പേസര്‍മാര്‍ കഠിനാധ്വാനികളാവണം –ജെഫ് തോംസണ്‍

കല്‍പറ്റ: കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍െറ പച്ചപ്പില്‍ തോമ്മോ ഗൗരവത്തിലാണ്. കൃത്യസമയത്ത് ഗ്രൗണ്ടിലത്തെിക്കഴിഞ്ഞാല്‍ പിന്നെ മണിക്കൂറുകളോളം ഓരോ ബൗളറും എറിയുന്ന പന്തുകള്‍ ഇമതെറ്റാതെ നിരീക്ഷിക്കുന്ന തിരക്കിലാണ് ഓസീസിന്‍െറ വിഖ്യാത പേസര്‍. കേരളത്തിന്‍െറ ആക്രമണങ്ങള്‍ക്ക് ഭാവിയില്‍ ചുക്കാന്‍ പിടിക്കേണ്ട ബൗളര്‍മാരെ കൂടുതല്‍ കരുത്തരാക്കാന്‍ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തുടങ്ങിയ ഐ.ഡി.ബി.ഐ ഫെഡറല്‍ ബൗളിങ് ഫൗണ്ടേഷന്‍െറ മുഖ്യ പരിശീലകനായാണ് ‘തോമ്മോ’ എന്ന ജെഫ് തോംസണ്‍ എത്തിയത്. ഡെന്നിസ് ലില്ലിക്കൊപ്പം 1970-80 കാലഘട്ടത്തില്‍ ഓസീസിന്‍െറ മുന്നണിപ്പോരാളിയായിരുന്നു ഈ അതിവേഗ ബൗളര്‍. ഇന്ത്യയിലെ പുതിയ ദൗത്യം, പേസ് ബൗളിങ്ങിന്‍െറ സാധ്യതകള്‍, ഡെന്നിസ് ലില്ലിയുമൊത്തുള്ള പന്തേറ് എന്നിവയെക്കുറിച്ച് പരിശീലനത്തിന്‍െറ ഇടവേളയില്‍ തോമ്മോ സംസാരിക്കുന്നു.  

യുവബൗളര്‍മാര്‍ക്കുള്ള പരിശീലന പദ്ധതികള്‍ വിശദീകരിക്കാമോ?
ബൗളര്‍മാരുടെ കഴിവും സാങ്കേതികതയും പ്രഹരശേഷിയും മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ഫാസ്റ്റ് ബൗളര്‍മാര്‍ ശാരീരികമായും മാനസികമായും കരുത്തരായിരിക്കണം. പേസ് ബൗളിങ് കഠിനജോലിയാണ്. മികച്ച ഫലം കൊയ്യണമെങ്കില്‍ പല സാഹചര്യങ്ങളുമായും പൊരുത്തപ്പെടണം. വിക്കറ്റെടുക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന ചിന്തകള്‍ മനസ്സില്‍ സജീവമായിരിക്കണം. മൂന്നാഴ്ച നീളുന്ന ക്യാമ്പിന് കഴിവുള്ള കളിക്കാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ പലരും രഞ്ജി ട്രോഫിയിലടക്കം കഴിവു തെളിയിച്ചവരാണ്. മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ പന്തെറിയുന്നവരുണ്ടെന്നത് സന്തോഷം നല്‍കുന്നു. ഇവരുടെ ടെക്നിക്കില്‍ ഗുണപരമായ മാറ്റം വരുത്തുകയാണ് വേണ്ടത്. ഭാവിയില്‍ മിക്കവരും ഏറെ മെച്ചപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്.

മികച്ച പേസ്ബൗളറുടെ വിജയരഹസ്യം?
അടങ്ങാത്ത വിജയതൃഷ്ണ ഏതൊരു പേസര്‍ക്കും അനിവാര്യമാണ്. കഴിവും പേസ് ബൗളിങ്ങിനോട് അതിയായ താല്‍പര്യവും ഉള്ളവരെയാണ് ഞങ്ങള്‍ പരിശീലിപ്പിക്കുന്നത്. മികച്ച പ്രകടനം വഴി സെലക്ടര്‍മാരുടെ ശ്രദ്ധയെ എപ്പോഴും തന്നിലേക്കാകര്‍ഷിക്കണം. ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാലും അതുതന്നെയാണ് വേണ്ടത്. ഉയരങ്ങളിലത്തൊന്‍, കഠിനാധ്വാനം ചെയ്തേ മതിയാവൂ.

ഇന്ത്യയില്‍ സെലക്ടര്‍മാരുടെ ശ്രദ്ധനേടല്‍ ദുഷ്കരമല്ളേ?
ഇന്ത്യയില്‍ കൂടുതല്‍ ടീമുകളും കൂടുതല്‍ അവസരങ്ങളുമുണ്ട്. നിങ്ങള്‍ കളിയില്‍ കേമനാണെങ്കില്‍ നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഒരുപാട് വിക്കറ്റുകളും റണ്ണുകളുമെടുക്കുന്നുവെങ്കില്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. അതോടെ പകുതി യുദ്ധം ജയിച്ചു. ബാക്കി പകുതി സെലക്ടര്‍മാരുടെയും അസോസിയേഷനുകളുടെയും ഭാഗത്താണ്.

നിങ്ങളുടെ പ്രകടനത്തില്‍ ഡെന്നിസ് ലില്ലിയുടെ സ്വാധീനം?
കളത്തിലും പുറത്തും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം ഏറെ ആക്രമണാത്മകമായാണ് പന്തെറിഞ്ഞത്. ഞാന്‍ താരതമ്യേന ശാന്തസ്വഭാവിയായിരുന്നു. എങ്കിലും ഞങ്ങള്‍ക്കിടയില്‍ ഗ്രൗണ്ടില്‍ ആരോഗ്യകരമായ മത്സരം നടന്നിരുന്നു. വിക്കറ്റ്വേട്ടയില്‍ എനിക്ക് ലില്ലിയെ പരാജയപ്പെടുത്തണമെന്ന ആഗ്രഹമായിരുന്നു. ആ മത്സരത്തില്‍ ഞാന്‍ ജയിക്കുന്നത് ലില്ലി ഇഷ്ടപ്പെട്ടിരുന്നുമില്ല. എനിക്ക് ഒറ്റ വിക്കറ്റ് പോലുമില്ലാതെ അദ്ദേഹം അഞ്ചു വിക്കറ്റെടുക്കുന്നത് എനിക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഈ മനോഭാവം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങളെ സഹായിച്ചു. ടീമിന് അതിന്‍െറ ഗുണം കിട്ടുകയും ചെയ്തിരുന്നു.       
‘പിച്ചില്‍ ചോര വീഴുന്നതു കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’ എന്ന് താങ്കള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ആ തത്ത്വത്തില്‍ വിശ്വസിക്കുന്നുണ്ടോ?
ഒരിക്കലുമില്ല. കളിക്കാര്‍ ആക്രമണ മനോഭാവം പുലര്‍ത്തണമെന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. നിങ്ങള്‍ ആരെന്ന് ബാറ്റ്സ്മാന് അറിയിച്ചുകൊടുക്കാനുള്ള ആക്രമണാത്മകതയാണു വേണ്ടത്. അതാണ് ഞങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നതും. ആക്രമണം ഒരു ബൗളറുടെ ഏറ്റവും വലിയ ആയുധമാണ്.

താങ്കളുടേതുപോലുള്ള ‘സ്ളിങ്ങിങ് സ്റ്റൈല്‍’ ആക്ഷന്‍ ബൗളര്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമാണെന്നു കരുതുന്നുണ്ടോ?
എല്ലാവര്‍ക്കും അവരവരുടേതായ ആക്ഷനുണ്ടാകും. നിങ്ങള്‍ക്ക് ആളുകളെ ഞാന്‍ ബൗള്‍ ചെയ്യുന്നതുപോലെ ചെയ്യിക്കാന്‍ പറ്റില്ല. എനിക്ക് ലില്ലി എറിയുന്നതുപോലെ എറിയാനാവില്ലല്ളോ. എന്‍െറ ആക്ഷന്‍ ഫലപ്രദമായിരുന്നോ എന്നു നിങ്ങള്‍ ചോദിച്ചാല്‍ അതേ എന്നു തന്നെയാകും എന്‍െറ ഉത്തരം. അത് ശുദ്ധവും ലളിതവും കരുത്തുറ്റതുമായിരുന്നു. അത് ഞാന്‍ തെളിയിച്ചിട്ടുമുണ്ട്.

കമ്പ്യൂട്ടര്‍ വിരുദ്ധനായിരുന്ന താങ്കള്‍ ക്രിക്കറ്റില്‍ ടെക്നോളജി ആധിപത്യം നേടുന്ന കാലത്താണ് പരിശീലകനാവുന്നത്. ഇപ്പോഴും കമ്പ്യൂട്ടറുകളെ വെറുക്കുന്നുണ്ടോ?
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇപ്പോഴും എന്നെ ബോറടിപ്പിക്കുന്നു. പുതുതലമറുയിലെ കോച്ചുമാര്‍ കമ്പ്യൂട്ടറുകളെ ഏറെ ആശ്രയിക്കുന്നുവെന്നറിയാം. വിഡിയോ ഫൂട്ടേജുകള്‍ ബൗളര്‍മാരുടെ പ്രകടനം വിലയിരുത്താന്‍ സഹായകരമാകുമെന്നത് ശരിയാണ്. എന്നാല്‍, കമ്പ്യൂട്ടറുകള്‍കൊണ്ട് കോച്ചുമാര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.

കൃഷ്ണഗിരി സ്റ്റേഡിയത്തെക്കുറിച്ച്?
മനോഹരമായ ഗ്രൗണ്ടാണിത്. ഒരിക്കലും ഇതുപോലുള്ള സ്ഥലത്ത് ഞാന്‍ ഇങ്ങനെയൊരു സ്റ്റേഡിയം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയില്‍ ഞാന്‍ കണ്ട മറ്റു ഗ്രൗണ്ടുകളെക്കാള്‍ മികച്ചതാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.