നൂറുകണക്കിന് ജീവനക്കാർക്ക് പകരം എ.ഐ-യെ ജോലിക്ക് വെച്ച് ഗൂഗിൾ

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ജീവനക്കാർക്ക് പിരിച്ചുവിടൽ മുന്നറിയിപ്പുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ രംഗത്തുവന്നത്. കഴിഞ്ഞയാഴ്ച ഏകദേശം 1,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി തൊഴിൽ മേഖലയിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഗൂഗിൾ വീണ്ടും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.

30,000-ത്തോളം ജീവനക്കാരുള്ള പരസ്യ-സെയിൽസ് യൂണിറ്റിന്റെ ചില ഭാഗങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ​അമേരിക്കൻ ടെക് ഭീമൻ. മനുഷ്യന് പകരം എ.ഐ-യെ ജോലിക്ക് വെക്കുകയാണെന്ന് ചുരുക്കം. എഐ വ്യാപകമാക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യഷ്യൽ ഇന്റലിജൻസ് രംഗത്ത് നിക്ഷേപം ശക്തമാക്കാൻ കമ്പനി തയ്യാറെടുക്കുകയാണിപ്പോൾ. 2024ൽ ലോകത്തെ ഏറ്റവും നൂതന എ.ഐ പുറത്തിറക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വലിയ പരസ്യ ക്ലയൻ്റുകളെ കൈകാര്യം ചെയ്യുന്ന ഗൂഗിളിന്റെ ലാർജ് കസ്റ്റമർ സെയിൽസ് (എൽ.സി.എസ്) ടീമിനെയാണ് പുനഃസംഘടിപ്പിക്കുന്നത്. അതായത്, ചെറിയ പരസ്യദാതാക്കളെ കേന്ദ്രീകരിച്ചുള്ള ഗൂഗിൾ കസ്റ്റമർ സൊല്യൂഷൻസ് (ജി.സി.എസ്) യൂണിറ്റിനെ പ്രധാന പരസ്യ സെയിൽസ് ടീമാക്കി മാറ്റി, എൽസിഎസ് ടീമിനെ തരംതാഴ്ത്തുകയാണ് കമ്പനി. ഈ പുനഃസംഘടനയിലൂടെ ആഗോളതലത്തിൽ എൽ.സി.എസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് ആളുകൾ ഒഴിവാക്കപ്പെടുകയാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വിവിധ തരത്തിലുള്ള മാനേജ്മെന്റ് തലങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുക, കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, പ്രത്യേക മേഖലകളിൽ വേഗത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് സുന്ദർ പിച്ചൈ ജീവനക്കാർക്കുള്ള മെമ്മോയിൽ സൂചിപ്പിച്ചിരുന്നു. അത് പ്രാവർത്തികമാക്കുകയാ ണിപ്പോൾ കമ്പനി.

മനുഷ്യൻ വേണ്ടെന്ന് എ.ഐ തെളിയിച്ചു...?

താരതമ്യേന കുറഞ്ഞ മാനുഷിക ഇടപെടലോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരസ്യങ്ങൾ സ്വയമേവ സൃഷ്‌ടിക്കാൻ കഴിയുന്ന എ.ഐ ടൂളുകളിൽ ഗൂഗിളിൻ്റെ മുന്നേറ്റത്തെ തുടർന്നാണ് ഇപ്പോഴത്തെ പുനഃക്രമീകരണം. ജനറേറ്റീവ് എ.ഐ കഴിവുകളുള്ള ഗൂഗിളിന്റെ ‘പെർഫോമൻസ് മാക്സ് പ്ലാറ്റ്‌ഫോം’ അർപ്പണബോധമുള്ള സെയിൽസ് ഉദ്യോഗസ്ഥരുടെ ആവശ്യകത കുറയ്ക്കുന്നതിൽ വിജയിച്ചു.

ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകൾ, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ 12,000 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്. എ.ഐ വ്യാപിക്കുന്നതോടെ മറ്റ് മേഖലകളിലുള്ളവർക്കും ഇതുപോലെ തൊഴിൽ നഷ്ടം നേരിടേണ്ടിവരും. 

Tags:    
News Summary - Google replaces 'Hundreds' of Workers with AI Tools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.