‘കൂടുതൽ മാനുഷികമാവാൻ ജെമിനിക്ക് പരിശീലനം,’ പിന്നാലെ പിരിച്ചുവിട്ടു​വെന്ന് ഗൂഗ്ൾ ജീവനക്കാർ

ന്യൂയോർക്ക്: കൂടുതൽ മാനുഷികമായ മറുപടികൾ നൽകാൻ നിർമിത ബുദ്ധിയെ (എ.​ഐ) പരിശീലിപ്പിച്ചതിന് പിന്നാലെ ഗൂഗ്ൾ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നുവെന്ന് തൊഴിലാളികൾ. ഗൂഗ്ളിൽ എ.ഐ ഉൽപ്പന്നങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്ന വിഭാഗത്തിൽ ജോലിചെയ്തിരുന്ന 200 കരാർ തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്.

മോശം ജോലിസാഹചര്യങ്ങളിലും വേതന വ്യവസ്ഥയിലും പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോലി നഷ്ടമായതെന്നും തൊഴിലാളികൾ ആരോപിച്ചു.

ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ലോജിക്ക് വഴി നിയമിതരായ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗവും. ഗൂഗ്ളിന്റെ ജെമിനി ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കാനുള്ള ചുമതലയായിരുന്നു ഇവർക്ക് നൽകിയിരുന്നത്.

ചാറ്റ്ബോട്ടിൻറെ പ്രതികരണങ്ങൾ കൂടുതൽ കൃത്യവും മാനുഷികവുമാക്കുകയായിരുന്നു ജോലി. ചാറ്റ്ബോട്ടിന്റെ മറുപടികൾ തിരുത്തിയെഴുതാനും തൊഴിലാളികളെ നിയോഗിച്ചിരുന്നു. ഇതിന് പുറമെ, ഗൂഗ്ളിന്റെ ബ്രൗസറിൽ ​തെരച്ചിലുകളിൽ പ്രദർശിപ്പിക്കുന്ന എ.ഐ ഉള്ളടക്കം ക്രമീകരിക്കാനും തങ്ങളുടെ സേവനം ഉപയോഗിച്ചിരുന്നതായി ഇവർ പറയുന്നു.

ഉള്ളടക്കങ്ങളും മറുപടികളും സ്വയം തിരുത്തുന്നതിനും മികവാർജ്ജിക്കുന്നതിനും എ.ഐയെ പ്രാപ്തമാക്കാൻ ഗൂഗ്ൾ ജീവനക്കാരുടെ സേവനം ഉപയോഗിച്ചിരുന്നതായി പുറത്തുവന്ന രേഖകളെ ഉദ്ധരിച്ച് വയേർഡ് റിപ്പോർട്ട് ചെയ്തു.

അതേസമയം, മുന്നറിയിപ്പ് പോലുമില്ലാതെയാണ് പിരിച്ചുവിട്ടതെന്ന് ​തൊഴിലാളികൾ പറഞ്ഞു. സമാന തൊഴിലാളികൾക്കിടയിൽ വ്യത്യസ്ഥ വേതന വ്യവസ്ഥകൾ ഉണ്ടായിരുന്നതായും ഉയർന്ന സമ്മർദ്ദത്തി​ൽ ജോലി ചെയ്യാൻ നിർബന്ധിച്ചതായും അവർ പറഞ്ഞു. ജോലികൾ പൂർത്തിയാക്കാൻ ടൈമർ ​​നിശ്ചയിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഹിറ്റാച്ചിയിൽ ഔദ്യേഗികമായി പരാതി നൽകിയതിന് പിന്നാലെയാണ് ഗൂഗ്ൾ തങ്ങളെ പിരിച്ചുവിട്ടതെന്നും തൊഴിലാളികൾ പറഞ്ഞു.

തൊഴിലാളികളെ സമ്മർദ്ദത്തിലാക്കാനും നിശബ്ദരാക്കാനും ഗൂഗ്ൾ വിവിധ മാർഗങ്ങൾ ഉപയോഗിച്ചിരുന്നതായി വയേർഡ് റിപ്പോർട്ട് ​ചെയ്തു. ഓസ്റ്റിനിലും ടെക്സസിലുമുള്ള ഭിന്നശേഷിക്കാരും മുലയൂട്ടുന്ന അമ്മമാരുമടക്കം തൊഴിലാളികളോട് ഓഫീസിൽ എത്തണമെന്നടക്കം നിർദേശങ്ങൾ നൽകി കമ്പനി സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും വയേർഡ് റിപ്പോർട്ടിൽ പറഞ്ഞു.

Tags:    
News Summary - Google fires 200 employees without prior notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.