ജെഫ്രി ഹിന്‍റൺ 

‘എ.ഐ ചാറ്റ്ബോട്ടുകൾ ഉടൻതന്നെ സ്വന്തമായൊരു ഭാഷ വികസിപ്പിക്കും, അങ്ങനെ സംഭവിച്ചാൽ വരാൻപോകുന്നത് വലിയ അപകടം’; മുന്നറിയിപ്പുമായി എ.ഐ ഗോഡ്ഫാദർ

എ.ഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്‍റൺ അടുത്തിടെ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. എ.ഐയുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ് വൺ ഡിസിഷൻ എന്ന പോഡ്കാസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. നിർമിത ബുദ്ധി ഉടൻതന്നെ സ്വന്തമായി സ്വകാര്യ ഭാഷ വികസിപ്പിച്ചേക്കാമെന്നും അങ്ങനെ സംഭവിച്ചാൽ അതിന്‍റെ ഡെവലപ്പർമാർക്ക് പോലും അത് മനസിലാക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇപ്പോൾ നിലവിൽ എ.ഐ ചാറ്റ്ബോട്ടുകൾ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്. അതിനാൽ അവർ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാൻ ഡെവലപർമാർക്ക് സാധിക്കുന്നു. എന്നാൽ അവ പരസ്പരം ആശയവിനിമയം നടത്തുന്നതിനായി സ്വന്തമായി ഒരു സ്വകാര്യ ഭാഷ വികസിപ്പിച്ചെടുക്കാം എന്നും അതിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെ സംഭവിച്ചാൽ അത് സാങ്കേതിക വിദ്യയെ ആകെ തകിടം മറിക്കുമെന്നും വലിയ അപകടം അതിൽ ഒളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരമായ ചിന്തകൾ ഉണ്ടാക്കാനുള്ള കഴിവ് ഇതിനോടകം എ.ഐ ചാറ്റ്ബോട്ടുകൾ വികസിപ്പിച്ചെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നത്. അങ്ങനെ സംഭവിച്ചാൽ എ.ഐ ചാറ്റ്ബോട്ടുകളെ ട്രാക്ക് ചെയ്യാൻ കഴിയാതെ വരും. അത് ഭയാനകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എ.ഐ ചാറ്റ്ബോട്ടുകൾക്ക് ശാരീരിക ശക്തിയിൽ മനുഷ്യനെ മറികടക്കാൻ കഴിയില്ലെങ്കിലും ബൗദ്ധിക ശേഷിയിൽ മനുഷ്യനെ പിന്തള്ളുമെന്നും അദ്ദേഹം പറയുന്നു. ആ അവസ്ഥ എത്തിയാൽ അവയെ എങ്ങനെ നേരിടുമെന്ന് നമുക്ക് മനസിലാക്കാൻ കഴിയാതെ വരും. കാരണം ഇതുവരെ അങ്ങനെയൊരു സാഹചര്യം മനുഷ്യന് മറികടക്കേണ്ടി വന്നിട്ടില്ല. ഇതിന്റെ അനന്തരഫലമായി നമ്മളേക്കാൾ ബുദ്ധിശേഷിയുള്ള എ.ഐ ചാറ്റ്ബോട്ടുകൾ എല്ലാ നിയന്ത്രണവും ഏറ്റെടുക്കുന്ന അവസ്ഥയെ അദ്ദേഹം ഭയപ്പെടുന്നുവെന്നും വ്യക്തമാക്കി.

ജി.പി.ടി-4 പോലുള്ള എ.ഐ മോഡലുകൾ ഇതിനകം തന്നെ പൊതുവിജ്ഞാനത്തിൽ മനുഷ്യരെ മറികടക്കുന്നുണ്ട്. സാങ്കേതിക ലോകത്തെ മറ്റുള്ളവർ വിഷയത്തിൽ നിശബ്ദത പാലിക്കുന്നുവെന്നും വലിയ കമ്പനികളിലെ പലരും അപകടസാധ്യതയെ കുറച്ചുകാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ മേഖലയിൽ സർക്കാർ നിയന്ത്രണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വാദിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നത്തെ എ.ഐ അധിഷ്ഠിത ഉൽപ്പന്നങ്ങളെയും ആപ്ലിക്കേഷനുകളെയും മുന്നോട്ട് നയിക്കുന്ന മെഷീൻ ലേണിങിന് അടിത്തറ പാകിയത് ഹിന്റൺ ആണ്. നൊബേൽ സമ്മാന ജേതാവായ അദ്ദേഹം എ.ഐയുടെ ഭാവി വികസനത്തിൽ നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2023 ൽ അദ്ദേഹം ഗൂഗ്ളിൽനിന്ന് ഇറങ്ങി.

Tags:    
News Summary - AI godfather warns AI could soon develop its own language and outsmart humans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.