ബംഗളൂരു: ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2026 പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷനിൽ ബംഗളൂരു ഏഷ്യയിൽ രണ്ടാം സ്ഥാനം കൈവരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. മികച്ച പ്രകടനം, ഗവേഷണം എന്നിവയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിലും ബംഗളൂരു ഇടം നേടി. ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൂചികയിൽ 15ാം സ്ഥാനത്താണ് ബംഗളൂരു.
152.8 ബില്യൺ യു.എസ് ഡോളറിന്റെ ഇക്കോസിസ്റ്റം മൂല്യമാണ് നഗരത്തിനുള്ളത്. പാരീസിൽ നടന്ന വിവടെക് കോൺഫറൻസിൽ വെച്ചാണ് സ്റ്റാർട്ടപ്പ് ജീനോമുമായി സഹകരിച്ച് കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയിലെ മൊത്തത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിന്റെ ഏകദേശം 58 ശതമാനവും കർണാടകയിലേക്കാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ വികസനത്തിൽ ഏഷ്യയിൽ മുമ്പന്തിയില്‍ ബീജിങ്ങ് ആണ്. രണ്ടാം സ്ഥാനം ബംഗളൂരു. 2021-2025 കാലയളവിൽ മാത്രം വെഞ്ച്വർ ഫണ്ടിങ്ങിലൂടെ 39 ബില്യൺ യു.എസ് ഡോളർ സ്വന്തമാക്കാന്‍ ബംഗളൂരുവിന് സാധിച്ചു.
2025-ലെ റിപ്പോർട്ടിൽ ഗവേഷണ മികവില്‍ ലോകത്ത് ആദ്യ 30-ൽ ആയിരുന്ന ബംഗളൂരു. പേറ്റന്റ്, ഗവേഷണം എന്നിവയിലൂടെ ആദ്യ 10-ലേക്ക് ഉയർന്നു. ബംഗളൂരു ഇനി വെറുമൊരു സ്റ്റാർട്ടപ്പ് തലസ്ഥാനം മാത്രമല്ല. അത് ആഗോള തലത്തിൽ ഡീപ്ടെക്, എ.ഐ ഇന്നൊവേഷൻ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് കർണാടക ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.