ന്യൂയോർക്: യുവാക്കളിലും വിദ്യാർഥികളിലും തരംഗമായി മാറിയ ചാറ്റ് ബോട്ട് സംവിധാനമായ ചാറ്റ് ജി.പി.ടി ഉയർത്തുന്ന ഭീഷണി അതിജീവിക്കാൻ ‘ബാർഡ്’ എന്നു പേരിട്ട ചാറ്റ് ബോട്ടുമായി ഗൂഗ്ൾ.
ആൽഫബെറ്റിന്റെയും ഗൂഗ്ളിന്റെയും സി.ഇ.ഒ സുന്ദർ പിച്ചൈയാണ് ബാർഡ് പുറത്തിറക്കിയത്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് വിശ്വസ്തരായ ടെസ്റ്റർമാർക്കാണ് ഇപ്പോൾ ലഭ്യമാകുന്നത്.
വരും ആഴ്ചകളിൽ മുഴുവൻ പേർക്കും ലഭ്യമാകുന്ന രീതിയിൽ ഗൂഗ്ളിന്റെ സെർച് എൻജിൻ ഉൾപ്പെടുത്തും. ഓപൺ എ.ഐ എന്ന നിർമിത ബുദ്ധി ഗവേഷണ കമ്പനി 2022 നവംബറിൽ പുറത്തിറക്കിയ ചാറ്റ് ജി.പി.ടി ചാറ്റ് ബോട്ട് അഞ്ചു ദിവസത്തിനുള്ളിൽ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. ഗൂഗ്ളിൽ പരതുമ്പോൾ നിരവധി വിവരങ്ങളും ലേഖനങ്ങളും മറ്റുമാണ് നമ്മുടെ മുന്നിലേക്ക് എത്തുന്നതെങ്കിൽ ചാറ്റ് ജി.ബി.ടിയിൽ ആവശ്യപ്പെട്ട വിവരം മാത്രം ലഭിക്കുന്ന സംവിധാനമാണുള്ളത്. സംഭാഷണ രീതിയിലും വിവരങ്ങൾ ലഭിക്കും. അവധി അപേക്ഷ തയാറാക്കി നൽകൽ, പ്രബദ്ധം തയാറാക്കൽ തുടങ്ങി നിരവധി കാര്യങ്ങൾക്ക് പുതുതലമുറ ചാറ്റ് ജി.പി.ടിയെ ആശ്രയിക്കുന്നുണ്ട്.
സെർച്ച് എൻജിൻ എന്ന നിലയിൽ ഗൂഗ്ളിന് വൻ ഭീഷണി ചാറ്റ് ജി.പി.ടി ഉയർത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയുമുണ്ടായിരുന്നു. ഇതോടെയാണ് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി ബാർഡുമായി ഗൂഗ്ൾ രംഗത്തുവന്നത്. പതിറ്റാണ്ടുകളായി തുടരുന്ന മേധാവിത്വം നിലനിർത്താൻ ബാർഡ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗ്ൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.