എഐയുടെ ആത്മവിശ്വാസവും നമ്മുടെ അന്ധമായ വിശ്വാസവും; നിർമിതബുദ്ധിയുടെ ഉള്ളുകളികൾ!

സിനിമകളിലും റീലുകളിലും "ഹേയ് സിരി, ചോറുണ്ടോ?", "സിരി, എനിക്ക് മൂഡില്ല..." എന്നൊക്കെ പറഞ്ഞ് ആളുകൾ തമാശ കളിക്കുന്നത് നാം കാണാറുണ്ട്. ടെക് ലോകത്ത് എ.ഐ തരംഗമാകുന്നതിനും എത്രയോ മുമ്പേ, 2011 ഒക്ടോബർ നാലിന് ആപ്പിൾ ഐഫോൺ 4എസിനൊപ്പം അവതരിപ്പിച്ച ‘മിടുക്കി പെൺകുട്ടി’യാണ്​ സിരി. 2010-ൽ ആപ്പിൾ സ്വന്തമാക്കിയ ഈ സാങ്കേതികവിദ്യ പിന്നീട് ആപ്പിളിന്‍റെ മുഖമുദ്രകളിലൊന്നായി മാറി.

അന്ന് വോയ്‌സ് കമാൻഡുകൾ സ്വീകരിച്ച് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന സിരിയിൽനിന്ന് ഇന്ന് കാര്യങ്ങൾ എത്രയോ മാറിയിരിക്കുന്നു. ചോദ്യങ്ങൾക്ക് മറുപടി നൽകാനും ലേഖനങ്ങൾ എഴുതാനും ചിത്രങ്ങൾ വരയ്ക്കാനും ആശയങ്ങൾ കണ്ടെത്താനും വരെ കഴിവുള്ള എ.ഐ സംവിധാനങ്ങൾ നമ്മുടെ ജീവിതഭാഗമായി മാറിക്കഴിഞ്ഞു.

ഒരു സംശയം തോന്നിയാൽ ഗൂഗിളിൽ തിരയുന്നതിനുമുമ്പ് എ.ഐയോട് ചോദിക്കുന്നവരാണ് ഇന്ന് പലരും. ഏതാനും സെക്കൻഡുകൾക്കുള്ളിൽ മറുപടി ലഭിക്കുന്നതും അവതരണത്തിലെ ആത്മവിശ്വാസവുമാണ് ഈ സ്വീകാര്യതക്ക്​ പിന്നിൽ. പക്ഷേ, ആ ഏതാനും സെക്കൻഡുകൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നത്? എ.ഐ എങ്ങനെയാണ് മറുപടി തയ്യാറാക്കുന്നത്? തെറ്റായ വിവരങ്ങൾ പോലും ഇത്ര ഉറപ്പോടെ പറയുന്നത് എന്തുകൊണ്ടാണ്?

ചെറിയൊരു ഉദാഹരണം നോക്കാം.

കാട്ടിലൂടെ നടക്കുമ്പോൾ മനോഹരമായ ഒരു കൂൺ കണ്ടു. കഴിക്കാൻ കൊള്ളാമോ എന്ന്​ സംശയം. മറ്റൊന്നും ആലോചിക്കാതെ ചിത്രമെടുത്ത് എ.ഐക്ക് അയച്ചു. മറുപടി ഉടൻ വന്നു:

"കഴിക്കാം! നന്നായി കഴുകി പാചകം ചെയ്താൽ മതി!"

മറുപടി വിശ്വസിച്ച് കൂൺ പറിച്ചെടുത്ത് പാചകം ചെയ്ത് കഴിച്ചു. പക്ഷേ, അത് വിഷക്കൂണായിരുന്നെങ്കിലോ? ചിലപ്പോൾ ആശുപത്രിയിലെത്താം, ചിലപ്പോൾ ജീവൻതന്നെ നഷ്ടപ്പെടാം.

പിന്നീട് എ.ഐയോട്, 'നീ കഴിക്കാമെന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാൻ ഇത് കഴിച്ചത്, ഇപ്പോൾ ഒരാൾ മരിച്ചുപോയി' എന്ന് ചോദിച്ചാൽ ലഭിക്കുന്ന മറുപടി ഒരുപക്ഷേ ഒരു ക്ഷമാപണമായിരിക്കും. ഉണ്ടായ തെറ്റിന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള പതിവ് മറുപടി!

ഇവിടെയാണ് നാം ചിന്തിക്കേണ്ടത്. ഒരു തെറ്റായ മറുപടി നൽകാൻ എ.ഐക്ക് ഏതാനും സെക്കൻഡുകൾ മതി. എന്നാൽ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് മനുഷ്യനാണ്.

 

ഒരു ചോദ്യം ചോദിക്കുമ്പോൾ സംഭവിക്കുന്നത്​?

ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ചാറ്റ്ബോട്ടുകളുടെ പിന്നിൽ പ്രവർത്തിക്കുന്നത് വലിയ ഭാഷാ മാതൃകകളാണ്. പുസ്തകങ്ങൾ, ലേഖനങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങി വലിയ അളവിലുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഇവയെ പരിശീലിപ്പിക്കുന്നത്. ഈ പരിശീലനത്തിലൂടെ വാക്കുകൾ തമ്മിലുള്ള ബന്ധം, വാക്യഘടന, ഭാഷയുടെ സന്ദർഭം തുടങ്ങിയവ തിരിച്ചറിയാൻ അവ പഠിക്കുന്നു.

നമ്മൾ ഒരു ചോദ്യം നൽകുമ്പോൾ അതിലെ വാക്കുകളും സന്ദർഭവും വിശകലനം ചെയ്ത് മറുപടിയിൽ അടുത്തതായി വരാൻ സാധ്യതയുള്ള ഭാഗം പ്രവചിക്കുകയാണ് ഇവ ചെയ്യുന്നത്. ഇതിനെ അടുത്ത ടോക്കൺ പ്രവചിക്കൽ എന്നു പറയാം. ഒരു ടോക്കൺ എന്നത് പൂർണമായ വാക്കോ വാക്കിന്‍റെ ഭാഗമോ ഒരു ചിഹ്നമോ ആകാം.

അങ്ങനെ ഓരോ ഘട്ടത്തിലും അടുത്ത ടോക്കൺ പ്രവചിച്ചുകൊണ്ടാണ് മറുപടി രൂപപ്പെടുന്നത്. അതുകൊണ്ട് എ.ഐ മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ മാത്രം എടുത്തുനൽകുന്ന ഒരു സംവിധാനമല്ല. ലഭിച്ച നിർദേശത്തിനും സന്ദർഭത്തിനും അനുസരിച്ച് പുതിയ മറുപടി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഈ പ്രക്രിയ മനുഷ്യന്‍റെ ചിന്തയുമായി പൂർണമായി ഒരുപോലെയല്ല. മനുഷ്യനെപ്പോലെ അനുഭവങ്ങളിലൂടെയും ബോധത്തിലൂടെയും കാര്യങ്ങൾ മനസ്സിലാക്കുന്ന ഒന്നായി എ.ഐയെ കാണാനാവില്ല.

സെക്കൻഡുകൾക്കുള്ളിൽ ഈ മറുപടി എങ്ങനെ?

നമ്മൾ ചോദ്യം അയച്ചുകഴിഞ്ഞാൽ വിശകലനവും മറുപടി രൂപപ്പെടുത്തലും അതിവേഗം നടക്കുന്നു. ഇതിന് പിന്നിൽ ശക്തമായ കമ്പ്യൂട്ടർ സംവിധാനങ്ങളും വലിയ അളവിലുള്ള കണക്കുകൂട്ടലുകളും പ്രവർത്തിക്കുന്നുണ്ട്.

എ.ഐ മോഡലുകളുടെ പ്രവർത്തനത്തിൽ കോടിക്കണക്കിന്, ചിലപ്പോൾ അതിലേറെ, ക്രമീകരിക്കാവുന്ന ഘടകങ്ങളായ പാരാമീറ്ററുകൾ പങ്കുവഹിക്കുന്നു. പരിശീലനത്തിലൂടെ ക്രമീകരിക്കപ്പെടുന്ന ഈ ഘടകങ്ങളാണ് വിവരങ്ങൾ തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങൾ തിരിച്ചറിയാൻ മോഡലുകളെ സഹായിക്കുന്നത്.

വലിയ തോതിലുള്ള കണക്കുകൂട്ടലുകൾ വളരെ വേഗത്തിൽ നടത്താൻ കഴിയുന്ന പ്രത്യേക കമ്പ്യൂട്ടർ ചിപ്പുകളും ഡാറ്റാ സെന്‍ററുകളുമാണ് ഈ പ്രവർത്തനത്തിന് കരുത്തേകുന്നത്.

എന്നാൽ വേഗതയും കൃത്യതയും രണ്ടാണ്. സെക്കൻഡുകൾക്കുള്ളിൽ മറുപടി ലഭിച്ചു എന്നതുകൊണ്ട് അതിലെ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പിക്കാനാവില്ല.

അറിയാത്ത കാര്യങ്ങൾക്കും മറുപടി!

എഐയുടെ ഏറ്റവും ശ്രദ്ധിക്കേണ്ട പരിമിതികളിലൊന്നാണിത്. ചിലപ്പോൾ ലഭ്യമായ വിവരങ്ങൾ അപൂർണമാകാം. അത്തരം സന്ദർഭങ്ങളിൽ അറിയില്ലെന്ന് തുറന്നുപറയുന്നതിനുപകരം വിശ്വസനീയമെന്ന് തോന്നുന്ന മറുപടി നിർമിച്ചേക്കാം.

ഇതുവരെ റിലീസ് ചെയ്യാത്ത ഒരു സിനിമയെക്കുറിച്ച് വിശദമായ നിരൂപണം എഴുതാൻ ആവശ്യപ്പെട്ടാൽ ചിലപ്പോൾ എ.ഐ അതും ചെയ്തെന്നുവരാം! സിനിമയുടെ കഥ, അഭിനയം, സംഗീതം എന്നിവയെല്ലാം വിലയിരുത്തി മനോഹരമായൊരു നിരൂപണം തയ്യാറാക്കിയേക്കാം. എന്നാൽ ആ സിനിമയുടെ യഥാർഥ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഈ വിലയിരുത്തലുകൾ വെറും സങ്കൽപ്പങ്ങളായിരിക്കും. സിനിമ കണ്ടിട്ടില്ലെങ്കിലും കണ്ടതുപോലെ എഴുതാൻ അതിന് കഴിയും.

ഇത് സിനിമയുടെ കാര്യത്തിൽ മാത്രമല്ല. ഒരിക്കലും നടക്കാത്ത കോടതി വിധികളും നിലവിലില്ലാത്ത നിയമപരമായ ഉദ്ധരണികളും യഥാർഥമെന്ന മട്ടിൽ എ.ഐ നൽകിയ സംഭവങ്ങളുമുണ്ട്. നമ്മളിത്​ തെറ്റാണെന്ന്​ കണ്ടുപിടിച്ച്​ പറഞ്ഞാൽ ‘ക്ഷമിക്കണം’ എന്നുപറഞ്ഞ്​ തടിതപ്പുകയും ചെയ്യും.

2023-ൽ അമേരിക്കയിൽ നടന്ന 'മാറ്റ വേഴ്സസ് ഏവിയാങ്ക' എന്ന കേസാണ് ഇതിന് ശ്രദ്ധേയമായ ഉദാഹരണം. ഒരു വിമാനക്കമ്പനിക്കെതിരായ കേസിൽ ഹർജി തയ്യാറാക്കാൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയ അഭിഭാഷകർ നിലവിലില്ലാത്ത കോടതി വിധികളും വ്യാജ ഉദ്ധരണികളും കോടതിയിൽ സമർപ്പിച്ചു. പിന്നീട് ഇവ വ്യാജമാണെന്ന് കണ്ടെത്തുകയും അഭിഭാഷകർക്ക് പിഴ ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരികയും ചെയ്തു.

ഇത്തരം തെറ്റായ വിവരങ്ങൾ ശരിയെന്ന മട്ടിൽ അവതരിപ്പിക്കുന്ന പ്രവണതയ്ക്കാണ് സാങ്കേതികമായി 'ഹാലൂസിനേഷൻ' എന്നു പറയുന്നത്. വ്യക്തമായ ഭാഷയും ആത്മവിശ്വാസമുള്ള അവതരണവും കാണുമ്പോൾ വായിക്കുന്നയാൾക്ക് വിശ്വാസ്യതയെക്കുറിച്ച് സംശയം തോന്നിയേക്കില്ല.

ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കണം. എ.ഐ മനഃപൂർവം കള്ളം പറയുന്നതല്ല. തെറ്റായ വിവരത്തെപ്പോലും ശരിയെന്നു തോന്നിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ അതിന് കഴിയും എന്നതാണ് പ്രശ്നം.

 

നാം വിചാരിക്കുന്നതും എഐ തരുന്നതും!

എഐയുടെ പരിമിതികൾ എഴുത്തിൽ മാത്രമല്ല, നമ്മൾ ചിത്രങ്ങളോ പോസ്റ്ററുകളോ രൂപകൽപ്പന ചെയ്യാൻ പ്രോംപ്റ്റുകൾ നൽകുമ്പോഴും വ്യക്തമാകാറുണ്ട്.

നമ്മൾ മനസ്സിൽ കാണുന്ന ഒരു ചിത്രം അല്ലെങ്കിൽ പോസ്റ്റർ ഡിസൈൻ അതേപടി എ.ഐയോട് ചോദിച്ചാൽ പലപ്പോഴും ഉദ്ദേശിച്ച രൂപത്തിലോ ഭാവത്തിലോ ആയിരിക്കില്ല അത് ലഭിക്കുന്നത്. ചിലപ്പോൾ മുഖം മാറിപ്പോകാം, അക്ഷരങ്ങൾ തെറ്റായി വരാം, പശ്ചാത്തലം മാറിപ്പോകാം. നമ്മൾ പ്രത്യേകം ആവശ്യപ്പെട്ട നിറങ്ങൾ പോലും മറ്റൊരു രീതിയിൽ വന്നെന്നുവരാം.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

മനുഷ്യ ഭാവനയെയും സങ്കീർണമായ ആശയങ്ങളെയും അക്ഷരങ്ങളിലൂടെ പൂർണമായി വ്യാഖ്യാനിക്കാൻ എ.ഐക്ക് എല്ലായ്പ്പോഴും കഴിയണമെന്നില്ല. നമ്മൾ നൽകുന്ന നിർദേശങ്ങളിലെ അവ്യക്തത ഒരു കാരണമാണെങ്കിലും, പരിശീലനരീതിയും മോഡലിന്‍റെ പരിമിതികളും ഓരോ തവണയും ഫലം വ്യത്യാസപ്പെടാനുള്ള സാധ്യതയും ഇതിൽ പങ്കുവഹിക്കുന്നു.

എന്താണ് പരിഹാരം?

1. കൃത്യമായ വിശദാംശങ്ങൾ നൽകുക: വെറുതെ ഒരു പോസ്റ്റർ എന്ന് പറയുന്നതിനുപകരം അതിന്‍റെ നിറം, സ്റ്റൈൽ, പശ്ചാത്തലം, ലൈറ്റിങ്ങ്​, ചിത്രത്തിലെ വസ്തുക്കളുടെ സ്ഥാനം എന്നിവ വ്യക്തമായി വിവരിച്ച് നിർദേശം നൽകുക.

2. ഘട്ടംഘട്ടമായി മാറ്റുക: ഒറ്റയടിക്ക് മികച്ച ചിത്രം കിട്ടിയില്ലെങ്കിൽ ലഭിച്ച ചിത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് വീണ്ടും തിരുത്തലുകൾ ആവശ്യപ്പെടുക. ആവശ്യമെങ്കിൽ ഒന്നിലധികം തവണ മാറ്റങ്ങൾ വരുത്താം.

3. എഐയുടെ സ്വഭാവം തിരിച്ചറിയുക: പഴയ സിരി പോലെയുള്ള കമാൻഡ് അധിഷ്ഠിത സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇന്നത്തെ ജനറേറ്റീവ് എ.ഐ. നമ്മൾ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് ഫലം സൃഷ്ടിക്കുമ്പോഴും അതിന്‍റെ ഓരോ വിശദാംശവും പൂർണമായി നിയന്ത്രിക്കാൻ എല്ലായ്പ്പോഴും കഴിയണമെന്നില്ല.

സിരി മുതൽ ആധുനിക എ.ഐ വരെ; മാറ്റങ്ങളുടെ വഴിയിൽ

തുടക്കത്തിൽ ലളിതമായ വോയ്‌സ് കമാൻഡുകൾ മാത്രം സ്വീകരിച്ചിരുന്ന സിരി പോലുള്ള അസിസ്റ്റന്‍റുകൾ ഇന്ന് വലിയൊരു മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ജനറേറ്റീവ് എ.ഐയുടെ വരവോടെ ആപ്പിൾ 'ആപ്പിൾ ഇന്‍റലിജന്‍റ്​സ്​' അവതരിപ്പിക്കുകയും സിരിയിലേക്ക് ചാറ്റ്ജിപിറ്റി ഉൾപ്പെടെആധുനിക എ.ഐ മോഡലുകളുടെ സഹായം ലഭ്യമാക്കുകയും ചെയ്തു. ഇതിലൂടെ കൂടുതൽ സങ്കീർണചോദ്യങ്ങൾക്കും ചിത്രങ്ങളെയും രേഖകളെയും അടിസ്ഥാനമാക്കിയുള്ള ചില ആവശ്യങ്ങൾക്കും മറുപടി തേടാൻ കഴിയും.

2026-ൽ ആപ്പിൾ പുതിയ 'സിരി എ.ഐ' സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്വാഭാവിക സംഭാഷണം, സന്ദർഭം മനസ്സിലാക്കൽ, വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട സഹായം തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന സവിശേഷതകൾ. എന്നാൽ പുതിയ സൗകര്യങ്ങളെല്ലാം എല്ലാ ഉപകരണങ്ങളിലും ഭാഷകളിലും ഒരുപോലെ ലഭ്യമല്ല. ലഭ്യത സോഫ്റ്റ്‌വെയർ പതിപ്പിനെയും രാജ്യത്തെയും ഉപകരണത്തെയും ആശ്രയിച്ചിരിക്കുന്നു.

പഴയ സിരിയിൽനിന്ന് ഇന്നത്തെ എ.ഐ അസിസ്റ്റന്‍റുകളിലേക്കുള്ള യാത്ര സാങ്കേതികവിദ്യ എത്ര വേഗത്തിലാണ് മാറുന്നതെന്ന് വ്യക്തമാക്കുന്നു. പക്ഷേ, സാങ്കേതികവിദ്യ എത്ര വളർന്നാലും അതിന്‍റെ മറുപടികൾ പരിശോധിക്കേണ്ട ഉത്തരവാദിത്തം മനുഷ്യനുതന്നെയാണ്.

എഐ വന്നതോടെ മനുഷ്യന്‍റെചിന്താശേഷിയുടെ പ്രസക്തി കുറഞ്ഞുവെന്ന് കരുതുന്നവരുണ്ട്. എന്നാൽ യഥാർഥത്തിൽ അതിന്‍റെ പ്രാധാന്യം മറ്റൊരു രീതിയിൽ വർധിക്കുകയാണ്.

ഏത് ആവശ്യത്തിന് ഏത് ഉപകരണം ഉപയോഗിക്കണം, എങ്ങനെ ചോദ്യം തയ്യാറാക്കണം, ലഭിക്കുന്ന മറുപടിയിലോ ചിത്രത്തിലോ എന്തൊക്കെ തിരുത്തണം എന്നെല്ലാം തീരുമാനിക്കുന്നത് മനുഷ്യനാണ്.

ഒരു ലേഖനം തയ്യാറാക്കാൻ എ.ഐയുടെ സഹായം തേടാം. എന്നാൽ അതിൽ നൽകിയിരിക്കുന്ന കണക്കുകളും പേരുകളും സംഭവങ്ങളും ശരിയാണോ എന്ന് പരിശോധിക്കണം. ഒരു ചിത്രം സൃഷ്ടിക്കാൻ എ.ഐയെ ഉപയോഗിക്കാം. എന്നാൽ അതിലെ ആശയവും ഭാവവും കൃത്യമായി അവതരിപ്പിക്കാൻ മനുഷ്യഭാവനയും ഇടപെടലും ആവശ്യമാണ്.

എല്ലാ കാര്യങ്ങളും എ.ഐയെക്കൊണ്ട് ചെയ്യിച്ച് ലഭിക്കുന്ന മറുപടി അതേപടി പകർത്തുന്ന ശീലം വളർന്നാൽ സ്വന്തം ചിന്താശേഷി ഉപയോഗിക്കാനുള്ള അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തുന്നത്.

എ.ഐ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

എഐയുടെ മറുപടികളിൽ തെറ്റുകൾ വരാൻ സാധ്യതയുണ്ടെങ്കിൽ എങ്ങനെ അതിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം?

  • പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുമ്പോൾ അവയുടെ ഉറവിടങ്ങൾ ചോദിക്കുക. എന്നാൽ എ.ഐ നൽകുന്ന ലിങ്കുകളും റഫറൻസുകളും യഥാർഥമാണെന്ന് ഉറപ്പുവരുത്തണം.
  • ആരോഗ്യപരമായ കാര്യങ്ങൾ, നിയമം, സാമ്പത്തിക തീരുമാനങ്ങൾ, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ എ.ഐയുടെ മറുപടി മാത്രം ആശ്രയിക്കരുത്.
  • പഴയ വാർത്തകളും പുതിയ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടാകാം. അതിനാൽ വിവരങ്ങളുടെ തീയതിയും പ്രസക്തിയും പരിശോധിക്കണം.
  • സ്വകാര്യ വിവരങ്ങൾ, പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ അനാവശ്യമായി എ.ഐ സംവിധാനങ്ങളുമായി പങ്കുവയ്ക്കരുത്.
  • സംശയമുള്ള കാര്യങ്ങളിൽ വിശ്വസനീയമായ ഔദ്യോഗിക സ്രോതസ്സുകളെയോ ബന്ധപ്പെട്ട വിദഗ്ധരെയോ സമീപിക്കുക.

പ്രത്യേകിച്ച് നേരത്തെ പറഞ്ഞ കൂണി​ന്‍റെ കാര്യം തന്നെ എടുക്കാം. ഒരു കൂൺ ഭക്ഷ്യയോഗ്യമാണോ എന്ന് ചിത്രത്തിന്‍റെ അടിസ്ഥാനത്തിലുള്ള എ.ഐ മറുപടി മാത്രം ഉപയോഗിച്ച് തീരുമാനിക്കരുത്. കൂണുകളുടെ ഇനങ്ങൾ തമ്മിൽ കാഴ്ചയിൽ വലിയ സാമ്യമുണ്ടാകാം. തെറ്റായ തിരിച്ചറിയൽ ഗുരുതര വിഷബാധയ്ക്കും മരണത്തിനുപോലും കാരണമാകാം. വിദഗ്ധരുടെ പരിശോധനയില്ലാതെ അജ്ഞാത കൂൺ ഭക്ഷിക്കരുത്. പൊതുവായ എല്ലാ കാര്യത്തിലും ഇതേ ജാഗ്രത പുലർത്തുകയാണ്​ പോംവഴി. നിർമിത ബുദ്ധിയും മനുഷ്യന്‍റെ പ്രാക്ടിക്കൽ നോളജും തമ്മിൽ നല്ല വ്യത്യാസമുണ്ടാകും എന്നത്​ എല്ലായ്​പ്പോഴും ഓർമയുണ്ടായിരിക്കണം.

എ.ഐ ഇത്ര ഭീകരനാണോ?

എ.ഐയെ ആശ്രയിക്കുന്നത് തെറ്റല്ല. പഠനത്തിനും ജോലിക്കും വിവരശേഖരണത്തിനും ചിത്രരചനക്കും ആശയങ്ങൾ കണ്ടെത്താനുമെല്ലാം അതൊരു വലിയ സഹായമാണ്. എന്നാൽ ലഭിക്കുന്ന ഓരോ മറുപടിയും ചിത്രവും കണ്ണുമടച്ച് വിശ്വസിക്കുന്നതാണ് പ്രശ്നം.

സാങ്കേതികവിദ്യ മനുഷ്യന്‍റെ ജോലികൾ എളുപ്പമാക്കാനാണ്, മനുഷ്യന്‍റെ ചിന്തക്ക്​ പകരമാകാനല്ല. എ.ഐ തരുന്ന മറുപടി രണ്ടുതവണ പരിശോധിക്കാൻ മറക്കരുത്.

കാരണം, എ.ഐക്ക് തെറ്റുപറ്റിയാൽ ഒരു ക്ഷമാപണത്തിൽ കാര്യം അവസാനിച്ചേക്കാം. എന്നാൽ ആ തെറ്റിൽ വിശ്വസിച്ച മനുഷ്യന് സംഭവിക്കുന്ന നഷ്ടം അങ്ങനെയല്ലല്ലോ!

Tags:    
News Summary - AI's Confidence vs. Human Trust: The Hidden Truth of Generative AI & Hallucinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.