ഓഫീസിലെ എല്ലാ പണിയും ഇനി എഐ ചെയ്യും; ഗ്രോക്ക് ബോട്ട് എഐ അവതരിപ്പിച്ച് മസ്കിന്റെ എക്സ് എഐ

ഒരു ഓഫീസിൽ മാനേജരുടെ കീഴിൽ അഞ്ചോ ആറോ പേർ ടീമായി ചെയ്തു തീർക്കുന്ന ജോലി ഇനി എഐ സ്വയം ചെയ്യും. അതെ, നിർമിത ബുദ്ധി രംഗത്ത് വലിയ മാറ്റവുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്‍റെ സ്‌പേസ് എക്‌സ് എഐ. ഒരു ടീമിനെപ്പോലെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന അത്യാധുനിക ഗ്രോക്ക് ബോട്ട് സംവിധാനമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ചാറ്റ് ബോട്ടുകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യരെപ്പോലെ കമ്പ്യൂട്ടർ ഉപയോഗിച്ച് യഥാർത്ഥ ജോലികൾ പൂർത്തിയാക്കാൻ ഈ ബോട്ട് സംവിധാനത്തിന് സാധിക്കും.

ഓരോ ബോട്ടിനും സ്വന്തമായി ഒരു ക്ലൗഡ് കമ്പ്യൂട്ടർ സൗകര്യം ലഭ്യമാണ്. ഇതിലൂടെ ബ്രൗസർ, ടെർമിനൽ, ഫയലുകൾ എന്നിവയിൽ പ്രവേശിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇവക്ക് സാധിക്കുന്നു. ഒന്നിലധികം ബോട്ടുകളെ ഒരേസമയം ഏകോപിപ്പിച്ച് ഒരു ടീമിനെപ്പോലെ പ്രവർത്തിപ്പിക്കാം. വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി തിരിച്ച് വേഗത്തിൽ തീർക്കാൻ ഈ സംവിധാനം സഹായിക്കും.

ഉപയോക്താവ് ഉപയോഗിക്കുന്ന വിവിധ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ലോഗിൻ ചെയ്ത് ഒരു സഹപ്രവർത്തകനെപ്പോലെ ജോലികൾ പൂർത്തിയാക്കാൻ ഗ്രോക്ക് ബോട്ടിന് കഴിയും. ഒരു തവണ ഒരു ജോലി എങ്ങനെ ചെയ്യണമെന്ന് കാണിച്ചുകൊടുത്താൽ അത് പിന്നീട് സ്വയം ചെയ്യാൻ ബോട്ടുകൾക്ക് സാധിക്കും. മുൻകാല സംഭാഷണങ്ങളും പ്രവർത്തനങ്ങളും ഓർത്തു വെക്കാനുള്ള കഴിവുമുണ്ട്.

ക്ലൗഡിലാണ് ഈ ബോട്ടുകൾ പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് ഉപയോക്താവിന്റെ ലാപ്ടോപ്പ് ഓഫായാലും ജോലികൾ തടസ്സമില്ലാതെ തുടരും. സെയിൽസ്, മാർക്കറ്റിംഗ്, ബഗ് ഫിക്സിംഗ് തുടങ്ങി വിവിധ ഓഫീസ്‌ ജോലികൾക്കായി സ്‌പേസ് എക്‌സ് എഐ ഇപ്പോൾ തന്നെ ഈ സാങ്കേതികവിദ്യ ആഭ്യന്തരമായി ഉപയോഗിക്കുന്നുണ്ട്. നിലവിൽ ബീറ്റാ പതിപ്പിലാണ് ഗ്രോക്ക് ബോട്ട് ലഭ്യമായിരിക്കുന്നത്. സൂപ്പർ ഗ്രോക്ക് ഹെവി, കർസർ അൾട്രാ, കർസർ ടീംസ് പ്രീമിയം വരിക്കാർക്കാണ് നിലവിൽ ഈ സേവനം ഉപയോഗിക്കാൻ കഴിയുക.

ഡെസ്ക്ടോപ്പ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമാണ്. വരും ദിവസങ്ങളിൽ ആൻഡ്രോയിഡ് പതിപ്പും പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഓപ്പൺ എഐ , ആന്ത്രോപിക് എന്നിവരുമായുള്ള മത്സരത്തിൽ ഈ പുതിയ ഉൽപ്പന്നത്തോടെ വലിയ മുന്നേറ്റമാണ് ഇലോൺ മസ്കിന്റെ കീഴിലുള്ള സ്‌പേസ് എക്‌സ് എഐ ലക്ഷ്യമിടുന്നത്.

Tags:    
News Summary - AI, Grok Bot AI, Maskd, X AI,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.