ക്ലബ്ബ്​ ഫുട്​ബോൾ പോരാട്ടങ്ങളിലൂടെ

ആവേശം വിതറി ക്ലബ്ബ്​ ഫുട്ബോള്‍ പോരാട്ടങ്ങള്‍ കനക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ പിഴക്കുന്നത് കാല്‍പന്തുകളിയുടെ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കാണ്. ലോകഫുട്ബോളിന്‍െറ പകുതിയിലധികഭാഗവും നിലകൊള്ളുന്ന യൂറോപ്യന്‍ ക്ലബ്ബ്​ പോരാട്ടങ്ങള്‍ പ്രാഥമിക വാരങ്ങള്‍ അവസാനിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് പലയിടത്തും കാല്‍വഴുതുകയാണ്. ലോകം ഉറ്റു നോക്കുന്ന സ്പെയിന്‍, ഇംഗ്ളണ്ട്,ജര്‍മനി,ഫ്രാന്‍സ്, ഇറ്റലി എന്നീ കാല്‍പന്തുകളിയിലെ വമ്പന്‍മാരുടെ നാട്ടിലെ ക്ലബ്ബ് പോരാട്ടങ്ങള്‍ വിലയിരുത്തുന്നു.

സ്പെയിന്‍: തോല്‍വിയറിയാതെ റയല്‍ മാഡ്രിഡ്

സ്പാനിഷ് നാട്ടില്‍ കാര്യങ്ങള്‍ ഏറെക്കുറേ വ്യക്തമായിരിക്കും. ബാഴ്സലോണ അല്ളെങ്കില്‍ റയല്‍ മാഡ്രിഡ്. ഈ രണ്ടില്‍ ആര് എന്ന ചോദ്യത്തിലേ അവസാനിക്കൂ. വല്ലപ്പോഴും സിമിയോണിയുടെ അത്ലറ്റിക്കോയും ചാമ്പ്യന്‍ പട്ടത്തിലേക്ക് കയറിവരും. പുതിയ സീസണ്‍ തുടങ്ങിയപ്പോള്‍ ഈ മൂന്നു ക്ളബുകളും വിജയത്തോടെ തുടങ്ങി. എന്നാല്‍ ചാംപ്യന്‍മാരായ ബാഴ്സലോണക്ക് ഒരു കളിയില്‍ ഒന്നു കാലിടറി. ഈ സീസണില്‍ മെയിന്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഡീപോര്‍ട്ടിവോ അല്‍വെയ്സിനെ വിലകുറച്ചു കണ്ടതിന് കിട്ടിയ പണിയായിരുന്നു ആ തോല്‍വി. തോല്‍വിയറിയാതെ കുതിക്കുന്ന മാഡ്രിഡ് നഗരത്തിലെ വമ്പന്‍മാര്‍ മുന്നേറുന്നുണ്ടെങ്കിലും  ഇരുവരും സമനിലക്കുരുക്കില്‍ കുരുങ്ങി. റയില്‍ മാഡ്രിഡ് രണ്ടു തവണ സമനിലയില്‍ വീണപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് അഞ്ചുകളികളില്‍ മൂന്നെണ്ണത്തിലും സമനിലയിലായി. നിലവില്‍ 14 പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തും 13 പോയിന്‍റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തു ഒമ്പതുപോയിന്‍റുമായി അത്ലറ്റിക്കോ ഏഴാം സ്ഥാനത്തുമാണ്. എല്‍ക്ളാസിക്കോയടക്കം ചാമ്പ്യന്‍മാരെ നിര്‍ണയിക്കുന്ന സുപ്രധാന മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇവിടെ ഏറക്കുറേ കലങ്ങിത്തെളിയൂ.

ചാമ്പ്യന്‍മാർക്ക്​ തോല്‍വിയോടെ തുടക്കം; ഇംഗ്ലണ്ടിൽ കാര്യങ്ങള്‍ കണ്ടറിയാം

പ്രീമിയര്‍ ലീഗില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ചാമ്പ്യരാകുന്ന ആരാണെന്ന് സീസണ്‍ കഴിയുന്നതുവരെ ഒരു സൂചനയും കിട്ടില്ല. കാരണം വേറെ ഒന്നും കൊണ്ടല്ല, മുന്‍നിര കളിക്കാരുടെ എണ്ണം ഏറെയുള്ള ബിഗ് ഫൈവേഴ്സ്് എന്നറിയപ്പെടുന്ന അഞ്ചു പ്രമുഖ ക്ളബുകള്‍. ഒപ്പം ഏതുനിമിഷവും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ചെറുകിട ടീമുകള്‍. ഏതുനിമിഷവും അത്ഭുതങ്ങള്‍ ആവോളം സംഭവിക്കുന്ന ലീഗാണിത്. ആ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ സീസണില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു കുഞ്ഞ് ടീം ചാമ്പ്യന്‍മാരായത്.

എന്നാല്‍ നിലവിലെ രാജാക്കന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിക്ക് ഈ സീസണില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. കഴിഞ്ഞ സീസണില്‍ പറ്റിയ പിഴവുകള്‍ തിരുത്തി ബിഗ് ഫൈവേഴ്സുകളായ മാഞ്ചസ്റ്റ്ര്‍ യുനൈറ്റഡ്, സിറ്റി, ആഴ്സണല്‍, ലിവര്‍പൂള്‍, ചെല്‍സി എന്നിവര്‍ വീണ്ടും വിജയ വഴിയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. നിലവില്‍ ആറു കളികള്‍ പൂര്‍ത്തിയായപ്പോള്‍ തോല്‍വിയും സമനിലകളുമില്ലാതെ 18 പോയിന്‍റുമായി സിറ്റിയാണ് ഒന്നാമത്. തെട്ടുപിറകില്‍ കഴിഞ്ഞ തവണ തലനാരിഴക്ക് നഷ്ടപ്പെട്ട കപ്പ് തിരിച്ചു പിടിക്കാന്‍ കുതിക്കുന്ന ടോട്ടനം 14 പോയിന്‍റുമായി രണ്ടാമതുണ്ട്. ആഴ്സണല്‍ മൂന്നും ലിവര്‍പൂള്‍ നാലും എവര്‍ട്ടണ്‍ അഞ്ചും സ്ഥാനത്താണ്. രണ്ടു തോല്‍വിയറിഞ്ഞ യുനൈറ്റഡ് ആറാം സ്ഥാനത്താണ്. രണ്ടു തോല്‍വിയും ഒരു സമനിലയുമായി ചെല്‍സി എട്ടാം സ്ഥാനത്തുമാണ്. നിലവിലെ ചാംപ്യന്‍മാരായ ലെയ്സാസ്റ്ററിന് ഒരു സമനിലയും മൂന്നു തോല്‍വിയുമുണ്ടായി. കനത്ത പോരാട്ടങ്ങള്‍ക്കു ഇനിയും കാത്തു നില്‍ക്കുന്ന ഫുട്ബോള്‍ ലോകത്തിന് ഇംഗ്ളണ്ടിന്‍െറ ചാംപ്യന്‍മാരെ മുന്‍കൂട്ടി സ്വപ്നം കാണാന്‍ പോലും സാധ്യമല്ളെന്നുറപ്പ്.

ജര്‍മനി: സ്ഥാനത്തിന് ഇളക്കം തട്ടാതെ ബയേണ്‍ മ്യൂണിക്ക്

ജര്‍മനിയില്‍ കാര്യങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അപൂര്‍വമായി മാത്രമേ ബയേണ്‍ മ്യൂണിക്കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടാറുള്ളൂ. കഴിഞ്ഞ നാലുവര്‍ഷമായി ജര്‍മനിയിലെ രാജാക്കന്‍മാര്‍ ഇവര്‍തന്നെയാണ്. ഇടക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കയറിവരും. 2010-11,2011-12 സീസണില്‍ ബൊറൂസിയയായിരുന്നു ചാമ്പ്യന്‍മാര്‍. ഇത്തവണ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബയേണിന് 15ഉം ബൊറൂസിയക്കു 12ഉം എന്നിങ്ങനെയാണ് പോയന്‍റ് നിരക്ക്. പെപ് ഗാര്‍ഡിയോള സ്ഥാനമൊഴിഞ്ഞതിനു ശേഷം ബയേണിനെ നയിക്കുന്നത് കാര്‍ലോ ആന്‍സലോട്ടിയാണ് എന്ന പ്രത്യേകത ഈ സീസണിനുണ്ട്. പുതിയ കോച്ചിന്‍െറ കീഴില്‍ ചെമ്പടക്ക് ചാമ്പ്യന്‍സ് ലീഗ് അടക്കം നേടാനാവുമോയെന്ന് കണ്ടറിയാം.

ഇറ്റലി: കരുത്തോടെ യുവന്‍റന്‍സ് മുന്നോട്ട്

ഇറ്റലിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവന്‍റസ് തന്നെ രാജാക്കന്‍മാര്‍. ഇക്കുറിയും മാറ്റത്തിന് സാധ്യത കുറവാണ്. യുവന്‍റന്‍സിന് വെല്ലുവിളി ഉയര്‍ത്തി നപ്പോളി തൊട്ടുപിറകിലുണ്ടെങ്കിലും ഇറ്റലി ദേശീയ ടീമിന്‍െറ നേര്‍പതിപ്പായ ഈ ടീമിനെ മറികടക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല, കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചു കൂട്ടിയ ഗോണ്‍സാലോ ഹിഗ്വെ്ന്‍ ഇക്കുറി തട്ടകം മാറി യുവന്‍റന്‍സില്‍ എത്തുകയും ചെയ്തിരിക്കുന്നു. മുന്‍ ബാഴ്സലോണാ താരം ഡാനി ആല്‍വേസും ഇത്തണ യുവന്‍റസിനു കരുത്തേകുന്നുണ്ട്. അതുകൊണ്ടുതന്നെ തിരക്കഥക്ക് ഇത്തവണയും മാറ്റമുണ്ടാവാനിടയില്ല.

ഫ്രാന്‍സില്‍ പി.എസ്.ജിക്ക് ചുവടു പിഴക്കുന്നു

കഴിഞ്ഞ നാലുവര്‍ഷം ഫ്രഞ്ച് ലീഗില്‍ രാജാക്കന്‍മാര്‍ പി.എസ്.ജി തന്നെയാണ്.  എന്നാല്‍ ഇത്തവണ പി.എസ്.ജിക്ക് തുടക്കത്തില്‍ ഒന്നു പാളി. ഏഴു കളികള്‍ കഴിഞ്ഞപ്പോള്‍ രണ്ടു കളികളില്‍ തോല്‍ക്കുകയും ഒരു കളിയില്‍ സമനിലയിലും  പെട്ട് നാലാം സ്ഥാനത്താണ്. 16 പോയിന്‍റുമായി മൊണാക്കോയാണ് ഒന്നാം സ്ഥാനത്ത്. സ്റ്റാര്‍ സ്ടൈകര്‍ ഇബ്രഹിമോവിച്ച് യുനൈറ്റഡിലേക്ക് കൂടുമാറിയതും പ്രതിരോധനിരയില്‍ നിന്നും ബ്രസീല്‍ താരം ഡേവിഡ് ലൂയിസ് പോയതും പി.എസ്.ജിയെ ബാധിക്കുന്നുണ്ടെന്നാണ് തോല്‍വികള്‍ തെളിയിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Tags:    
News Summary - club football fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.