മാന്യന്മാരുടെ കളി നിയന്ത്രിക്കാന്‍  മാനക്കേട് ഏറെ സഹിക്കണോ..? 

മാന്യന്മാരായ കളിക്കാര്‍ മാറ്റുരക്കുന്ന കളിയാണ് ക്രിക്കറ്റ് എന്നാണ് പൊതുവില്‍ പറയാറുള്ളത്. എന്നാല്‍ കളിയുടെ സൗന്ദര്യത്തില്‍ കാണുന്ന കുലീനത കളിക്കാരുടെ പെരുമാറ്റത്തില്‍ ഇല്ലാതായാലോ.? അതിന്‍െറ പരിണിത ഫലം ബ്രിട്ടനിലെ പോര്‍ട്ട്സ്മൗത്ത് സര്‍വകലാശല നടത്തിയ പഠനം കണ്ടത്തെിയിരിക്കുകയാണ്. കളിക്കാര്‍ക്കൊപ്പം ഗ്യാലറിയും കളി തുടരുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ പിന്നീട് ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും വരെ വഴിതെളിയിച്ച സംഭവങ്ങള്‍ നിരവധി തവണ നാം കേട്ടതാണ്. ഫുട്ബോള്‍ ആരാധകരുടെ അതിരുവിട്ട ഫുട്ബോള്‍ ഭ്രാന്താണ് കളിയുടെ ഗതി തന്നെ മാറ്റമറിക്കുന്ന തരത്തിലുള്ള സംഭവങ്ങളിലേക്കു നയിച്ചിട്ടുള്ളത്. ഗ്രൗണ്ട് കയ്യേറിയും ഗ്യാലറിയില്‍ തീയിട്ടും റഫറിമാരെ ആക്രമിച്ചും കളി തടസ്സപ്പെടുത്തുന്ന ഫുട്ബോള്‍ ഭ്രാന്തിനു സമാനമായ സംഭവങ്ങളാണ് ഇംഗ്ളീഷ് ക്ളബ്ബ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.


ക്രിക്കറ്റിന്‍െറ ജന്മദേശമായ ഇംഗ്ളണ്ടിലെ പകുതിയിലേറ അമ്പയര്‍മാരും കളിക്കാരുടെ പരസ്യമായ അപമാനത്തിനും രൂക്ഷമായ അധിക്ഷേപങ്ങള്‍ക്കും മോശമായ പെരുമാറ്റങ്ങള്‍ക്കും ഇരയാകേണ്ടി വന്നവരാണെന്നാണ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരിക്കുന്നത്. കുലീനരായ കളിക്കാരുടെ പെരുമാറ്റം ഇത്രകണ്ടു മോശമായിത്തീര്‍ന്നത് ഇപ്പോഴാണെന്നും അടുത്ത കാലങ്ങളിലാണ് കൂടുതല്‍ അധിക്ഷേപകരമായ പെരുമാറ്റങ്ങളുണ്ടായതെന്നുമാണ് സര്‍വെയില്‍ പങ്കെടുത്ത അമ്പയര്‍മാരുടെ തുറന്നു പറഞ്ഞത്. കളിയില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന അമ്പയര്‍മാര്‍ക്ക് പക്ഷെ, കളിക്കാരുടെ പുതിയ പ്രവണതയില്‍ ഒട്ടും അതിശയമില്ല, മറിച്ച് നിരാശ മാത്രമാണുള്ളത് - സര്‍വകലാശ പഠനം ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ഈ പുഴുക്കുത്തുകള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണെന്ന് കരുതി ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്, ഇംഗ്ളണ്ടിലെ ക്ളബ്ബ് ക്രിക്കറ്റ് മത്സരങ്ങളിലെ വിശേഷങ്ങളിലാണ് അമ്പയര്‍മാര്‍ ക്രൂരമായി അധിക്ഷേപിക്കപ്പെടുന്നത്. 


കളിക്കിടെ അമ്പയര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയും ക്രൗര്യം തീര്‍ത്തു
"ഒരു കളിക്കിടെ ക്ഷേഭിച്ച കളിക്കാരന്‍ എന്‍െറ ദേഹത്ത് കാര്‍ക്കിച്ചു തുപ്പി" മിക്ക മാച്ചുകളിലും നിരന്തരം പ്രശ്നങ്ങള്‍ നേരിടുന്ന ഒരു അമ്പയര്‍ സര്‍വെക്കിടയില്‍ തുറന്നു പറഞ്ഞ കാര്യങ്ങളാണിത്. ഇംഗ്ളണ്ടിലെ ക്ളബ്ബ് ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 763 അമ്പയര്‍മാരാണ് സര്‍വെയില്‍ പങ്കാളികളായത്. ഇവരില്‍ പകുതിയിലേറ പേര്‍ക്കും ക്രിക്കറ്റ് മൈതാനത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സീസണില്‍ ശരാശരി രണ്ടോ അതിലധികമോ തവണ കളിക്കാരുടെ സ്വഭാവദൂഷ്യത്താല്‍ അപമാനിതരാകേണ്ടി വന്നവരാണ് മിക്ക അമ്പയര്‍മാരും. ഓരോ രണ്ടു കളിക്കിടയിലും ഒരു അമ്പയര്‍ അപമാനിക്കപ്പെടുന്നുവെന്നാണ് ലഭിച്ച കണക്കുകള്‍ പ്രകാരം സര്‍വെ ചൂണ്ടിക്കാട്ടുന്നത്. അപമാനിതരായവരില്‍ 40 ശതമാനം പേരും അമ്പയര്‍ ജോലി തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണിപ്പോള്‍. മാത്രമല്ല ഇവരില്‍ മൂന്നു ശതമാനം പേര്‍ കളിക്കിടെ തര്‍ക്കം കാരണം കളിക്കാരുടെ ശാരീരിക ആക്രമണങ്ങള്‍ക്കും വിധേയമായവരാണ്. അമ്പയര്‍മാരെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും പുതിയൊരു ട്രെന്‍റായി മാറിയിരിക്കുകയാണെന്നാണ് സര്‍വകലാശാലയുലെ പഠനത്തിന് നേതൃത്വം നല്‍കിയ അക്കാദമിക് വിദഗ്ദനും സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ് വകുപ്പിലെ സീനിയര്‍ ലക്ചററുമായ ഡോ. ടോം വെബ്ബിന്‍െറ അഭിപ്രായം. ക്രിക്കറ്റ് പോലൊരു ഗെയിമില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് കളിക്കിടെ അമ്പയര്‍മാര്‍ കായികമായി ആക്രമിക്കപ്പൈടുകയെന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. എന്നാല്‍ അത് സംഭവിച്ചിരിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിക്കിടെയുള്ള തര്‍ക്കം വാക്കേറ്റത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 2015ല്‍ നിരവധി മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 


കളത്തിലെ കലാപക്കാരെ "കളി" പഠിപ്പിക്കും
ക്രിക്കറ്റ് മൈതാനത്ത് സ്വഭാവദൂഷ്യവും അമ്പയര്‍മാര്‍ക്കു നേരെയുള്ള കയ്യേറ്റങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ കളിനിയമങ്ങള്‍ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് നിയമാവലി തയ്യാറാക്കുന്ന മര്‍ലിബോണ്‍ ക്രിക്കറ്റ് ക്ളബ്ബ് (എം.സി.സി). കളിക്കാരുടെ ഗ്രൗണ്ടിലെ പെരുമാറ്റം അതിരുവിടാതിരിക്കാനും കളിയുടെ അന്തസത്തക്ക് കോട്ടം വരാതിരിക്കുന്നതിനും റണ്‍സ് പിഴ ഉള്‍പ്പെടെയുള്ള നടപടികളും അധിക്ഷേപം നടത്തുന്ന കളിക്കാരെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പൈടെയുള്ള പരിഷ്കരണവും നടത്താനാണ് മര്‍ലിബോണ്‍ ക്രിക്കറ്റ് ക്ളബ്ബ് തീരുമാനം. ഇതുപോലുള്ള ചില നടപടികള്‍ സ്വീകരിച്ചതിലൂടെ നല്ല ഫലമുണ്ടാക്കാന്‍ കഴിഞ്ഞതായി എം.സി.സി നിയമപരിഷ്കരണ വിഭാഗം തലവന്‍ ഫ്രേസര്‍ സ്റ്റ്യുവാര്‍ട്ട് പറഞ്ഞു. 

Tags:    
News Summary - Half of cricket umpires in UK face verbal abuse: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.