ഗൂഗ്ൾ സെർച്ചിലും മാപ്പിലും തുടങ്ങി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വരെ വിവിധ ജോലികൾ ചെയ്യാൻ സൗജന്യ ടൂൾ സഹായിക്കുമെന്ന് ഈ ഓപൺ സോഴ്സ് കമ്യൂണിറ്റി
വിവിധ വെബ് അടിസ്ഥാന ജോലികൾ ചെയ്യാൻ സഹായിക്കുന്ന സൗജന്യ നിർമിത ബുദ്ധി (എ.ഐ) ടൂളുകളുമായി ഓപൺ സോഴ്സ് കമ്യൂണിറ്റിയായ ഹഗ്ഗിങ് ഫേസ് (Hugging Face).
സൗജന്യമായി ലഭിക്കുന്ന ഓപൺ കമ്പ്യൂട്ടർ ഏജന്റ് എന്ന, പൊതു ഉപയോഗ എ.ഐ ടൂളിന്റെ ഡെമോ വേർഷനാണ് കമ്യൂണിറ്റി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗ്ൾ സെർച്ചിലും മാപ്പിലും തുടങ്ങി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വരെ വിവിധ ജോലികൾ ചെയ്യാൻ ടൂൾ സഹായിക്കുമെന്നാണ് ഹഗ്ഗിങ് ഫേസ് അവകാശപ്പെടുന്നത്. സ്ഥാപനം ജനുവരിയിൽ അവതരിപ്പിച്ച സ്മോൾ ഏജന്റ്സ് ലൈബ്രറിയുടെ ഭാഗമായാണിത്.
ഓപൺ സോഴ്സ് കമ്പ്യൂട്ടർ അടിസ്ഥാന ഏജന്റായതിനാൽ സ്വതന്ത്രമായി പല ടാസ്കുകളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രോജക്ട് തലവൻ അയ്മറിക് റൗച്ചർ അവകാശപ്പെട്ടു. Qwen2-VL-72B എന്ന വിഷൻ ലാംഗ്വേജ് എ.ഐ മോഡലാണ് ഇവരുടേത്. ഇമേജുകളിലെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള ഇതിന്, സ്ക്രീനിൽ തെളിയുന്ന വിഷ്വൽ വിശകലനം ചെയ്ത് പ്രവർത്തിക്കാൻ സാധിക്കുമത്രേ.
നാചുറൽ ലാംഗേജ് പ്രോസസിങ് (എൻ.എൽ.പി), മെഷീൻ ലേണിങ് (എം.എൽ) എന്നിവയുമായി ബന്ധപ്പെട്ട ഓപൺ സോഴ്സ് കമ്യൂണിറ്റിയാണിത്. 2016ൽ ചാറ്റ്ബോട്ട് സ്റ്റാർട്ടപ്പായാണ് ആരംഭിച്ചത്. ഇപ്പോൾ, മെഷീൻ ലേണിങ് മോഡലുകളും ടൂളുകളും അവതരിപ്പിക്കുന്ന വലിയ പ്ലാറ്റ്ഫോമായി വളർന്നിട്ടുണ്ട്.
ട്രാൻസ്ഫോർമേഴ്സ് ലൈബ്രറി എന്ന, ഇവരുടെ ഓപൺ സോഴ്സ് പൈത്തൺ ലൈബ്രറി അവതരിപ്പിക്കുന്ന BERT, GPT, T5, RoBERTa തുടങ്ങിയ എൻ.എൽ.പി മോഡലുകൾ ഏറെ പ്രശസ്തമാണ്. കൂടാതെ, ഗവേഷണത്തിനും മറ്റും സഹായിക്കുന്ന സൗജന്യ ആപ്പുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.