ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ യുവത്വം

മുംബൈ: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്‍െറ മകന്‍, മൂന്നുതവണ ലോക്സഭാ എം.പി, ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍, രഞ്ജി ടീം നായകന്‍, ദേശീയ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി, ബി.ജെ.പി യൂത്ത് വിങ് മേധാവി... ഈ വിശേഷണങ്ങള്‍ക്കപ്പുറം ബി.സി.സി.ഐ പ്രസിഡന്‍റിന്‍െറ പുതിയ കുപ്പായംകൂടി അനുരാഗ് ഠാകുര്‍ അണിയുമ്പോള്‍ ക്രിക്കറ്റ് ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. ചുമതലയേറ്റ ദിവസം ഠാകുര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഈ പ്രതീക്ഷകളുടെ സാക്ഷാത്കാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ രണ്ടാമത്തെ യുവ പ്രസിഡന്‍റിന്‍െറ പ്രഖ്യാപനങ്ങളിലേറെയും വൈകല്യമുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടാണെന്നതാണ് ഏറെ ശ്രദ്ധേയം.

കളത്തിനകത്ത് അത്രവലിയ താരമൊന്നുമായിരുന്നില്ല ഠാകുര്‍. ആഭ്യന്തര ക്രിക്കറ്റിലെ ആകെയുള്ള പരിചയം ഒരുകളി മാത്രമാണ്. ഈ കളിയിലാവട്ടെ, ഹിമാചല്‍ നായകന്‍െറ കുപ്പായമായിരുന്നു ഠാകുറിന്‍െറ വേഷം. കളി തോറ്റതോടെ ഠാകുറും പുറത്തായി. പിന്നീട് ശ്രദ്ധയൂന്നിയത് കളത്തിനുപുറത്തെ കളിയില്‍. പിതാവിന്‍െറ വഴിയേ നീങ്ങിയ ഠാകുര്‍ 2008ല്‍ ബി.ജെ.പി എം.പിയായി ലോക്സഭയിലത്തെി.

കഴിഞ്ഞവര്‍ഷം ജഗ്മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്ക് ഠാകുര്‍ എത്തിയത് നിരവധിപേരെ വെട്ടിനിരത്തിയാണ്. ശരദ് പവാറിന്‍െറ മുംബൈ ലോബിയെ വെട്ടിവീഴ്ത്തി സെക്രട്ടറിയായ ഠാകുര്‍ ഇപ്പോഴിതാ പ്രസിഡന്‍റ് സ്ഥാനത്തേക്കും എത്തിയിരിക്കുന്നു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഠാകുര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ സെക്രട്ടറിയായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി അജയ് ഷിര്‍കിയെ തെരഞ്ഞെടുത്തു.

പുതിയ പ്രഖ്യാപനങ്ങള്‍

  • ഇന്ത്യന്‍ ടീമിന്‍െറ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിന് പരസ്യം ചെയ്യും. ജൂണ്‍ പത്തിനുമുമ്പ് അപേക്ഷ നല്‍കുന്നവരില്‍നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കും.
  • ബി.സി.സി.ഐയുടെ പ്രവര്‍ത്തനം സുതാര്യമാക്കും.
  • വേനല്‍കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണം, സോളാര്‍ പാനല്‍ എന്നീ പദ്ധതികള്‍ക്കായി 100 കോടി ചെലവഴിക്കും.
  • അന്ധ-ബധിര ക്രിക്കറ്റര്‍മാരുടെ ഉന്നമനത്തിന് അഞ്ചുകോടി.
  • ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായി സന്തോഷ് രങ്ക്നേകറെ നിയമിച്ചു.
  • അന്താരാഷ്ട്ര മത്സരങ്ങള്‍ കാണുന്നതിന് വികലാംഗര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും 10 ശതമാനം സൗജന്യ ടിക്കറ്റുകള്‍ നല്‍കും.
  • വൈകല്യം ബാധിച്ചവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രത്യേക ഇരിപ്പിടം.
  • ക്രിക്കറ്റ് പരിശീലനത്തിന് സഹായകരമാകുന്ന വിധത്തിലുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.