ചാറ്റ് ജി.പി.ടി, ഡീപ്സീക്ക് തുടങ്ങിയ ആഗോള എ.ഐ മോഡലുകളോട് കിടപിടിക്കുന്ന വിധത്തിൽ ഇന്ത്യ സ്വന്തമായി ജനറേറ്റീവ് എ.ഐ മോഡൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ഉത്കര്‍ഷ് ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അശ്വിനി വൈഷ്ണവ് ഈ കാര്യം പറഞ്ഞത്. പത്ത് മാസങ്ങൾക്കകം ഇന്ത്യ എ.ഐ മോഡൽ പുറത്തിറക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
എ.ഐ മേഖലയിലെ ഗവേഷണങ്ങൾക്ക് 10,300 കോടി രൂപ കേന്ദ്ര സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്നും രാജ്യത്താകെ 18,600 ജി.പി.യുകൾ എംപാനൽ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഡീപ്സീക്ക് 2500 ജി.പി.യു ഉപയോഗിക്കുമ്പോൾ ഇന്ത്യ 15,000 ഹൈ എൻഡ് ജി.പി.യു ഉപയോഗിക്കും. ഇത് എ.ഐ രംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പശ്ചാത്തലം, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം പരിഗണിക്കുന്ന മോഡലാകും ഇത്. സ്വന്തമായി എ.ഐ മോഡൽ നിർമിക്കുന്നതോടെ ഡാറ്റാ സെക്യൂരിറ്റി ഉറപ്പാക്കാനും പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കാനും രാജ്യത്ത് നിർമിത ബുദ്ധി എപ്രകാരം ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനും ഇതിന് സാധിക്കും -മന്ത്രി പറഞ്ഞു.
ചൈനയുടെ എ.ഐ മോഡലായ ഡീപ്‌സീക്ക് ചർച്ചയായതോടെയാണ് ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം. ലിയാൻ വെൻഫെങ് സ്ഥാപിച്ച ഒരു ചൈനീസ് ടെക് സ്റ്റാർട്ടപ്പാണ് ഡീപ്സീക്ക്. ഹാങ്‌ഷൂവിലാണ് ഇതിന്റെ ആസ്ഥാനം. എ.ഐ മേഖലയിലെ അതികായനായ യു.എസിലെ ഓപൺ എ.ഐയുടെ ‘ചാറ്റ് ജി.പി.ടി’യെ കടത്തിവെട്ടി ‘എ.ഐ ചാറ്റ്ബോട്ടി’ലൂടെ ലോകത്തെ ഞെട്ടിക്കുകയായിരുന്നു ഡീപ്സീക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മത്സരാധിഷ്ഠിത എ.ഐ മോഡലുകൾ ഡീപ്സീക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.