പുരുഷ ലോങ്ജംപ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്ന
ജെസ്വൻ ആൽഡ്രിൻ
ബുഡപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആശ്വാസവും നിരാശയും. പുരുഷ ലോങ്ജംപിൽ ജെസ്വിൻ ആൽഡ്രിൻ ഫൈനലിൽ കടന്നപ്പോൾ കഴിഞ്ഞ തവണത്തെ ഏഴാം സ്ഥാനക്കാരനായ എം. ശ്രീശങ്കർ യോഗ്യതറൗണ്ടിൽ പുറത്തായി. എട്ടു മീറ്റർ ചാടി 12ാമനായാണ് ജെസ്വിൻ വ്യാഴാഴ്ചത്തെ മെഡൽപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ശ്രീശങ്കർ 7.74 മീറ്ററിൽ 22ാമനായി. യോഗ്യതറൗണ്ടിൽ 8.15 മീറ്റർ ചാടുന്നവർക്കോ ആദ്യ 12 സ്ഥാനക്കാർക്കോ ആയിരുന്നു ഫൈനൽ പ്രവേശനം. വേൾഡ് ലീഡോടെ ജമൈക്കയുടെ വെയ്ൻ പിന്നോക് (8.54) ഒന്നാം സ്ഥാനത്തെത്തി.
ആദ്യ ശ്രമത്തിലെ എട്ടു മീറ്ററാണ് ജെസ്വിനെ ഫൈനലിലേക്കു കടത്തിയത്. മറ്റു രണ്ടു ശ്രമങ്ങൾ ഫൗളായി. ഗ്രൂപ് ബിയിൽ ആറാമനായി തമിഴ്നാട് സ്വദേശി. 7.74, 7.66, 6.70 എന്നിങ്ങനെയായിരുന്നു മലയാളിയായ ശ്രീശങ്കറിന്റെ പ്രകടനം. ഗ്രൂപ് ബിയിൽ 12ാമനായാണ് പാലക്കാട്ടുകാരൻ ഫിനിഷ് ചെയ്തത്.
കഴിഞ്ഞ വർഷം ജെസ്വിൻ യോഗ്യതറൗണ്ടിൽ പുറത്തായിരുന്നു. സീസണിൽ ലോകത്തെത്തന്നെ മികച്ച ആദ്യ രണ്ടു പ്രകടനക്കാരായാണ് ജെസ്വിനും (8.42) ശ്രീശങ്കറും (8.41) ബുഡപെസ്റ്റിലെത്തിയത്. ഇത് ആവർത്തിച്ചിരുന്നുവെങ്കിൽ ആദ്യ മൂന്നിലുൾപ്പെട്ട് ഫൈനലിൽ പ്രവേശിക്കാമായിരുന്നു ഇരുവർക്കും. ഇന്നത്തെ ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷ ജെസ്വിനിൽ മാത്രമൊതുങ്ങി. പക്ഷേ, മെഡൽ ലഭിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം.
അതേസമയം, വനിത ജാവലിൻത്രോയിൽ ഒളിമ്പ്യൻ അന്നു റാണിയും 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജിയും ആദ്യ റൗണ്ടിൽ പുറത്തായി. 57.05 മീറ്ററായിരുന്നു മികച്ച പ്രകടനം. ഗ്രൂപ് എയിൽ 11ാം സ്ഥാനത്തായി അന്നു. ഹീറ്റ്സ് മത്സരം 13.05 സെക്കൻഡിൽ പൂർത്തിയാക്കിയ ജ്യോതി, 29ാം സ്ഥാനത്തായതിനാൽ സെമിഫൈനലിൽ കടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.