ആർക്കും പരീക്ഷിക്കാം: 5 രസകരമായ ഇന്റർനെറ്റ് വിദ്യകൾ!
ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാം എന്നതുകൊണ്ട് അതിലെ എല്ലാ വിദ്യകളും അറിയണമെന്നില്ല! ഗൂഗിളിൽ ഒരു കാര്യം തിരഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കാത്ത പല സൗകര്യങ്ങളും മുന്നിലെത്തും. പാട്ടിന്റെ ഈണം മൂളിക്കൊടുത്ത് പേര് കണ്ടെത്താം, നാണയം എറിയാം, പരിചയമില്ലാത്ത വസ്തുക്കളുടെ പേരുപോലും ചിത്രമെടുത്ത് കണ്ടുപിടിക്കാം. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യങ്ങളായിരിക്കും. എങ്കിലും ഇതേക്കുറിച്ച് അറിയാത്തവരുമുണ്ടാകും.ഇതിനൊന്നും വലിയ കമ്പ്യൂട്ടർ പരിജ്ഞാനമോ പ്രത്യേക സാങ്കേതിക അറിവോ ആവശ്യമില്ല. മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കാൻ അറിയാവുന്ന ആർക്കും, പ്രായമായവർക്കുപോലും വളരെ എളുപ്പത്തിൽ പരീക്ഷിച്ചുനോക്കാവുന്ന അഞ്ച് രസകരമായ വിദ്യകൾ ഇതാ!
1. ഇന്റർനെറ്റ് വേഗത അറിയാൻ വേറെ ആപ്പിന്റെ ആവശ്യമില്ല!
നിങ്ങളുടെ വീട്ടിലെ വൈഫൈയ്ക്ക്/ നിങ്ങളുടെ ഫോണിലെ നെറ്റിന് ശരിക്കും എത്ര വേഗതയുണ്ടെന്ന് അറിയാമോ? അതറിയാൻ പ്രത്യേക ആപ്പുകളൊന്നും ഫോണിൽ സ്ഥാപിക്കേണ്ടതില്ല.
എങ്ങനെ ചെയ്യാം?
- ഫോണിലോ കമ്പ്യൂട്ടറിലോ ഗൂഗിൾ തുറക്കുക.
- തിരയാനുള്ള സ്ഥലത്ത് 'Internet Speed Test' എന്ന് ടൈപ്പ് ചെയ്യുക.
- സ്ക്രീനിൽ കാണുന്ന 'Run Speed Test' എന്ന ബട്ടണിൽ അമർത്തുക.
- ഏതാനും സെക്കൻഡുകൾ കാത്തിരുന്നാൽ പരിശോധന പൂർത്തിയാകും.
ഇന്റർനെറ്റിൽനിന്ന് വിവരങ്ങൾ നമ്മുടെ ഉപകരണത്തിലേക്ക് എത്തുന്ന വേഗതയും (ഡൗൺലോഡ്), ഉപകരണത്തിൽനിന്ന് വിവരങ്ങൾ പുറത്തേക്ക് അയക്കുന്ന വേഗതയും (അപ്‌ലോഡ്) ഇതിലൂടെ അറിയാം.
2. പാട്ടിന്റെ പേര് അറിയില്ലേ? ഈണം മൂളിക്കൊടുത്താൽ ഗൂഗിൾ കണ്ടെത്തും!
എവിടെയോ കേട്ട ഒരു പാട്ടിന്റെ ഈണം മനസ്സിലുണ്ട്. എന്നാൽ പാട്ടിന്റെ പേരോ വരികളോ ഓർമയില്ല. ഇനി അതിനായി സുഹൃത്തുക്കളോട് ചോദിച്ചുനടക്കേണ്ടതില്ല. ആ ഈണം ഗൂഗിളിനോട് മൂളിക്കൊടുത്താൽ മതി!
എങ്ങനെ ചെയ്യാം?
- മൊബൈലിൽ ഗൂഗിൾ ആപ്പ് തുറക്കുക.
- തിരയാനുള്ള ഭാഗത്തുള്ള മൈക്രോഫോൺ ചിഹ്നത്തിൽ അമർത്തുക.
- 'Search a song' എന്ന ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ അതിൽ അമർത്തുക. ചില ഫോണുകളിൽ 'What's this song?' എന്ന ഓപ്ഷനായിരിക്കാം.
- നിങ്ങൾക്ക് ഓർമയുള്ള ഈണം 10–15 സെക്കൻഡ് നേരം മൂളുകയോ വിസിൽ അടിക്കുകയോ ചെയ്യുക.
- ഈണവുമായി പൊരുത്തമുള്ള പാട്ടുകൾ ഗൂഗിൾ കണ്ടെത്താൻ ശ്രമിക്കും.
പാട്ടിന്റെ യഥാർഥ വരികൾ അറിയണമെന്നില്ല. ഈണം മാത്രം ഓർമയുള്ളവർക്കും ഇത് പരീക്ഷിക്കാം. കൃത്യമായ ഫലം ലഭിക്കണമെന്നില്ലെങ്കിലും കൗതുകകരമായൊരു വിദ്യയാണിത്!
3. ക്യാമറയിൽ ഒരു ചിത്രമെടുത്താൽ വസ്തുവിന്റെ പേര് കണ്ടെത്താം!
വഴിയരികിൽ കണ്ട മനോഹരമായ ചെടിയുടെ പേരറിയില്ല. കടയിൽ കണ്ട ഒരു സാധനത്തിന്റെ പേര് അറിയണം. പുസ്തകത്തിലെ ഇംഗ്ലീഷ് വാക്കിന്റെ അർഥം മനസ്സിലാക്കണം. ഇതിനെല്ലാം സഹായിക്കുന്ന ഒരു സൗകര്യം ഗൂഗിളിലുണ്ട്. ഗൂഗിൾ ലെൻസ്!
എങ്ങനെ ചെയ്യാം?
1. ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക.
2. തിരയാനുള്ള ഭാഗത്തുള്ള ക്യാമറയുടെ ആകൃതിയിലുള്ള ഗൂഗിൾ ലെൻസ് ചിഹ്നത്തിൽ അമർത്തുക.
3. തിരിച്ചറിയേണ്ട വസ്തുവിന് നേരെ ക്യാമറ പിടിക്കുക.
4. ചിത്രമെടുക്കാനുള്ള ബട്ടണിൽ അമർത്തുക.
5. ചിത്രത്തിലുള്ള വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങളും സമാനമായ ചിത്രങ്ങളും സ്ക്രീനിൽ കാണാം.
നേരത്തേ എടുത്തുവെച്ച ചിത്രങ്ങളും ഗൂഗിൾ ലെൻസിൽ തിരഞ്ഞെടുക്കാം. ചെടികൾ, മൃഗങ്ങൾ, വസ്തുക്കൾ, കെട്ടിടങ്ങൾ തുടങ്ങിയവ തിരിച്ചറിയാനും ചിത്രത്തിലുള്ള എഴുത്തുകൾ വായിക്കാനും ഇത് സഹായിക്കും.
4. തീരുമാനമെടുക്കാൻ നാണയം എറിയണോ? ഫോണിൽ അതിനും വഴിയുണ്ട്!
ആരാണ് ആദ്യം കളി തുടങ്ങേണ്ടത്? രണ്ട് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ നാണയം എറിയേണ്ട സാഹചര്യമുണ്ടോ? യഥാർഥ നാണയം കൈയിലില്ലെങ്കിലും പ്രശ്നമില്ല. ഗൂഗിളിൽ തന്നെ നാണയം എറിയാനുള്ള സൗകര്യമുണ്ട്. പണ്ടത്തെ കണ്ടം ക്രിക്കറ്റിൽ നാണയമില്ലാത്തതിനാൽ ഇല പറിച്ചെടുത്ത് (അകം,പുറം) ടോസ് ഇട്ടിരുന്ന കാലത്ത് ഈ വിദ്യ ഉണ്ടായിരുന്നുവെങ്കിൽ എന്ത് നന്നായിരുന്നുവല്ലേ!!!
എങ്ങനെ ചെയ്യാം?
1. ഗൂഗിൾ തുറക്കുക.
2. തിരയാനുള്ള ഭാഗത്ത് 'Flip a Coin' എന്ന് ടൈപ്പ് ചെയ്യുക.
3. സ്ക്രീനിൽ നാണയത്തിന്റെ ചിത്രം തെളിയും.
4. 'Flip' എന്ന ബട്ടണിൽ അമർത്തുക.
5. നാണയം തല (Heads) അല്ലെങ്കിൽ വാൽ (Tails) എന്ന ഫലം കാണിക്കും.
ഇതുപോലെ 'Roll a Die' എന്ന് തിരഞ്ഞാൽ പകിട ഉരുട്ടാനും സാധിക്കും. കുട്ടികളോടൊപ്പം പരീക്ഷിച്ചുനോക്കാനും ചെറിയ കളികൾക്കിടയിൽ ഉപയോഗിക്കാനും രസകരമായ വിദ്യയാണിത്.
5. ഇന്റർനെറ്റ് ഇല്ലെങ്കിലും കളിക്കാം; ഗൂഗിളിലെ ആ ചെറിയ ദിനോസറിനെ അറിയാമോ?
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇന്റർനെറ്റ് ബന്ധം നഷ്ടപ്പെടുമ്പോൾ വെബ് പേജ് തുറക്കാനാകാതെ വന്നാൽ സ്ക്രീനിൽ ഒരു ചെറിയ ദിനോസറിന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത് വെറുമൊരു ചിത്രമല്ല, ഒരു ചെറിയ കളിയുടെ തുടക്കമാണ്!
എങ്ങനെ കളിക്കാം?
- ഫോണിലോ കമ്പ്യൂട്ടറിലോ ഗൂഗിൾ ക്രോം തുറക്കുക.
- ഇന്റർനെറ്റ് ബന്ധം താൽക്കാലികമായി വിച്ഛേദിക്കുക.
- ഏതെങ്കിലും വെബ്‌സൈറ്റ് തുറക്കാൻ ശ്രമിക്കുക.
- ദിനോസറിന്റെ ചിത്രം പ്രത്യക്ഷപ്പെടുന്ന പേജിലെത്തും.
- കമ്പ്യൂട്ടറിലാണെങ്കിൽ കീബോർഡിലെ Spacebar അമർത്തുക. ഫോണിലാണെങ്കിൽ ദിനോസറിന്റെ ചിത്രത്തിൽ തൊടുക.
- മുന്നിലുള്ള കള്ളിമുൾച്ചെടികളിൽ തട്ടാതെ ദിനോസറിനെ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം!
ഇന്റർനെറ്റ് ഇല്ലാത്ത സമയത്ത് വിരസത മാറ്റാൻ ഗൂഗിൾ ഒരുക്കിയിരിക്കുന്ന ചെറിയൊരു കളിയാണിത്. ഇതിന് പ്രത്യേകമായി മറ്റൊരു ആപ്പും സ്ഥാപിക്കേണ്ടതില്ല.
ഇതിൽ ചില വിദ്യകൾ നിങ്ങൾക്ക് നേരത്തേ അറിയാമായിരിക്കാം. എന്നാൽ അറിയാത്തവർക്കായി പങ്കുവെക്കാൻ പറ്റുന്ന ചെറിയ അറിവുകളാണിവ. എ.ഐ കാലത്ത് ഇതിൽ പലതും വിസ്മൃതിയിലായെങ്കിലും ഇന്റർനെറ്റ് നമ്മുടെ നാട്ടിൽ കൗതുകമായിരുന്ന ഒരു കാലത്ത് ഇതൊക്കെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളായിരുന്നു!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.