നിങ്ങൾ റിയലാണോ? എങ്കിൽ ഫേസ്ബുക്കിന്‍റെ ബ്ലൂടിക്ക് ഫ്രീയായി ലഭിക്കും; വ്യാജന്മാരെ പൂട്ടാൻ സൗജന്യ വെരിഫൈഡ് ബാഡ്ജ് അവതരിപ്പിച്ച് മെറ്റ

വ്യാജ അക്കൗണ്ടുകൾക്കും എഐ സൃഷ്ടിത പ്രൊഫൈലുകൾക്കും തടയിടാൻ പുതിയ നീക്കവുമായി മെറ്റ. ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സൗജന്യ ഫേസ്ബുക്ക് വെരിഫൈഡ് ബാഡ്ജ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഒരു ചെറിയ വീഡിയോ സെൽഫി എടുത്ത് നൽകിയാൽ ഇനിമുതൽ നിങ്ങൾക്കും ഈ ബാഡ്ജ് പ്രത്യേക വരിസംഖ്യയോ ഫീസോ ഇല്ലാതെ ലഭിക്കും. ഉപയോക്താവ് നൽകുന്ന സെൽഫി അക്കൗണ്ടിലെ നിലവിലെ ഫോട്ടോകളുമായി ഒത്തുനോക്കിയാണ് അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണോ എന്ന് ഉറപ്പാക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

സെലിബ്രിറ്റികൾക്കും പൊതുപ്രവർത്തകർക്കും പണമടച്ച് സേവനം സ്വീകരിക്കുന്നവർക്കുമാണ് സാധാരണയായി വെരിഫിക്കേഷൻ സേവനം ലഭിക്കുന്നത്. എന്നാൽ ഈ പുതിയ അപ്ഡേറ്റിലൂടെ സാധാരണക്കാർക്കും ഫേസ്ബുക്കിന്‍റെ വെരിഫൈഡ് ബാഡ്ജ് ലഭിക്കും.

18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ബാഡ്ജിനായി അപേക്ഷിക്കാവുന്നതാണ്. മെറ്റായുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നവരും, തട്ടിപ്പുകളിലോ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലോ പങ്കാളികളല്ലാത്തവരുമായ അക്കൗണ്ടുകൾക്ക് മാത്രമേ ഇത് ലഭ്യമാകൂ. ഫെയ്സ്ബുക്ക് പേജുകൾക്കും, പ്രൊഫഷണൽ മോഡ് അക്കൗണ്ടുകൾക്കും തൽക്കാലം ഈ ബാഡ്ജ് ലഭിക്കില്ല. ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലാണ് മെറ്റാ ഈ സേവനം അവതരിപ്പിക്കുന്നത്.

ഒരിക്കൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ഈ ബാഡ്ജ് പ്രൊഫൈലിൽ ലഭിക്കും. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ്, ഡേറ്റിംഗ് പ്രൊഫൈലുകൾ, ഗ്രൂപ്പുകൾ, മെയിൻ പ്രൊഫൈൽ എന്നിവിടങ്ങളിൽ ഈ അടയാളം കാണാം. വരുംദിവസങ്ങളിൽ ഫീഡ് പോസ്റ്റുകളിലും ഈ ബാഡ്ജ് ഉൾപ്പെടുത്തുമെന്ന് മെറ്റ അറിയിച്ചു.

ഈ വെരിഫൈഡ് ബാഡ്ജ് വഴി പ്രൊഫൈലിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു യഥാർത്ഥ മനുഷ്യനാണെന്ന് മാത്രമാണ് സന്ദേശം നൽകുന്നത്. അല്ലാതെ, പ്രസ്തുത വ്യക്തിയുടെ പെരുമാറ്റത്തിനോ വിശ്വാസ്യതക്കോ കമ്പനി പൂർണ്ണ ഗ്യാരണ്ടി നൽകുന്നില്ല. എല്ലാ ഉപയോക്താക്കളും മെറ്റായുടെ കമ്മ്യൂണിറ്റി, കോമേഴ്സ് നയങ്ങൾക്ക് വിധേയരായിരിക്കും.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിവരങ്ങളും പ്രൊഫൈലുകളും എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന കാലഘട്ടത്തിൽ ഫേസ്ബുക്കിലെ ആശയവിനിമയങ്ങൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Tags:    
News Summary - Facebook's Blue Tick, a free verified badge to block fakes,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.