ഇന്‍റര്‍നെറ്റ് ബഹിരാകാശത്തുനിന്ന്; സ്വപ്നപദ്ധതിയുമായി യു.എസ് കമ്പനി

വാഷിങ്ടണ്‍: കടലിനടിയിലൂടെ ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വലിച്ച കാബ്ളുകള്‍ വഴി ലഭ്യമാകുന്ന ഇന്‍റര്‍നെറ്റ് സേവനം പഴങ്കഥയാവുമോ? ചെലവു കുറഞ്ഞ 4000 കൊച്ചു കൃത്രിമ ഉപഗ്രഹങ്ങളുടെ ശൃംഖല വഴി ലോകം മുഴുക്കെ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയെന്ന സ്വപ്നപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് റോക്കറ്റ് സാങ്കേതികതയിലെ അതികായരായ സ്പേസ് എക്സാണ്. ടെലിവിഷന്‍ സംപ്രേഷണം പോലെ, നഗരവും ഗ്രാമവുമെന്ന വ്യത്യാസമില്ലാതെ ലോകത്തിന്‍െറ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ അനുമതി തേടി യു.എസ് സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്.


90കള്‍ മുതല്‍ ബില്‍ഗേറ്റ്സ് ഉള്‍പ്പെടെ ഈ രംഗത്തെ അതികായര്‍ സ്വപ്നംകണ്ടിരുന്ന പദ്ധതിയാണ് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ലോകം മുഴുക്കെ ഇന്‍റര്‍നെറ്റ് സേവനം നല്‍കല്‍. പക്ഷേ, സ്വന്തമായി റോക്കറ്റും ഉപഗ്രഹങ്ങളുമില്ളെന്നതുള്‍പ്പെടെ തടസ്സങ്ങള്‍ പലതു മുന്നില്‍ വന്നതോടെ ഇവര്‍ പിന്മാറി. ഇവയെല്ലാം സ്വന്തമായുള്ള, ആവശ്യാനുസരണം നിര്‍മിക്കാന്‍ ശേഷിയുള്ള സ്പേസ് എക്സിനാകട്ടെ സര്‍ക്കാര്‍ അനുമതി മാത്രമാണിപ്പോള്‍ തടസ്സം. ബഹിരാകാശത്ത് പതിവ് ഉപഗ്രഹങ്ങളുടെ അത്ര ദൂരത്തിലല്ലാതെയാവും സ്പേസ് എക്സ് ഉപഗ്രഹ ശൃംഖല പ്രവര്‍ത്തിക്കുക. ഭൂമിയെ വലയംചെയ്ത് നില്‍ക്കുന്ന ഇവ പരസ്പരം സിഗ്നലുകള്‍ കൈമാറിയാകും ഏറ്റവും മികച്ച സേവനം ഉറപ്പാക്കുക. 


ലോകം മുഴുക്കെ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ 50 കോടി ഡോളര്‍ (3191.5 കോടി രൂപ) ചെലവില്‍ ഉപഗ്രഹ ദൗത്യം ഫേസ്ബുക് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്തിടെ ഉപേക്ഷിച്ചു. സമാന പദ്ധതികളുമായി വിര്‍ജിന്‍ അറ്റ്ലാന്‍റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണും രംഗത്തുണ്ടെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായിട്ടില്ല. ലൈറ്റ് സ്ക്വയേഡ് എന്ന കമ്പനി മൂന്നു വര്‍ഷം മുമ്പു നടത്തിയ ചുവടുവെപ്പുകളും മുന്നോട്ടുപോയില്ല. എന്നാല്‍, യു.എസിലെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമീഷനെ സമീപിച്ച സ്പേസ് എക്സ് അടുത്ത വര്‍ഷം പരീക്ഷണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. വിജയമായാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണാര്‍ഥത്തില്‍ ലോകത്ത് ഉപഗ്രഹങ്ങളില്‍നിന്ന് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകും. സ്പേസ് എക്സിന്‍െറ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ചാവും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. ഇവയെ നിയന്ത്രിക്കാന്‍ മൂന്നു നിലയങ്ങളും സ്ഥാപിക്കും. ഉപഗ്രഹങ്ങളില്‍നിന്ന് ഇന്‍റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുന്ന അപൂര്‍വം ചില കമ്പനികള്‍ നേരത്തേയുണ്ടെങ്കിലും പരിമിതമായ ഉപയോഗമാണ് അവയുടെ വെല്ലുവിളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.