വാഷിങ്ടൺ: ഗൂഗിളിലെ കറുത്തവർഗക്കാരായ ജീവനക്കാർക്കുനേരെ കമ്പനി വംശീയ വിവേചനം കാണിക്കുന്നുവെന്ന ദീർഘകാലമായുള്ള പരാതികൾ ഒത്തുതീർപ്പാക്കി ടെക് ഭീമന്മാരായ ഗൂഗ്ൾ. 50 മില്യൺ ഡോളർ (ഏകദേശം 420 കോടി രൂപ) നൽകിയാണ് തീർപ്പാക്കിയത്. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും നിലവിലുള്ളതും മുൻകാലത്തുണ്ടായിരുന്നതുമായ നാലായിരത്തിലധികം കറുത്തവർഗക്കാരായ ജീവനക്കാരെ ബാധിക്കുന്നതാണ് കേസുകൾ.
നിയമനം, വേതനം, തൊഴിൽ വിതരണം, കരിയർ വളർച്ചാവസരങ്ങൾ എന്നിവയിൽ ഗൂഗിൾ കറുത്തവർഗക്കാരായ തൊഴിലാളികളോട് കടുത്ത വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നിയമനടപടി ആരംഭിച്ചത്. ഓക്ക്‌ലാൻഡിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഈ ഒത്തുതീർപ്പാക്കൽ കരാറിന് കോടതിയുടെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. 2022ൽ ഗൂഗിളിലെ മുൻ ജീവനക്കാരിയായ ഏപ്രില്‍ കേര്‍ലിയാണ് ഈ നിയമപോരാട്ടത്തിന് തുടക്കമിട്ടത്. ഗൂഗിളിനുള്ളിലെ തൊഴിൽ സംസ്കാരം കറുത്തവർഗക്കാർക്ക് പ്രതികൂലമാണെന്നും അവർക്ക് അർഹമായ സ്ഥാനക്കയറ്റങ്ങളോ പ്രഫഷനൽ വികസനത്തിനുള്ള അവസരങ്ങളോ നൽകുന്നില്ലെന്നും കേർലി ആരോപിച്ചു. ഉന്നത യോഗ്യതകളുള്ള കറുത്തവർഗക്കാരെ പലപ്പോഴും താഴ്ന്ന തസ്തികകളിൽ നിയമിക്കുകയും സഹപ്രവർത്തകരേക്കാൾ കുറഞ്ഞ ശമ്പളം നൽകുകയും ചെയ്യുന്ന രീതി കമ്പനി പിന്തുടരുന്നതായി പരാതിയിൽ പറയുന്നു.
കറുത്തവർഗക്കാരുമായി ബന്ധപ്പെട്ട കോളജുകളിലെ വിദ്യാർഥികളെ ഗൂഗിളിലേക്ക് ആകർഷിക്കാനുള്ള പ്രോഗ്രാമുകളിൽ പ്രവർത്തിച്ചിരുന്ന കേർലിയെ കമ്പനിക്കുള്ളിലെ ഇത്തരം വംശീയ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. 2021ലെ കണക്കുകൾ പ്രകാരം ഗൂഗിളിലെ മൊത്തം തൊഴിൽ ശക്തിയിലും നേതൃസ്ഥാനങ്ങളിലും കറുത്തവർഗക്കാരായ ജീവനക്കാരുടെ സാന്നിധ്യം വളരെ കുറവായിരുന്നുവെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. ഈ രീതികൾ കറുത്തവർഗക്കാരായ ഉദ്യോഗാർത്ഥികളുടെയും ജീവനക്കാരുടെയും പ്രഫഷനൽ പുരോഗതിക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നാണ് പരാതികളുടെ പക്ഷം. എന്നാൽ 50 മില്യൺ ഡോളർ ഒത്തുതീർപ്പിന് സമ്മതിക്കുമ്പോഴും തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള എല്ലാ തൊഴിൽ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് ഗൂഗിളിന്റെ നിലപാട്. നിയമപോരാട്ടം നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഒത്തുതീർപ്പിന് തയാറായതെന്ന് കമ്പനി വ്യക്തമാക്കുന്നു.
വെറും സാമ്പത്തിക നഷ്ടപരിഹാരത്തിൽ ഒതുങ്ങുന്നതല്ല ഈ ഒത്തുതീർപ്പ് വ്യവസ്ഥകൾ. ഗൂഗിളിന്റെ പ്രവർത്തന രീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ശമ്പള കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, കൃത്യമായ ഇടവേളകളിൽ ശമ്പളത്തിലെ തുല്യത പരിശോധിക്കുക, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിക്കുക എന്നിവയാണ് പ്രധാന മാറ്റങ്ങൾ. സാങ്കേതിക വിദ്യാരംഗത്തെ വമ്പൻ കമ്പനികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകണമെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ ഒത്തുതീർപ്പെന്ന് ഇതിൽ ഉൾപ്പെട്ട പൗരാവകാശ അഭിഭാഷകർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.