ന്യൂഡൽഹി: ഒക്ടോബറിൽ ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളാൻ തയാറെടുക്കുന്ന ഇന്ത്യക്ക് കായികരംഗത്ത് ഇനി തിരക്കിന്റെ നാളുകൾ. ദേശീയ ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, അത്ലറ്റിക്സ് താരങ്ങളെല്ലാം വിവിധ മത്സരങ്ങൾക്കായി വിദേശത്തേക്ക് പറക്കാനിരിക്കുകയാണ്. ചൈനയിലെ ഹാങ്ഷുവിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസാണ് ഇതിൽ പ്രധാനം. ക്രിക്കറ്റ് ലോകകപ്പിനും ഏഷ്യാഡിനും മുമ്പ് നടക്കുന്ന സുപ്രധാന ലോക ചാമ്പ്യൻഷിപ്പുകൾ ഇവയാണ്.
(ആഗസ്റ്റ് 19-27, ബുഡാപെസ്റ്റ്-ഹംഗറി)
ഹംഗറിയിലെ ബുഡാപെസ്റ്റിൽ ആഗസ്റ്റ് 19ന് ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 28 അംഗ ഇന്ത്യൻ സംഘമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ തവണത്തെ വെള്ളി മെഡൽ ജേതാവും ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യനുമായ നീരജ് ചോപ്ര സംഘത്തെ നയിക്കും. ഏഷ്യൻ ഗെയിംസിൽ വലിയ പ്രതീക്ഷ പുലർത്തുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് ലോകോത്തര താരങ്ങളുമായി ഏറ്റുമുട്ടാനുള്ള അവസരം കൂടിയാണിത്.
(ആഗസ്റ്റ് 21-27, കോപൻഹേഗൻ -ഡെന്മാർക്)
ഡെന്മാർക്കിലെ കോപൻഹേഗനിൽ ആഗസ്റ്റ് 21നാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വലിയ നേട്ടങ്ങൾ സ്വപ്നം കാണുന്നുണ്ട്. വനിത സിംഗ്ൾസിൽ ഇരട്ട ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധുവിന്റെ ഫോമില്ലായ്മ അലട്ടുമ്പോഴും പുരുഷന്മാരിൽ എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ തുടങ്ങിയവരും ഡബ്ൾസിൽ സാത്വിക് സായ് രാജ് രാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മെഡൽ പ്രതീക്ഷയിലാണ്.
(സെപ്റ്റംബർ 4-17, റിയാദ്-സൗദി അറേബ്യ)
ഇത്തവണത്തെ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് റിയാദിൽ സെപ്റ്റംബർ നാലിന് തുടങ്ങും. 2024 പാരിസ് ഒളിമ്പിക്സിന്റെ യോഗ്യത മത്സരം കൂടിയാണിത്. ഒളിമ്പിക് വെള്ളി മെഡൽ ജേത്രി മീരാബായ് ചാനു (49 കി.ഗ്രാം), കോമൺവെൽത്ത് ചാമ്പ്യൻസ് സ്വർണ ജേത്രി ബിന്ദ്യാറാണി ദേവി (55 കി.ഗ്രാം) എന്നിവർ വനിതകളിലും കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ അജിന്ത ഷിവൂലി (73 കി.ഗ്രാം), നാരായണ അജിത് (73 കി.ഗ്രാം), ശുഭം ടോഡ്കർ (67 കി.ഗ്രാം) എന്നിവർ പുരുഷന്മാരിലും ഇന്ത്യയെ പ്രതിനിധീകരിക്കും.
(സെപ്റ്റംബർ 16-24, ബെൽഗ്രേഡ്, സെർബിയ)
താരങ്ങളുടെ പ്രക്ഷോഭത്തെയും ട്രയൽസ് വിവാദത്തെയും തുടർന്ന് കലുഷിതമായ ഇന്ത്യൻ ഗുസ്തിക്ക് ഉണർവിനുള്ള അവസരം കൂടിയാണ് സെപ്റ്റംബർ 16ന് സെർബിയയിലെ ബെൽഗ്രേഡിൽ തുടങ്ങുന്ന ലോക ചാമ്പ്യൻഷിപ്. പിന്നാലെ ഏഷ്യൻ ഗെയിംസും തുടങ്ങുന്നതിനാൽ വ്യത്യസ്ത ടീമുകളെ അയക്കാനായിരുന്നു നേരത്തേ ചർച്ചയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.