എ.ഐ ജോലി ഇല്ലാതാക്കില്ല; 2027ഓടെ 2.3 ദശലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നിലവിലെ തൊഴിലുകൾ ഇല്ലാതാക്കുമെന്ന ആശങ്കകൾക്കിടെ, അടുത്ത രണ്ട് വർഷംകൊണ്ട് എ.ഐ രാജ്യത്ത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം 2.3 ദശലക്ഷം കടക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും എ.ഐ ഇന്റഗ്രേഷനിലേക്ക് മാറുമെന്നും കാലത്തിനനുസൃതമായി പുതിയ നൈപുണികൾ സ്വായത്തമാക്കാൻ തയാറാകുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകുമെന്നും ബെയിൻ ആൻഡ് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

ആഗോളതലത്തിൽതന്നെ എ.ഐ ടാലന്റ് ഹബ്ബാകാനുള്ള എല്ലാ സാധ്യതയും ഇന്ത്യക്കുണ്ട്. എന്നാൽ 2027ഓടെ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങൾ ഈ രംഗത്തെ വിദഗ്ധരേക്കാൾ രണ്ടിരട്ടി വരെ കൂടുതലായിരിക്കും. പുതിയതായി അവതരിപ്പിക്കപ്പെടുന്ന സാങ്കേതികവിദ്യകളും ടൂളുകളും കൂടുതൽ പേർ പഠിച്ചെടുക്കുകയെന്നതാണ് ഈ വിടവ് നികത്താനുള്ള മാർഗമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരമ്പരാഗത രീതിയിലല്ല കമ്പനികൾ ഇനി റിക്രൂട്ട്മെന്റ് നടത്തേണ്ടത്. അപ്സ്കില്ലിങിന് പ്രാധാന്യം നൽകണം. 2019നു ശേഷം എ.ഐ അനുബന്ധ മേഖലയിലെ തൊഴിൽ ഓരോവർഷവും 21 ശതമാനമാണ് കൂടുന്നത്. പ്രതിഫലമാകട്ടെ 11 ശതമാനവും വർധിക്കുന്നു. പലപ്പോഴും മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഇതുമൂലം പല കമ്പനികൾക്കും എ.ഐ ഇന്റഗ്രേഷൻ പൂർണതോതിൽ നടത്താനും സാധിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ യു.എസ്, ജർമനി, യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം എ.ഐ അധിഷ്ഠിത തൊഴിൽരംഗത്ത് കൂടുതൽ അവസരം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - India’s AI sector poised to surpass 2.3 million job openings by 2027: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.