെ ആദ്യകാല രൂപകൽപനയെയും ലാളിത്യത്തെയും ഓർമിപ്പിക്കുന്ന ഘടകങ്ങൾ നിലനിർത്തിയാണ് പുതിയ ഡിസൈൻ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വേഡ്‌മാർക്ക് പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ ഉയർന്നു. ചിലർ പുതിയ രൂപകൽപ്പനയെ അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ അക്ഷരങ്ങൾ പഴയതിനെക്കാൾ വായിക്കാൻ ബുദ്ധിമുട്ടാണെന്ന് വിമർശിച്ചു. പ്രത്യേകിച്ച് Instagram എന്ന പേര് പുതിയ ഡിസൈനിൽ വ്യക്തമായി വായിക്കാനാകുന്നില്ലെന്നും അത് Instagzam, Instagwam പോലെയാണ് കാണുന്നതെന്നും വിമർശിച്ചു. വേഡ്‌മാർക്ക് മാറ്റം ഇൻസ്റ്റഗ്രാമിന്റെ വിശാലമായ ബ്രാൻഡ് പുതുക്കലിന്റെ ഭാഗമായാണെന്നാണ് വിവരം. പുതിയ വേഡ്‌മാർക്ക് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഇൻസ്റ്റഗ്രാമിന്റെ ബ്രാൻഡിങ് ഇടങ്ങളിലും ഉടൻ പ്രത്യക്ഷപ്പെടും.

Tags:    
News Summary - Instagram Unveils Redesigned Wordmark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.