വലിയ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ചൈനീസ് ടെക് സ്റ്റാർട്ടപ്പ് ഡീപ്‌സീക്ക്

ബെയ്ജിങ്: തങ്ങളുടെ സേവനങ്ങളിൽ വലിയ തോതിലുള്ള ക്ഷുദ്ര ആക്രമണങ്ങൾ നേരിടുന്നതായി ചൈനീസ് ടെക് സ്റ്റാർട്ടപ്പ് ഭീമനായ ‘ഡീപ്‌സീക്ക്’. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിലൂടെ ടെക് ലോകത്തെ ‘ഉന്മാദ’ത്തിലേക്ക് നയിച്ച കമ്പനി, തങ്ങളുടെ സൈറ്റിൽ രജിസ്റ്റർ ചെയ്യാനുള്ള ഉപയോക്താക്കളുടെ കഴിവ് തടസ്സപ്പെടുത്തിയ സൈബർ ആക്രമണമാണ് ബാധിച്ചതെന്ന് പറഞ്ഞു.

ചാറ്റ് ജി.പി.ടി നിർമാതാക്കളായ ‘ഓപ്പൺ എ.ഐ’ പോലുള്ള യു.എസ് കമ്പനികളിൽ നിന്നുള്ള സമാന മോഡലുകൾക്ക് തുല്യമാണെന്നും വിലകൂടിയ ‘എൻവിഡിയ’ ചിപ്പുകളുടെ ഉപയോഗത്തിൽ ചെലവ് കുറഞ്ഞതാണെന്നും അവകാശപ്പെട്ട് ഒരു പുതിയ ‘എ.ഐ മോഡൽ’ കഴിഞ്ഞ മാസം പുറത്തിറക്കിയതോടെയാണ് ‘ഡീപ്‌സീക്ക്’ എ.ഐ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്. ഈ വർഷം ആദ്യം ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇവരുടെ ചാറ്റ്ബോട്ട് വ്യാപകമായി ആക്‌സസ് ചെയ്യപ്പെട്ടിരുന്നു.

ഈ ആഴ്ചയുടെ തുടക്കത്തിൽ ആപ്പിളിന്റെ ഐ ഫോൺ സ്റ്റോറിൽ ഡൗൺലോഡ് ചെയ്‌ത ഒന്നാം നമ്പർ ആപ്പായി ഡീപ്സീക്കിന്റെ എ.ഐ അസിസ്റ്റന്റ് മാറി. സിലിക്കൺ വാലിയുടെ പല കോണുകളിലെയും നിരവധി നിരീക്ഷകരും നിക്ഷേപകരും വിശകലന വിദഗ്ധരും അമ്പരന്നു.

തിങ്കളാഴ്ചയോടെ, പുതിയ ചൈനീസ് ‘എ.ഐ ചാറ്റ്ബോട്ട്’ പ്രധാന ടെക് സ്റ്റോക്കുകകളിൽ വൻതോതിലുള്ള വിറ്റഴിക്കലിന് കാരണമായി. ഇത് യു.എസ് ഓഹരികൾ നഷ്ടത്തിലാക്കി. ഏകദേശം 600 ബില്യൺ ഡോളർ വിപണി മൂല്യത്തിൽ നഷ്ടം നേരിട്ടു. ബ്ലൂംബെർഗിന്റെ അഭിപ്രായത്തിൽ യു.എസ് സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്.

കമ്പനിയുടെ ജനപ്രീതിയിലുണ്ടായ കുതിച്ചുചാട്ടം എ.ഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ യു.എസും ചൈനയും തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ആക്കം കൂട്ടി. ചൈനീസ് കമ്പനികൾ മുൻനിര യു.എസ് കമ്പനികളെ വിഴുങ്ങുമോ എന്നതിൽ തങ്ങൾ ആശങ്കാകുലരാണെന്ന് ചില യു.എസ് ടെക് വ്യവസായ നിരീക്ഷകർ പറയുന്നു.

2023ൽ ചൈനയിലെ ഹാങ്‌സൗവിലാണ് ഡീപ്‌സീക്ക് സ്ഥാപിതമായത്. കമ്പനി അതിന്റെ ആദ്യത്തെ എ.ഐ വലിയ ഭാഷാ മോഡൽ ആ വർഷം തന്നെ പുറത്തിറക്കി. വെറും 5.6 മിലൺ ഡോളർ ചെലവിലാണ് ഏറ്റവും പുതിയ മോഡൽ നിർമിച്ചതെന്ന് DeepSeekന്റെ ഡെവലപ്പർമാർ പറയുന്നു. ഓപ്പൺ എ.ഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ എ.ഐ ഭീമൻമാർ സ്വന്തം മോഡലുകൾ വികസിപ്പിക്കാൻ ആശ്രയിക്കുന്ന ചെലവിന്റെ ഒരു ചെറിയ ശതമാനമാണിത്.


Tags:    
News Summary - Chinese tech startup DeepSeek says hit with 'large-scale malicious attacks'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.