അൽഗോരിതത്തെ കുത്തിട്ട് തോൽപ്പിക്കാനാകുമോ? ഫേസ്ബുക്കിൽ സജീവ ചർച്ച

ഫേസ്ബുക്കിന്‍റെ ലോകത്ത് ഇടക്കിടെ ഉയർന്നുവരുന്ന ചർച്ചയാണ് അൽഗോരിതം. ഇതിനെ തോൽപ്പിക്കാൻ കണ്ടെത്തിയ മാർഗമാവട്ടെ കുത്തിട്ടുപോകലാണ്. പോസ്റ്റുകൾ സുഹൃത്തുക്കൾ കാണാനും കൂടുതൽ റീച്ച് നേടാനും ഈ കുത്തിടൽ വഴി സാധിക്കുമെന്നാണ് സാമാന്യ ധാരണ. 

അൽഗോരിതത്തെ തോൽപ്പിക്കാനുള്ള കുത്തിട്ടുപോകൽ യജ്ഞം ഇപ്പോൾ തുടങ്ങിയതല്ല. വർഷാവർഷങ്ങളിൽ ഇത് ആവർത്തിച്ചുവരുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് ഈ കുത്തിടൽ എഫ്.ബിയിൽ വ്യാപകമായി പ്രചരിച്ചത്.

'ഫേസ്ബുക് അൽഗോരിതം മാറ്റിയിരിക്കുന്നു. നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവരുടെ പോസ്റ്റുകൾ കാണാനും കൂടുതൽ പേരിലേക്ക് പോസ്റ്റുകൾ എത്താനും നിങ്ങൾ ഈ പോസ്റ്റ് ലൈക് ചെയ്ത് കമന്‍റോ കുത്തോ ഇടുക' -ഇതാണ് സന്ദേശത്തിന്‍റെ ഏകദേശ രൂപം. പിന്നീട് ഇടക്കിടെ അൽഗോരിതത്തെ തോൽപ്പിക്കാനുള്ള കാമ്പയിൻ ഉയർന്നുവരും.

ഫേസ്ബുക്കിൽ പോസ്റ്റുകളുടെ റീച്ച് സമീപകാലത്തായി കുറയുന്നതായി പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഫേസ്ബുക്കിൽ ധാരാളം എഴുതുകയും ഏറെ പേർ പിന്തുടരുകയും ചെയ്യുന്ന പ്രൊഫൈലുകൾ. പിന്നീട് ഫേസ്ബുക് പ്രൊഫഷണൽ മോഡിലേക്ക് മാറിയപ്പോൾ പോസ്റ്റുകൾക്ക് പഴയ റീച്ച് തിരിച്ചുകിട്ടിയെന്ന് പലരും വ്യക്തമാക്കുന്നു.

ഫേസ്ബുക് അൽഗോരിതം ഒരുപാട് ഘടകങ്ങൾ കൂടിച്ചേർന്നതാണ്. അത് പ്രധാനമായും നമ്മുടെ പോസ്റ്റുകളിലെ ഉള്ളടക്കങ്ങളെ ആശ്രയിച്ചിരിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ ഉപയോഗപ്പെടുത്തിയാണ് ഫേസ്ബുക് ഏതൊക്കെ പോസ്റ്റുകൾ നിങ്ങൾ കാണണം, ഏതൊക്കെ നിങ്ങൾ കാണേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്. ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അത് ഏതൊക്കെ സുഹൃത്തുക്കൾ കാണണം എന്ന് തീരുമാനിക്കുന്നത് ഈ നിർമിതബുദ്ധിയാണ്. സ്ഥിരമായി പ്രതികരിക്കുന്ന സുഹൃത്തുക്കൾ, പോസ്റ്റിലെ ഉള്ളടക്കവുമായി ബന്ധമുള്ള സുഹൃത്തുക്കൾ തുടങ്ങി പലവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഒരു പോസ്റ്റ് നമ്മുടെ മുന്നിലേക്കെത്തുന്നത്.

നിങ്ങൾ കൂടുതൽ ഇടപെടുന്ന ആളുകളുടെ പോസ്റ്റുകളാണ് കൂടുതലായി നിങ്ങളിലേക്കെത്തുക. സ്ഥിരം ചാറ്റ് ചെയ്യുന്ന, സ്ഥിരം ലൈക്ക് അടിക്കുന്ന, സ്ഥിരം കമന്‍റ് ചെയ്യുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ ആ പോസ്റ്റുകൾ സ്വാഭാവികമായും നിങ്ങളിലേക്ക് കൂടുതലെത്തും. എന്നാൽ, ഒരു കുത്തിട്ട് പോയതുകൊണ്ട് മാത്രം അൽഗോരിതത്തെ തോൽപ്പിച്ച് കൂടുതൽ പോസ്റ്റുകൾ കാണാനോ കൂടുതൽ പേരിലേക്ക് എത്താനോ സാധിക്കില്ല.

നിങ്ങളുടെ ഫേസ്ബുക്കിലെ സെർച്ചുകൾ, മുമ്പ് പ്രതികരിച്ച പോസ്റ്റുകളുടെ രീതി, കൂടുതൽ ഇടപഴകുന്ന സുഹൃത്തുക്കൾ തുടങ്ങിയവയോടൊപ്പം, എപ്പോഴാണ് പോസ്റ്റിട്ടത്, എവിടെ നിന്നാണ് പോസ്റ്റിട്ടിരിക്കുന്നത്, നിങ്ങൾ എവിടെയാണ്, നിങ്ങൾ ഫേസ്ബുക്ക് തുറക്കുന്ന സമയമേതാണ്, നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് എത്ര വേഗമുണ്ട് മുതലായവയും വിശകലനം ചെയ്താണ് പോസ്റ്റ് മുന്നിലെത്തുക.

ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന നിർദ്ദേശം മാത്രമാണ് അൽഗോരിതം. അതായത് ഏതൊക്കെ പോസ്റ്റ് ആളുകൾ കാണണം എങ്ങനെയുള്ള പോസ്റ്റുകൾ ഒളിച്ചുവയ്ക്കണം എന്നൊക്കെ ഫേസ്ബുക്ക് തീരുമാനിക്കുന്നത് അൽഗോരിതത്തിന്‍റെ അടിസ്ഥാനത്തിലാണ്.

ഉപഭോക്താവിന്‍റെ പല വിവരങ്ങളും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ മറ്റെവിടെ നടത്തിയ സെർച്ചും ഫേസ്ബുക് പോസ്റ്റ് കാണലിനെ സ്വാധീനിക്കും. ഉദാഹരണത്തിന് മൂന്നാറിൽ ഹോം സ്റ്റേയെ കുറിച്ച് സെർച്ച് ചെയ്തയാൾക്ക് ഫേസ്ബുക് യാത്രയെ കുറിച്ചുള്ള പോസ്റ്റുകൾ കൂടുതലായി കാണിച്ചുകൊടുക്കും.

ഫേസ്ബുക് പോസ്റ്റുകൾക്ക് റീച്ച് കുറയുന്നു എന്ന പരാതി വസ്തുതാപരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പല ഫേസ്ബുക് എഴുത്തുകാർക്കും പണ്ട് ലഭിച്ചിരുന്നത്ര ലൈക്കും ഷെയറുകളും പിന്നീട് ലഭിച്ചിരുന്നില്ല. എന്നാൽ, എല്ലാ പോസ്റ്റും എല്ലാവരും കാണേണ്ടതില്ല എന്ന് ഫേസ്ബുക് തീരുമാനിച്ചാൽ അതിനെ കുത്തിട്ട് തോൽപ്പിക്കാനാകുമെന്ന് ധരിക്കുന്നത് തെറ്റാണെന്ന് മാത്രം. 

Tags:    
News Summary - Can the algorithm be beaten? Active discussion on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.